| Thursday, 18th May 2023, 4:13 pm

ഹാലണ്ടാണ് മികച്ച താരമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അതിനെക്കാള്‍ കഴിവ് അദ്ദേഹത്തിനുണ്ട്: മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ സിറ്റിയിക്കായി മികച്ച പ്രകടനമാണ് നോര്‍വീജന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട് പുറത്തെടുക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ഇതിഹാസ താരം തിയറി ഒന്റിയെക്കാള്‍ മികച്ച താരമാകാന്‍ ഹാലണ്ടിന് സാധിക്കുമെന്ന ആരാധകരുടെ വാദത്തോട് തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് ടോട്ടന്‍ഹാം ഹോട്സപറിന്റെ മുന്‍ താരം ഡാറെന്‍ ബെന്റ്.

ഹാലണ്ടിനെക്കാള്‍ മികച്ചത് മുന്‍ ആഴ്സണല്‍ താരം തിയറി ഒന്റി ആണെന്നാണ് ബെന്റ് പറഞ്ഞത്. ഹാലണ്ട് മികച്ച താരമാണെന്ന് പറയാനാകില്ലെന്നും തിയറി ഒന്റി ഇതിനെക്കാള്‍ മികവ് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടോക്സ്പോര്‍ട്ടിനോട് നല്‍കിയ അഭിമുഖത്തിലാണ് ബെന്റ് തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘ഹാലണ്ട് ഒന്റിയെക്കാള്‍ മികച്ച താരമല്ല. കം ഓണ്‍! ഒന്റിയെക്കാള്‍ കഴിവുള്ളയാളാണ് ഹാലണ്ട് എന്ന് ഇതുവരെ തോന്നിയിട്ടില്ല. ഒന്റി എങ്ങനെയായിരുന്നുവെന്ന് ആളുകള്‍ മറന്നുപോകുന്നു.

ഗോളുകളുടെ എണ്ണം മാത്രമല്ല, അസിസ്റ്റുകളുടെ കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഒന്റി തന്നെയാണ് മികച്ച താരം. അതാണ് ഞാന്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്,’ ഒന്റി പറഞ്ഞു.

പ്രീമിയര്‍ ലീഗിലെ റെക്കോഡുകള്‍ തകര്‍ത്ത് കൊണ്ടിരിക്കുകയാണ് ഹാലണ്ട്. കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാക്കളായ മുഹമ്മദ് സലായുടെയും സണ്‍ ഹ്യൂങ് മിന്നിന്റെയും റെക്കോഡ് ഹാലണ്ട് ഇതിനകം മറികടന്നു.

തന്റെ 22ാം വയസില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ ഹാലണ്ട് ഈ സീസണില്‍ കളിച്ച 43 മത്സരങ്ങളില്‍ നിന്ന് 49 ഗോളുകളാണ് അക്കൗണ്ടിലാക്കിയത്. പ്രീമിയര്‍ ലീഗില്‍ കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് ഏറ്റവും ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ഹാലണ്ട് സ്വന്തമാക്കി കഴിഞ്ഞു.

അതേസമയം, യുവേഫ ചാമ്പ്യന്‍ ലീഗ് സെമി ഫൈനലിലെ രണ്ടാം പാദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡുമായി ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു സിറ്റിസന്‍സ് കാഴ്ചവെച്ചത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ തോല്‍പ്പിച്ച് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് സിറ്റി.

മത്സരത്തില്‍ ബെര്‍ണാഡോ സില്‍വ ഇരട്ട ഗോളുകളും മാനുവല്‍ അക്കാന്‍ജിയും ജൂലിയന്‍ അല്‍വാരസും ഓരോ ഗോള്‍ വീതവും നേടി. ജൂണ്‍ 11നാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടം നടക്കുക. ഇന്റര്‍മിലാനുമായാണ് സിറ്റി ഫൈനലില്‍ കൊമ്പുകോര്‍ക്കുക. തുര്‍ക്കിയിലെ ഇസ്താന്‍ബൂളില്‍ അറ്റാത്തുര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

Content Highlights: Darren Bent compares Erling Haaland with Thierry Henry

We use cookies to give you the best possible experience. Learn more