'മെസി ബാഴ്‌സലോണയുടെ അടുത്ത പരിശീലകനാവണം'; മുൻ ഇംഗ്ലീഷ് താരം
Football
'മെസി ബാഴ്‌സലോണയുടെ അടുത്ത പരിശീലകനാവണം'; മുൻ ഇംഗ്ലീഷ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd February 2024, 5:20 pm

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ ബാഴ്‌സലോണയുടെ അടുത്ത പരിശീലകന്‍ ആക്കണമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ലിവര്‍പൂള്‍ താരം ഡാനി മര്‍ഫി. ടോക്ക് സ്പോര്‍ട്ടിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ലിവര്‍പൂള്‍ താരം.

‘ബാഴ്‌സലോണയുടെ അടുത്ത പരിശീലകന്‍ ആവേണ്ടത് ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ മെസി എന്ന് പറയും. കാരണം അവന്‍ തൊടുന്നതെല്ലാം സ്വര്‍ണമായി മാറുന്നു. ഫുട്‌ബോള്‍ ലോകത്ത് അല്‍ഭുതകരമായ കാര്യങ്ങള്‍ ചെയ്തു കാണിക്കാനാണ് അവന്‍ ഈ ഭൂമിയില്‍ എത്തിയത്,’ ഡാനി മര്‍ഫി പറഞ്ഞു.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ നിലവില്‍ നിരാശാജനകമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കറ്റാലന്‍മാരുടെ സ്പാനിഷ് കോച്ച് സാവി ഈ സീസണ്‍ അവസാനിക്കുന്നതോടുകൂടി ബാഴ്‌സലോണയുടെ പരിശീലക സ്ഥാനത്തു നിന്നും ഒഴിയും എന്ന് നേരത്തെ അറിയിച്ചിരുന്നു.

സൂപ്പര്‍ കോപ്പ എസ്പാന ഫൈനലില്‍ ചില വൈദികളായ റയല്‍ മാഡ്രിനോട് 4-1നും കോപ്പ ഡെല്‍റെയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലെറ്റിക് ബില്‍ബാവയോട് 4-2നും ലാ ലിഗയില്‍ വിയ്യാറയലിനോട് 5-2നും ബാഴ്‌സലോണ പരാജയപ്പെട്ടിരുന്നു. ഈ തോല്‍വികള്‍ക്ക് പിന്നാലെയാണ് സാവി ക്ലബ്ബ് വിടുമെന്ന് ഞെട്ടിക്കുന്ന തീരുമാനം ഫുട്‌ബോള്‍ ലോകത്ത് മുന്നില്‍ അറിയിച്ചത്.

നിലവില്‍ ലാ ലിഗയില്‍ 22 മത്സരങ്ങളില്‍ നിന്നും 14 വിജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയും അടക്കം 47 പോയിന്റുമായി നാലാം സ്ഥാനത്താണ് ബാഴ്സലോണ.

അതേസമയം ലയണല്‍ മെസി കറ്റാലന്‍മാര്‍ക്കൊപ്പം ഒരു അവിസ്മരണീയമായ കരിയര്‍ ആണ് കെട്ടിപ്പടുത്തുയര്‍ത്തിയത്. ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങളില്‍ നിന്നും 672 ഗോളുകളാണ് മെസി നേടിയത്. ബാഴ്സയുടെ 35 കിരീടങ്ങളിലാണ് മെസി പങ്കാളിയായത്.

എന്നാല്‍ ബാഴ്‌സലോണയോടൊപ്പം ഉള്ള 21 വര്‍ഷത്തെ നീണ്ട കരിയര്‍ അവസാനിപ്പിച്ച് 2021ലാണ് മെസി ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് ചേക്കേറുന്നത്. പാരീസില്‍ രണ്ടുവര്‍ഷം പന്ത് തട്ടിയ മെസി പിന്നീട് മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമില്‍ ചേരുകയായിരുന്നു.

തന്റെ അരങ്ങേറ്റ സീസണ്‍ തന്നെ അമേരിക്കന്‍ ക്ലബ്ബിനൊപ്പം അവിസ്മരണീയമാക്കാന്‍ അര്‍ജന്റീനന്‍ സൂപ്പര്‍താരത്തിന് സാധിച്ചിരുന്നു. 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും ആണ് മെസി ഇന്റര്‍ മയാമിക്കായി നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ മയാമി സ്വന്തമാക്കിയിരുന്നു.

Content Highlight: Danny Murphy talk Lionel Messi became the next Barcelona manager.