|

ദര്‍ബാര്‍- തലൈവര്‍ കാക്കി വിളയാട്ടത്തില്‍...

ശംഭു ദേവ്

എ.ആര്‍ മുരുകദോസിന്റെ രജനികാന്ത് വേര്‍ഷന്‍ ആണ് ദര്‍ബാര്‍. കത്തിയ്ക്ക് ശേഷം മുരുഗദോസ് എന്ന സംവിധായകന് പറയാന്‍ പുതുമയുള്ള വിഷയങ്ങളുള്ളതായി അനുഭവപ്പെട്ടിട്ടില്ല. സര്‍ക്കാരും സ്‌പൈഡറും ഉദാഹരണങ്ങള്‍. ദര്‍ബാറും ആ ദിശയിലേക്ക് സഞ്ചരിക്കുന്ന ചിത്രമാണ്.

പ്രവചനീയമായ കഥയെ ഹരമേകാതെ പറയുന്ന മറ്റൊരു പാഴ്ശ്രമം. ഇവിടെ തലൈവര്‍ ഫുള്‍ എനര്‍ജിയിലാണ് പക്ഷെ നട്ടെല്ല് ഇല്ലാതെ പോയത് തിരക്കഥയ്ക്കാണ്. തലൈവരുടെ എനര്‍ജിയും സ്‌ക്രീന്‍ പ്രെസെന്‍സും പ്രയോജനപ്പെടുത്താന്‍ സാധ്യമാകാതെ പോകുന്ന തിരക്കഥയും കഥാ പശ്ചാത്തലവും.

മുംബൈ അധോലോകവും അത് നന്നാക്കുവാന്‍ എത്തുന്ന ശക്തനും ധീരനുമായ പോലീസ് ഉദ്യോഗസ്ഥന്‍. ഇതെല്ലാം മുന്നേ നിറയെ കണ്ടതും കേട്ടതുമാണ്. എന്നാല്‍ ഇതെല്ലാം തലൈവരുടെ ഒരു എനര്‍ജിയില്‍ കണ്ടിരിക്കാനും രസിക്കാനുമാണ് പ്രേക്ഷകന്‍ രജനികാന്ത് പടത്തിന് ടിക്കറ്റ് എടുക്കുന്നതും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രവചിക്കാന്‍ കഴിയുന്ന കഥയില്‍ തന്നെയാണ് ഫാന്‍ ബോയായ കാര്‍ത്തിക് സുബ്ബരാജ് ത്രസിപ്പിക്കുന്ന പഴയ രജനികാന്തിനെ തിരികെ നല്‍കിയതും. എന്നാല്‍ അവിടെ ശക്തമായ രസികന്‍ തിരക്കഥയും, ഒരു സംവിധായകന്റെ ക്രാഫ്ട്മാന്‍ ഷിപ്പും പ്രകടമായിരുന്നു. ദര്‍ബാറില്‍ അനിരുദ്ധിന്റെ ബി.ജി.എം മാത്രമാണ് മുഴച്ചു നില്‍ക്കുന്നത്. പിന്നെ മുഷിപ്പിക്കുന്ന ആവര്‍ത്തനവും.

ഓര്‍മിക്കുവാന്‍ ഒരു നല്ല പഞ്ച് ഡയലോഗു പോലും രജനികാന്ത് എന്ന നടനില്‍ നിന്ന് പ്രേക്ഷകന് ലഭിക്കുന്നില്ല. അത് ഒരുക്കുവാന്‍ സംവിധായകനും കഴിയുന്നില്ല. നിവേദ തോമസ്സുമായുള്ള ചില സീനുകള്‍ മാത്രമാണ് പ്രേക്ഷകന്റെ മനസ്സില്‍ എവിടെയെങ്കിലും സ്പര്‍ശിക്കുന്നതായി അനുഭവപ്പെട്ടത്.

സന്തോഷ് ശിവന്റെ ക്യാമറ അദ്ദേഹം ചെയ്തതായി അനുഭവപ്പെട്ടില്ല. അത്രയ്ക്ക് നിലവാരശൂന്യമായിരുന്നു, ഫ്രെയ്മിങ് മുതല്‍ ലൈറ്റിങ് വരെ അദ്ദേഹത്തിന്റെ ഒരു സാന്നിധ്യവും ഇല്ലായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുനില്‍ ഷെട്ടിയുടെ വില്ലന്‍ കഥാപാത്രം യാതൊരു വിധത്തിലും ചലനം സൃഷിട്ടിക്കാതെ പോയി. നയന്‍താര എന്ന നടിയെ എന്തിനോ വേണ്ടി കൊണ്ടുവന്നു, എന്തിനോ വേണ്ടി രണ്ടര മണിക്കൂര്‍ മുന്നോട്ട് കൊണ്ടുപോയി. കഥയില്‍ പറയാന്‍ തക്കവണ്ണം ഒരു പ്രാധാന്യവുമില്ല.

ഫൈറ്റ് സീനില്‍ ഒരു ഔട്ട് ആന്‍ഡ് ഔട്ട് രജനി ഷോ ചിത്രത്തില്‍ കാണാന്‍ സാധിക്കും. റെയില്‍വേ സ്റ്റേഷനില്‍ വെച്ചുള്ള ഫൈറ്റെല്ലാം ആശ്വാസം നല്‍കുന്ന മാസ്സ് രംഗങ്ങളാണ്.

WATCH THIS VIDEO:

ശംഭു ദേവ്