| Monday, 16th May 2016, 11:28 pm

ചോക്ലേറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചോക്കളേറ്റ് പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. രാത്രിയില്‍ സുഖമായി ഉറങ്ങാന്‍ ഡാര്‍ക്ക് ചോക്കളേറ്റ് നിങ്ങളെ സഹായിക്കും. എങ്ങനെയെന്നോ? ഡാര്‍ക്ക് ചോക്കളേറ്റില്‍ മഗ്‌നിഷ്യം അടങ്ങിയിട്ടുള്ളതിനാലാണിത്. മഗ്‌നിഷ്യം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ജൈവഘടികാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനം.

യു.കെയിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെയും കേംബ്രിഡ്ജ് സര്‍വകലാശാലയിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളായ ഡാര്‍ക്ക് ചോക്കളേറ്റ്, നട്‌സ്, പച്ച നിറത്തിലുള്ള ഇലക്കറികള്‍ എന്നിവ ശരീരത്തിന്റെ സര്‍ക്കാഡിയന്‍ റിഥത്തെ സഹായിക്കുന്നുവെന്ന് കണ്ടെത്തിയത്.

ഉറക്കം, ഉണരല്‍, ശരീരോഷ്മാവ് തുടങ്ങി എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളും ചിട്ടയായി നടക്കാന്‍ കാരണം ശരീരത്തിലെ ഈ ആന്തര ഘടികാരമാണ്. ജീവനുള്ളവയിലെ ക്രമമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം ഈ ജൈവഘടികാരമാണ്. നമ്മുടെ ആരോഗ്യം, രോഗങ്ങള്‍ ഇവയെയെല്ലാം ഇത് സ്വാധീനിക്കുന്നു. സൂക്ഷ്മജീവികളിലെയും വിളസസ്യങ്ങളിലെയും കോശസമൂഹങ്ങള്‍ക്ക് തുലനം വളരെ പ്രധാനമാണ്.

ഫംഗസ്, ആല്‍ഗ, മനുഷ്യകോശങ്ങള്‍ എന്നിവയില്‍ പഠനം നടത്തി. കോശങ്ങള്‍ 24 മണി ഘടികാരത്തിലൂടെ കടന്നു പോകുമ്പോള്‍, മഗ്‌നീഷ്യത്തിന്റെ സ്പന്ദനത്തിന്റെ അളവ് തന്‍മാത്ര അപഗ്രഥനത്തിലൂടെ മനസിലാക്കി.
ദിവസം മുഴുവന്‍ കോശത്തിന്റെ ഊര്‍ജം നിലനിര്‍ത്താന്‍ ഈ 24 മണിക്കൂര്‍ ഓസിലേഷന്‍ പ്രധാനമാണ്. കോശങ്ങളിലെ മഗ്‌നീഷ്യത്തിന്റെ സാനിധ്യം ഉപാപചയ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. പോഷകങ്ങളെ ഊര്‍ജ്ജമാക്കി മാറ്റുന്ന പ്രക്രിയയുടെ കാര്യക്ഷമത കൂട്ടാന്‍ മഗ്‌നീഷ്യം സഹായകമാണ്.

ക്രോണോ തെറാപ്പിയുടെ വികാസത്തിനും ശരീരത്തിന്റെ റിഥം അനുസരിച്ചുള്ള ചികിത്സയ്ക്കും പ്രത്യേക കാലത്ത് വിളവെടുക്കുന്ന വിവിധയിനം വിളകള്‍ മെച്ചപ്പെടുത്തുന്നതിനും ഈ കണ്ടുപിടിത്തം സഹായിക്കും.
മനുഷ്യന്റെ ആരോഗ്യം മുതല്‍ കാര്‍ഷികോല്‍പ്പാദനം വരെ നീളുന്ന മേഖലകളില്‍ നിരവധി ഗുണഫലങ്ങള്‍ക്ക് ഈ പഠനം വഴിതെളിക്കും. മഗ്‌നീഷ്യം അടങ്ങിയ ഡാര്‍ക്ക് ചോക്കളേറ്റ് പോലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനത്തിനു സഹായിക്കും എന്ന ഈ പഠനം നേച്ചര്‍ ജേണലില്‍ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more