സിഡ്‌നി: ബലാത്സംഗക്കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയെ (Danushka Gunathilaka) ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും താരത്തെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ചയായിരുന്നു സിഡ്‌നി കോടതി ഗുണതിലകക്ക് ജാമ്യം നിഷേധിച്ചത്.
പിന്നാലെ തിങ്കളാഴ്ച രാവിലെ തന്നെയായിരുന്നു ഗുണതിലകയെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.
”ഓസ്‌ട്രേലിയയില്‍ യുവതിയെ ബലാത്സംഗം ചെയ്ത കുറ്റം ചുമത്തപ്പെട്ട് ഗുണതിലകയെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഗുണതിലകയെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്യുന്നതായി അറിയിക്കുന്നു. ഇത് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും,” ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസ്.എല്‍.സി) പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ശ്രീലങ്കയുടെ ഓപ്പണിങ് ബാറ്ററാണ് ധനുഷ്‌ക ഗുണതിലക. ടി20 ലോകകപ്പ് ഒന്നാം റൗണ്ടില്‍ ഹാംസ്ട്രിങ് പരിക്ക് മൂലം ഗുണതിലകയെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ടി-20 ലോകകപ്പിലെ ശ്രീലങ്കന്‍ ബാറ്ററായിരുന്ന ധനുഷ്‌ക ഗുണതിലകയെ ബലാത്സംഗ കേസില്‍ ഞായറാഴ്ച രാവിലെയായിരുന്നു സിഡ്നി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമയ സംഭവം നടന്നത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ഓസ്ട്രേലിയന്‍ പൗരയെ ധനുഷ്‌ക ഗുണതിലക ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി ലഭിക്കുകയായിരുന്നെന്നും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താരത്തെ അറസ്റ്റ് ചെയ്തതെന്നും ന്യൂ സൗത്ത് വെയില്‍സ് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.
”ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് നവംബര്‍ രണ്ടിന് ഗുണതിലക 29കാരിയായ ഓസ്ട്രേലിയന്‍ പൗരയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ലഭിക്കുകയായിരുന്നു.
റോസ് ബേയിലെ വീട്ടിലെത്തിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താരത്തെ അറസ്റ്റ് ചെയ്തത്,” പൊലീസ് പ്രതികരിച്ചു.
യുവതിയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്ന കുറ്റമാണ് ഗുണതിലകക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശ്രീലങ്കന്‍ ടീം താമസിച്ചിരുന്ന സിഡ്‌നിയിലെ ഹോട്ടലില്‍ എത്തിയാണ് ഗുണതിലകയെ പൊലീസ് അറസ്റ്റ് ചെയ്തത്.