| Wednesday, 9th August 2023, 4:13 pm

ഇതിഹാസമുള്ളപ്പോള്‍ ഹാലണ്ടാണ് മികച്ചതെന്ന് അംഗീകരിച്ച് തരാനാവില്ല: മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിനെക്കാള്‍ മികച്ചത് മുന്‍ ആഴ്സണല്‍ താരം തിയറി ഒന്റി ആണെന്ന് ടോട്ടന്‍ഹാം ഹോട്സപറിന്റെ മുന്‍ താരം ഡാറെന്‍ ബെന്റ്. ഹാലണ്ട് മികച്ച താരമാണെന്ന് പറയാനാകില്ലെന്നും തിയറി ഒന്റി ഇതിനെക്കാള്‍ മികവ് തെളിയിച്ചിട്ടുണ്ടെന്നും ബെന്റ് പറഞ്ഞു. ടോക്സ്പോര്‍ട്ടിനോട് സംസാരിക്കുന്നതിനിടെയാണ് ബെന്റ് തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘ഹാലണ്ട് ഒന്റിയെക്കാള്‍ മികച്ച താരമല്ല. ഒന്റിയെക്കാള്‍ കഴിവുള്ളയാളാണ് ഹാലണ്ട് എന്ന് ഇതുവരെ തോന്നിയിട്ടില്ല. ഒന്റി എങ്ങനെയായിരുന്നുവെന്ന് ആളുകള്‍ മറന്നുപോകുന്നു.

ഗോളുകളുടെ എണ്ണം മാത്രമല്ല, അസിസ്റ്റുകളുടെ കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഒന്റി തന്നെയാണ് മികച്ച താരം. അതാണ് ഞാന്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്,’ ബെന്റ് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത കളിക്കാരനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട്. ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോള്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് കഴിഞ്ഞ സമ്മര്‍ സീസണിലാണ് താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്. തുടര്‍ന്ന് മിന്നുന്ന പ്രകടനമാണ് താരം ക്ലബ്ബിനായി കാഴ്ചവെച്ചത്.

കഴിഞ്ഞ സീസണില്‍ 52 ഗോളുകളാണ് മാന്‍ സിറ്റിയുടെ ജേഴ്സിയില്‍ ഹാലണ്ടിന്റെ സമ്പാദ്യം. ഇതിനകം ടോപ് 100 സ്‌ട്രൈക്കര്‍മാരുടെ പട്ടികയില്‍ എര്‍ലിങ് ഹാലണ്ട് ഒന്നാമതെത്തിയിരുന്നു. കരിം ബെന്‍സിമ, ഹാരി കെയ്ന്‍, വിക്ടര്‍ ഒസിംഹന്‍, റോബേര്‍ട്ട് ലെവന്‍ഡോസ്‌കി, ഗബ്രിയേല്‍ ജീസസ്, റണ്ടാല്‍ കൊളോ മുവാനി, അലക്‌സാണ്ടര്‍ ഇസാക്ക്, ഡുസാന്‍ വ്‌ലാഹോവിച്, ജൊനാതന്‍ ഡേവിഡ് എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ള താരങ്ങള്‍.

Content Highlights: Darren Bent praises Thierry Henry

We use cookies to give you the best possible experience. Learn more