യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടണമെങ്കില്‍ പി.എസ്.ജി നിലവിലെ കോച്ചായ ക്രിസ്റ്റഫ് ഗാള്‍ട്ടിയറിനെ മാറ്റണമെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഡാനി മില്‍സ്. ലയണല്‍ മെസിയെയും കിലിയന്‍ എംബാപ്പെയെയും പോലെ രണ്ട് സൂപ്പര്‍താരങ്ങള്‍ ക്ലബ്ബിലുണ്ടായിട്ടും പി.എസ്.ജിക്ക് ചാമ്പ്യന്‍സ് ലീഗ് നേടാനാകുന്നില്ലെങ്കില്‍ അതിന് കാരണം കോച്ചിന്റെ പരിശീലന പിഴവ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഗാള്‍ട്ടിയറിന് പകരക്കാരനായി ഡീഗോ സൈമണിനെയോ ഹോസെ മൊറീഞ്ഞോയെയോ ക്ലബ്ബിലെത്തിക്കുന്നത് നന്നാകുമെന്നും മില്‍സ് നിര്‍ദേശിച്ചു. ടോക് സപോര്‍ട് (talkSPORT) നോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘പി.എസ്.ജിക്ക് ചാമ്പ്യന്‍സ് ലീഗ് നേടണമെന്നുണ്ടെങ്കില്‍ ഒന്നെങ്കില്‍ ഡീഗോ സൈമണിനെയോ അല്ലെങ്കില്‍ ഹോസെ മൊറീഞ്ഞോയെയോ ക്ലബ്ബിലെത്തിക്കുന്നതാകും നല്ലത്. ഇവരിലൊരാളെ ജോലി ഏല്‍പ്പിച്ചാല്‍ നല്ല വൃത്തിക്ക് കാര്യം ചെയ്‌തോളും.
ഹോസെ മൊറീഞ്ഞോ ഉണ്ടാക്കിയെടുത്ത ടീമിന് രണ്ട് സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായിട്ടുണ്ട്. താരങ്ങളെയെല്ലാം ഒത്തിണക്കി മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ഈ രണ്ട് കോച്ചുമാരും അവരുടെ കരിയറില്‍ സക്‌സസ്ഫുള്‍ ആണ്.
ഇങ്ങനെയുള്ള കോച്ചിനെയാണ് പി.എസ്.ജിക്ക് ഇന്നാവശ്യം. ടീമുകളെ ഒരുപോലെ മെരുക്കിയെടുത്ത്, താരങ്ങള്‍ക്കിടയിലെ ഈഗോയും വഴക്കുകളുമെല്ലാം പരിഹരിക്കാനാകണം ഒരു പരിശീലകന്,’ മില്‍സ് പറഞ്ഞു.
അതേസമയം, മെസിയുടെയും എംബാപ്പെയുടെയും പ്രകടനത്തില്‍ താന്‍ നിരാശനാണെന്നും യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നാണംകെട്ട തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയതെന്നും മില്‍സ് പറഞ്ഞു.
Content Highlights: Danny Mills blast PSG for not winning champions league