| Wednesday, 24th January 2024, 11:02 pm

ദര്‍ബങ്ക-ദല്‍ഹി വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദര്‍ബങ്ക-ദല്‍ഹി വിമാനത്തില്‍ ബോംബ് വെച്ചതായി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ദല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷാ നടപടികള്‍ കടുപ്പിച്ച് അന്വേഷണ ഏജന്‍സികള്‍. സ്പൈസ് ജെറ്റിനാണ് ബോംബ് വെച്ചുവെന്ന രീതിയിലുള്ള സന്ദേശം ലഭിച്ചത്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തിലും വിമാനത്താവളത്തിലും പരിശാധനകള്‍ നടത്തുകയുണ്ടായി.

കമ്പനിയുടെ റിസര്‍വേഷന്‍ ഓഫീസിലേക്കും ഭീഷണി കോള്‍ വന്നതോടെ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് യാത്രക്കരെ അതിവേഗത്തില്‍ ഇറക്കിവിടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്പൈസ് ജെറ്റ് വിമാനത്തിന് ഉണ്ടായ ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. 210 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഭീഷണിയെ തുടര്‍ന്ന് ദല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതായി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമാനം എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നെന്നും സംഭവത്തില്‍ സുരക്ഷാ ഏജന്‍സികള്‍ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2023 ഒക്ടോബറില്‍ പൂനെയില്‍ നിന്ന് 185 യാത്രക്കാരുമായി ദല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ തന്റെ ബാഗില്‍ ബോംബുണ്ടെന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കിയിരുന്നു.

Content Highlight: Darbanga-Delhi flight fake bomb threat

We use cookies to give you the best possible experience. Learn more