മത്സരയിനങ്ങൾ എന്തുമായിക്കൊള്ളട്ടെ, മിക്കവാറും എല്ലാ ചാമ്പ്യൻഷിപ്പുകളും അവസാനിക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ടീം അപ്രതീക്ഷിത കുതിപ്പിലൂടെ ഏവരെയും അമ്പരപ്പിക്കാറുണ്ട്. അവരെ ആ ചാമ്പ്യൻഷിപ്പിലെ കറുത്തകുതിരകൾ എന്നാണ് പൊതുവിൽ വിശേഷിപ്പിച്ചു പോരുന്നത്. കറുത്ത കുതിരകൾ (Dark Horses) എന്ന പ്രയോഗത്തെ നമുക്കിങ്ങനെ നിർവ്വചിക്കാം : “ഒരു മത്സരത്തിൽ പങ്കെടുക്കുന്ന പുറം ലോകത്തിന് പരിമിതമായ അറിവ് മാത്രമുള്ള ഒരു വ്യക്തി അല്ലെങ്കിൽ ടീം, പക്ഷെ ഒടുവിൽ വിജയം വരിക്കുകയോ നല്ല മുന്നേറ്റം കാഴ്ച വെക്കുകയോ ചെയ്യുന്നു”. കറുത്ത കുതിര എന്ന പ്രയോഗത്തിന്റെ ഉത്ഭവം സ്വാഭാവികമായും കുതിരപന്തയത്തിൽ നിന്നും തന്നെയാവണം. ചൂതാട്ടക്കാർക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു കറുത്ത കുതിര എല്ലാ പന്തയങ്ങളെയും തകിടം മറിച്ച് വിജയിയാവുന്നതുമായി ബന്ധപ്പെട്ട് തന്നെയാവാം ആ പ്രയോഗം ആവിർഭാവം കൊണ്ടതും. ഔദ്യോഗികമായി ആദ്യമായി കറുത്ത കുതിര എന്ന പ്രയോഗം നടത്തിയത് തന്റെ “ദ യങ് ഡ്യൂക്ക്” എന്ന നോവലിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും നോവലിസ്റ്റുമായിരുന്ന ബെഞ്ചമിൻ ഡിസ്‌റേലിയായിരുന്നു. 1930ൽ മുതൽ ഇങ്ങോട്ട് 2014 വരെ നടന്ന ഇരുപത് ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റ്കൾ ദർശിച്ച പ്രധാന കറുത്ത കുതിരകളെ ഒരിക്കൽ കൂടി നമുക്ക് ഓർമ്മിക്കാം.
ചെക്കോസ്ലോവാക്യ
ലോകകപ്പിലെ രണ്ടാം സ്ഥാനക്കാർ ആയിരുന്നുവെങ്കിലും 1962 ലോകകപ്പിൽ ഒട്ടും സാധ്യത കൽപ്പിക്കപ്പെടാതെയാണ് ചെക്ക് നിര ആദ്യ മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തിൽ സ്പെയിനിനെ തോൽപ്പിച്ച ചെക്ക് ടീം രണ്ടാം മൽസരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ തളച്ചാണ് മെക്സിക്കോയെ പിന്തള്ളി ഗ്രൂപ്പ് ഘട്ടം കടന്നത്. ക്വാർട്ടർ ഫൈനലിൽ ഹംഗറിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച ചെക്ക് നിര സെമിയിൽ യൂഗോസ്‌ലാവ്യയെ പരാജയപ്പെടുത്തി ഫൈനലിൽ എത്തിയെങ്കിലും ബ്രസീലിനോട് തോൽവി ഏറ്റുവാങ്ങി രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു.
പോർച്ചുഗൽ
1966ൽ കന്നിക്കാരായാണ് പോർച്ചുഗൽ ലോകകപ്പിനെത്തിയതെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ചു എന്ന് മാത്രമല്ല, എല്ലാ മത്സരങ്ങളിലും മൂന്ന് ഗോൾ വീതം എതിർ പോസ്റ്റിൽ അടിക്കുകയും കൂടി ചെയ്തു. ഒപ്പം 1958ലും 1962ലും തുടർച്ചയായി രണ്ട് ചാമ്പ്യൻ പട്ടവുമായി ഹാട്രിക്ക് തേടിയിറങ്ങിയ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ബ്രസീലിന് ആദ്യ റൗണ്ടിൽ തന്നെ മടക്ക ടിക്കറ്റ് കൂടി ഉറപ്പിച്ചു കൊടുത്തു പോർച്ചുഗൽ. ക്വാർട്ടറിൽ ഉത്തര കൊറിയയെ പരാജയപ്പെടുത്തിയ പോർച്ചുഗൽ സെമിയിൽ ഇംഗ്ലണ്ടിനോടാണ് പരാജയപ്പെട്ടത്. പക്ഷെ സോവിയറ്റ് യൂണിയനെ തോൽപ്പിച്ച് നേടിയ മൂന്നാം സ്ഥാനം ലോകകപ്പിലെ പോർച്ചുഗലിന്റെ ഇതു വരെയുള്ള ഏറ്റവും മികച്ച റെക്കോർഡാണ്. 9 ഗോൾ നേടി ടൂർണമെന്റിലെ ടോപ്പ് സ്കോററായ ഇതിഹാസതാരം യൂസേബിയോ ആയിരുന്നു പറങ്കികളുടെ കുതിപ്പിന് അന്ന് ചുക്കാൻ പിടിച്ചത്.
