| Wednesday, 29th July 2020, 7:21 pm

ശിവാജി ഗണേശന്‍, രജനികാന്ത്, ധനുഷ്; തമിഴ് സിനിമയില്‍ ഇനി കര്‍ണ്ണന്റെ വേഷമണിയുന്നത് ധനുഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചലച്ചിത്രമേഖലയ്ക്ക് ഇനിയും മടുത്തിട്ടില്ലാത്ത കഥാപത്രമാണ് കര്‍ണ്ണന്‍. അത് വീണ്ടും തെളിയിക്കുകയാണ് തെന്നിന്ത്യന്‍ സംവിധായകനായ മാരി സെല്‍വരാജ്.

അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പേരും കര്‍ണ്ണന്‍ എന്നു തന്നെയാണ്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

ചിത്രത്തിന്റെ കഥയെപ്പറ്റിയും പശ്ചാത്തലത്തെപ്പറ്റിയും യാതൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സമകാലിക പശ്ചാത്തലത്തില്‍ കര്‍ണ്ണന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാകും ചിത്രമെന്നാണ് സൂചന.

ഇതിനു മുമ്പും വെള്ളിത്തിരയില്‍ കര്‍ണ്ണന്റെ ജീവിതം പ്രമേയമായിട്ടുണ്ട്. 1964 ല്‍ പുറത്തിറങ്ങിയ മഹാഭാരതം എന്ന തമിഴ് ചിത്രത്തില്‍ കര്‍ണ്ണനായി എത്തിയത് ശിവാജി ഗണേശന്‍ ആയിരുന്നു.

അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നായിരുന്നു കര്‍ണ്ണന്‍. സാവിത്രി, മുത്തുരാമന്‍, എന്‍ടി രാമറാവു തുടങ്ങിയ വന്‍ താരനിര അണി നിരന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കര്‍ണ്ണന്റെ കാഴ്ചപ്പാടില്‍ മഹാഭാരതം എന്ന രീതിയിലായിരുന്നു ചിത്രം.

പിന്നീട് കണ്ടത് സമകാലിക പശ്ചാത്തലത്തിലെ കര്‍ണ്ണന്‍ എന്ന കഥാപാത്രങ്ങളെയാണ്. ആധുനിക പശ്ചാത്തലത്തില്‍ അങ്ങനെയൊരു കര്‍ണ്ണനെ ഒരുക്കിയത് മറ്റാരുമല്ല തെന്നിന്ത്യന്‍ ദളപതി രജനി കാന്ത് ആയിരുന്നു. 1991 ല്‍ മണിരത്‌നം സംവിധാനം ചെയ്ത ദളപതി സിനിമ മഹാഭാരത പശ്ചാത്തലത്തില്‍ കര്‍ണ്ണന്‍ എന്ന കഥാപാത്രത്തെ വീണ്ടും വെള്ളിത്തിരയിലെത്തിച്ചു.

ഇപ്പോള്‍ വീണ്ടും സമകാലിക പശ്ചാത്തലത്തില്‍ കര്‍ണ്ണന്‍ എത്തുകയാണ്. രജനികാന്തിനും, ശിവാജി ഗണേശനും ശേഷമുള്ള ധനുഷിന്റെ കര്‍ണ്ണനു വേണ്ടി ആരാധകര്‍ കാത്തിരിപ്പിലാണ്. മാരി സെല്‍വ രാജ് സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമായതിനാല്‍ ധനുഷ് ആരാധകര്‍ക്ക് പ്രതീക്ഷകളുമേറും. അദ്ദേഹത്തിന്റെ ചിത്രമായ പരിയേറും പെരുമാള്‍ അത്രയധികം നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

We use cookies to give you the best possible experience. Learn more