ഹൈദരാബാദ്: ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം ഭയന്ന് ഹൈദരാബാദിലെ മസ്ജിദുകളും ദർഗകളും തുണി ഉപയോഗിച്ച് മറച്ചതായി റിപ്പോർട്ട്. നാളെ നടക്കുന്ന രാമനവമി ഘോഷയാത്രക്ക് മുന്നോടിയായാണ് ഇത്. സീതാരാംബാഗ് ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിക്കുന്നത്. രാത്രി 7 മണിക്ക് കോട്ടി ഹനുമാൻ വ്യാമശാല മൈതാനിയിൽ സമാപിക്കും.
രാമനവമി ഘോഷയാത്രയുടെ ഭാഗമായി രാജ്യത്ത് മുസ്‍ലിങ്ങൾക്കെതിരെ ആക്രമണങ്ങൾ കഴിഞ്ഞ വർഷം സംഭവിച്ചിരുന്നു. ഹൈദരാബാദ് ഗോഷാമഹലിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ രാജാ സിങിന്റെ നേതൃത്വത്തിൽ നടന്ന രാമനവമി റാലിയിൽ അക്രമത്തിനുള്ള ആഹ്വാനങ്ങൾ ഉയർന്നിരുന്നു.
പശ്ചിമ ബംഗാളിലെ ബാങ്കൂരിൽ രാമനവമി ഘോഷയാത്ര അക്രമാസക്തമായതിനെ തുടർന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജാഥക്കിടെ തന്റെ വാഹനത്തിന് നേരെ ഇഷ്ടിക എറിഞ്ഞെന്ന് ആരോപിച്ച കേന്ദ്രമന്ത്രി സുഭാഷ് സർക്കാർ ഇതിന് തൃണമൂൽ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തി.
മസ്ജിദുകൾക്കും മുസ്‍ലിം വ്യാപാര സ്ഥാപനങ്ങൾക്കും എതിരെ കല്ലേറും തീവയ്പും ഉണ്ടായി. ഗോവയിലും ആക്രമണങ്ങൾ ഉണ്ടായി. ഇസ്‍ലാംപുരയിലെ അൽ അഖ്സ പള്ളിയിലേക്ക് ഇഫ്താർ സമയത്ത് ഹിന്ദുത്വ ആക്രമികൾ കടന്നുകയറി പള്ളി തകർത്തതും ഈ സമയത്തായിരുന്നു.
കർണാടകയിൽ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി റായ്ച്ചൂരിലെ ഉസ്മാനിയ മസ്ജിദിനു മുന്നിൽ പ്രകോപനപരമായ ഗാനങ്ങൾ ആലപിച്ചു. ഘോഷയാത്രയിൽ പാടിയ ഗാനം യൂട്യൂബിൽ “ബനാഏംഗേ മന്ദിർ” (ക്ഷേത്രം നിർമ്മിക്കും) എന്ന പേരിൽ ഇപ്പോഴും ലഭ്യമാണ്. ബാബറി മസ്ജിദ് തകർത്തതിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ പശ്ചാത്തലത്തിൽ പ്രചരിക്കുന്നത്.
Content Highlight: dargah in hyderabad covered with cloth