പോളണ്ട്
യോഗ്യതാമത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ സമനില പിടിച്ചാണ് 1974 ലോകകപ്പിന് പോളണ്ട് യോഗ്യത നേടിയത് എങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ അതിശയകരമായ പ്രകടനമാണ് ടീം കാഴ്ച വെച്ചത്. കരുത്തരായ അർജന്റീന, ഇറ്റലി ടീമുകളെ തോൽപ്പിച്ച പോളണ്ട് കുഞ്ഞന്മാരായ ഹെയ്‌തിയുടെ വലയിൽ ഏകപക്ഷീയമായി ഏഴ് ഗോളുകളാണ് നിറച്ചത്. രണ്ടാം റൗണ്ടിൽ സ്വീഡനെയും യൂഗോസ്‌ലാവ്യയെയും തോല്പിച്ച് പശ്ചിമ ജർമനിക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് പോളണ്ട് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിന് യോഗ്യത നേടുന്നത്. മുൻചാമ്പ്യൻസ് ആയ ബ്രസീലിനെ തോൽപ്പിച്ച് മൂന്നാം സ്ഥാനം സ്വന്തമാക്കിയ പോളണ്ട് ടീമിനായി ഏഴ് ഗോൾ നേടിയ വിംഗർ, ലാടോ ആയിരുന്നു ടൂർണ്ണമെന്റിലെ ടോപ്പ് സ്‌കോററും. അടുത്ത രണ്ടു ലോകകപ്പുകളിൽ കൂടി മികച്ച പ്രകടനം തുടരുവാനും പോളണ്ടിന് കഴിഞ്ഞു.
ബെൽജിയം
അർജന്റീനയൻ ഇതിഹാസം സാക്ഷാൽ മറഡോണയുടെ പ്രതിഭാ സ്പർശം കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ച 1986 ലോകകപ്പിൽ ആണ് ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നായ ബെൽജിയം ആദ്യമായി ശക്തമായ ഒരു മുന്നേറ്റം കാഴ്ച വെച്ചത്. പക്ഷെ സെമിയിൽ അർജന്റീനയോടും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഫ്രാൻസിനോടും പരാജയപ്പെടാനായിരുന്നു വിധി എന്നു മാത്രം. 2014 ലോകകപ്പിലെ കറുത്ത കുതിരകൾ ബെൽജിയം ആവുമെന്ന് കണക്ക് കൂട്ടപ്പെട്ടിരുന്നെങ്കിലും ക്വാർട്ടറിൽ അർജന്റീന തന്നെ വീണ്ടും വില്ലനാവുകയായിരുന്നു.
ക്രൊയേഷ്യ
1998ൽ ആദ്യ തവണ ലോകകപ്പിനിറങ്ങിയ ക്രൊയേഷ്യ മൂന്നാം സ്ഥാനം വരെ എത്തിയത് ടൂർണമെന്റിലെ ടോപ്പ് സ്‌കോറർ ആയ ടാവോർ സൂക്കേറിന്റെ ചിറകിലേറിയായിരുന്നു. ക്വാർട്ടറിൽ കരുത്തരായ ജർമനിയെ തോൽപ്പിച്ച ക്രൊയേഷ്യ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ പരാജയപ്പെടുത്തിയത് ഹോളണ്ടിനെയായിരുന്നു. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയെ 3-0ന് തോൽപിച്ച ക്രൊയേഷ്യ ഒരിക്കൽ കൂടി ലോകകപ്പിൽ കറുത്ത കുതിരകളാവുമോയെന്നാണ് ടീമിന്റെ ആരാധകർ ഉറ്റുനോക്കുന്നത്.
സേനഗൽ
2002 ലോകകപ്പിൽ ഉദ്ഘാടനമത്സരം അവസാനിച്ചത് തന്നെ ഏറ്റവും വലിയ ഞെട്ടലോടെയായിരുന്നു, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ആദ്യ തവണ ലോകകപ്പ് കളിക്കുന്ന സേനഗലിനോട് തോറ്റിരിക്കുന്നു. ഉറുഗ്വെയെയും ഫ്രാൻസിനെയും പിന്തള്ളി പ്രീ ക്വാർട്ടറിൽ എത്തിയ സേനഗൽ സ്വീഡനെ തോൽപിച്ചാണ് ക്വാർട്ടർ ഫൈനലിൽ എത്തിയത്. പക്ഷെ ക്വാർട്ടറിൽ തുർക്കിയോട് തോറ്റു പുറത്താവാൻ ആയിരുന്നു വിധി എന്നു മാത്രം.
കാമറൂൺ, റൊമേനിയ, സ്വീഡൻ, ഘാന എന്നീ ടീമുകളും വലിയ പ്രതീക്ഷയൊന്നും നൽകാതെ ലോകകപ്പിന് എത്തി, പിന്നീട് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച ടീമുകളാണ്. 1990ൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ഗ്രൂപ്പ് ഘട്ടത്തിൽ അട്ടിമറിച്ച കാമറൂൺ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നെങ്കിലും ക്വാർട്ടറിൽ പുറത്താവുകയാണ് ഉണ്ടായത്. 1994 ലോകകപ്പിൽ റൊമേനിയയ്ക്കും ക്വാർട്ടർ വരെ മാത്രമാണ് താണ്ടാൻ കഴിഞ്ഞതെങ്കിൽ സ്വീഡന് ആ വർഷം മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞു. 2010ൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയ ഘാന ആദ്യമായി ഇറങ്ങിയ 2006 ലോകകപ്പിൽ രണ്ടാം റൗണ്ടിൽ കടന്നിരുന്നു.