|

ഒരു ഓവറില്‍ 39 റണ്‍സ്!!! ക്രിക്കറ്റില്‍ അഡ്രസ്സില്ലാത്തവന്‍ വന്ന് തകര്‍ത്ത് പോയത് സാക്ഷാല്‍ യുവരാജിന്റെ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ചരിത്രമെഴുതി സമോവന്‍ താരം ഡാരിയസ് വിസര്‍. 2026 ഐ.സി.സി ടി-20 ലോകകപ്പിനുള്ള ഏഷ്യാ പസഫിക് യോഗ്യതാ മത്സരത്തില്‍ ഓവറില്‍ ആറ് സിക്‌സര്‍ പറത്തിയാണ് ഡാരിയസ് റെക്കോഡിട്ടത്. വന്വാട്ടു ബൗളര്‍ നലിന്‍ നിപിക്കോക്കെതിരെയാണ് വിസറിന്റെ വെടിക്കെട്ട് പിറന്നത്.

സമോവന്‍ ഇന്നിങ്‌സിന്റെ 16ാം ഓവറിലാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം ഞെട്ടിയത്. 39 റണ്‍സാണ് ആ ഓവറില്‍ കുറിക്കപ്പെട്ടത്. ഇതോടെ ടി-20 ചരിത്രത്തില്‍ ഒരു ഓവറിലെ ഏറ്റവുമധികം റണ്‍സ് എന്ന നേട്ടവും പിറവിയെടുത്തു.

ഇതോടെ ഒരു ഓവറില്‍ ആറ് സിക്‌സര്‍ നേടി 36 റണ്‍സോടെ ഒന്നാമതുണ്ടായിരുന്ന യുവരാജ് സിങ്, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ദീപേന്ദ്ര സിങ് ഐറി എന്നിവരുടെ റെക്കോഡും തകര്‍ന്നു.

15ാം ഓവറില്‍ ഒരു പന്ത് ഡോട്ടായി മാറിയെങ്കിലും ആറ് സിക്‌സര്‍ തന്നെയാണ് വിസറും പറത്തിയത്. ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ ഒരു ഓവറില്‍ ആറ് സിക്‌സര്‍ നേടുന്ന നാലാമത് ബാറ്റര്‍ എന്ന നേട്ടവും വിസറിന്റെ പേരില്‍ കുറിക്കപ്പെട്ടു.

നലിന്‍ നിപിക്കോയെറിഞ്ഞ 15ാം ഓവറിലെ ആദ്യ മൂന്ന് പന്തും ഡാരിയസ് സിക്‌സറിന് പറത്തി. അടുത്ത പന്ത് നോ ബോളായപ്പോള്‍ ഓവറിലെ നാലാമത് ലീഗല്‍ ഡെലിവറിയും അതിർത്തി കടന്നു.

അഞ്ചാം പന്ത് ഡോട്ടാക്കി മാറ്റിയ നലിന്‍ ഒരു ഓവറില്‍ ആറ് സിക്‌സര്‍ എന്ന മോശം റെക്കോഡ് തന്റെ പേരില്‍ കുറിക്കപ്പെടില്ല എന്ന് ഒരു നിമിഷം ആശ്വസിച്ചു. എന്നാല്‍ സ്വന്തം പിഴവുകള്‍ അതിനേക്കാള്‍ മോശം റെക്കോഡ് തന്റെ പേരില്‍ ചാര്‍ത്തിത്തരുമെന്ന് അവന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല.

ഒറ്റ പന്ത് കൂടിയെറിഞ്ഞ് ഓവര്‍ അവസാനിപ്പിക്കാനുള്ള ശ്രമം മറ്റൊരു നോ ബോളില്‍ കലാശിച്ചു. ഫ്രീ ഹിറ്റ് ഡെലിവെറിയും നോ ബോളായി മാറി, അതാകട്ടെ ഡാരിയസ് വിസര്‍ സിക്‌സറിന് പറത്തുകയും ചെയ്തു.

