Football
കം ഓണ്‍!! അവനുള്ളപ്പോള്‍ ഹാലണ്ടാണ് മികച്ചതെന്ന് അംഗീകരിച്ച് തരാനാവില്ല: ഡാറെന്‍ ബെന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 29, 03:49 am
Saturday, 29th April 2023, 9:19 am

മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിനെക്കാള്‍ മികച്ചത് മുന്‍ ആഴ്‌സണല്‍ താരം തിയറി ഒന്റി ആണെന്ന് ടോട്ടന്‍ഹാം ഹോട്‌സപറിന്റെ മുന്‍ താരം ഡാറെന്‍ ബെന്റ്. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തിന് പിന്നാലെയാണ് ബെന്റിന്റെ പരാമര്‍ശം. മത്സരത്തില്‍ ആഴ്‌സണലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചിരുന്നു.

തുടര്‍ന്ന് സിറ്റിയുടെ സൂപ്പര്‍താരം ഹാലണ്ടിനെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹാലണ്ട് മികച്ച താരമാണെന്ന് പറയാനാകില്ലെന്നും തിയറി ഒന്റി ഇതിനെക്കാള്‍ മികവ് തെളിയിച്ചിട്ടുണ്ടെന്നുമാണ് ബെന്റ് പറഞ്ഞത്. ടോക്‌സ്‌പോര്‍ട്ടിനോട് സംസാരിക്കുന്നതിനിടെയാണ് ബെന്റ് തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘ഹാലണ്ട് ഒന്റിയെക്കാള്‍ മികച്ച താരമല്ല. കം ഓണ്‍! ഒന്റിയെക്കാള്‍ കഴിവുള്ളയാളാണ് ഹാലണ്ട് എന്ന് ഇതുവരെ തോന്നിയിട്ടില്ല. ഒന്റി എങ്ങനെയായിരുന്നുവെന്ന് ആളുകള്‍ മറന്നുപോകുന്നു.

ഗോളുകളുടെ എണ്ണം മാത്രമല്ല, അസിസ്റ്റുകളുടെ കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഒന്റി തന്നെയാണ് മികച്ച താരം. അതാണ് ഞാന്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്,’ ഒന്റി പറഞ്ഞു.

പ്രീമിയര്‍ ലീഗിലെ റെക്കോഡുകള്‍ തകര്‍ത്ത് കൊണ്ടിരിക്കുകയാണ് ഹാലണ്ട്. കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാക്കളായ മുഹമ്മദ് സലായുടെയും സണ്‍ ഹ്യൂങ് മിന്നിന്റെയും റെക്കോഡ് ഹാലണ്ട് ഇതിനകം മറികടന്നു.

തന്റെ 22ാം വയസില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ ഹാലണ്ട് ഈ സീസണില്‍ കളിച്ച 43 മത്സരങ്ങളില്‍ നിന്ന് 49 ഗോളുകളാണ് അക്കൗണ്ടിലാക്കിയത്. പ്രീമിയര്‍ ലീഗില്‍ കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് ഏറ്റവും ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ഹാലണ്ട് സ്വന്തമാക്കി കഴിഞ്ഞു.

Content Highlights: Darren Bent praises former Arsenal player Thierry Henry