View this post on Instagram

A post shared by ICC (@icc)

ഓവറിലെ അവസാന പന്തും അതിർത്തി കടന്നതോടെ ആ ഓവറില്‍ പിറന്നത് 39 റണ്‍സാണ്. ഇതോടെ അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും എക്‌സ്‌പെന്‍സീവായ ഓവര്‍ എന്ന മോശം റെക്കോഡും നലിന്റെ പേരില്‍ കുറിക്കപ്പെട്ടു.

6, 6, 6, nb, 6, 0, nb, nb6, 6 എന്നിങ്ങനെയാണ് ഓവറില്‍ ഡാരിയസ് വിസര്‍ സ്‌കോര്‍ ചെയ്തത്.

ആദ്യ മൂന്ന് ഓവറില്‍ നിന്നും 22 റണ്‍സ് മാത്രം വഴങ്ങിയ വന്വാട്ടു ബൗളര്‍ തന്റെ സ്‌പെല്‍ അവസാനിപ്പിക്കുമ്പോള്‍ ആകെ വഴങ്ങിയത് 15.25 എക്കോണമിയില്‍ 61 റണ്‍സായിരുന്നു.

അതേസമയം, മത്സരത്തില്‍ ഡാരിയസ് വിസര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 62 പന്തില്‍ 14 സിക്‌സറും അഞ്ച് ഫോറും അടക്കം 132 റണ്‍സാണ് വിസര്‍ നേടിയത്.

താരത്തിന്റെ ചെറുത്തുനില്‍പ്പാണ് സമോവയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 21 പന്തില്‍ 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കാലെബ് ജസ്മത് മാത്രമാണ് സമോവന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റൊരു താരം.

എക്‌സ്ട്രാസിലൂടെ പിറന്ന 10 റണ്‍സാണ് സമോവന്‍ ഇന്നിങ്‌സിലെ മൂന്നാമത് ഉയര്‍ന്ന സ്‌കോര്‍.

ഡാരിയസ് വിസറിന്റെ സെഞ്ച്വറി കരുത്തില്‍ സമോവ നിശ്ചിത ഓവറില്‍ 174 റണ്‍സ് നേടി.

വന്വാട്ടുവിനായി ടിം കട്‌ലര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഡാരന്‍ വോട്ടു, നലിന്‍ നിപിക്കോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. രണ്ട് സമോവന്‍ താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ ക്യാപ്റ്റന്‍ ജോഷ്വാ റാസുവാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

175 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ വന്വാട്ടുവിനായി നലിന്‍ നിപിക്കോയും ജൂനിയര്‍ കാല്‍ട്ടപൗവുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് റണ്‍സ് വഴങ്ങിയതിന്റെ പ്രായശ്ചിത്തം ചെയ്യണമെന്ന ദൃഢനിശ്ചയത്തോടെ നിപിക്കോ ഉറച്ചുനിന്നു.

ഒടുവില്‍ എട്ടാം വിക്കറ്റായി പുറത്താകുമ്പോള്‍ 52 പന്തില്‍ 73 റണ്‍സാണ് നിപിക്കോ സ്വന്തമാക്കിയത്. 23 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോഷ്വാ റാസുവാണ് രണ്ടാമത്തെ മികച്ച റണ്‍ ഗെറ്റര്‍.

ഇന്നിങ്‌സിലെ 120ാം പന്തും സമോവന്‍ ബൗളര്‍മാര്‍ എറിഞ്ഞുതീര്‍ത്തപ്പോള്‍ വിജയത്തിന് 11 റണ്‍സ് അകലെയായിരുന്നു വന്വാട്ടു.

നിലവില്‍ മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്റുമായി ഒന്നാമതാണ് സമോവ. ഒരു വിജയവുമായി മൂന്നാം സ്ഥാനത്താണ് വന്വാട്ടു തുടരുന്നത്.

Content Highlight: Darius Visser scored 39 runs in an over