ഡാനിഷ് ഇല്ലാത്ത കാലത്ത് രാഷ്ട്രീയ ദുരന്തങ്ങളെ നാം കൂടുതല്‍ വിശദീകരിക്കേണ്ടി വരും
Danish Siddiqui
ഡാനിഷ് ഇല്ലാത്ത കാലത്ത് രാഷ്ട്രീയ ദുരന്തങ്ങളെ നാം കൂടുതല്‍ വിശദീകരിക്കേണ്ടി വരും
ശ്രീജിത്ത് ദിവാകരന്‍
Friday, 16th July 2021, 4:42 pm

അഡ്നാന്‍ ആബിദിക്കൊപ്പം പുലിറ്റ്സര്‍ സമ്മാനം കിട്ടിയപ്പോഴാണ് ഡാനിഷ് സിദ്ദീഖിയുടെ പേര് ശ്രദ്ധിക്കുന്നത്. കുറേ കാലം ദല്‍ഹിയില്‍ ജേണലിസ്റ്റായി ജീവിച്ചാല്‍ ആബിദിയെ കാണാതിരിക്കാനോ പരിചയപ്പെടാതിരിക്കാനോ പറ്റില്ല. കഴുത്തില്‍ മിക്കവാറും ഹിര്‍ബാവി കാഫിയ എന്ന അറേബ്യന്‍ ഷാളും മുഖത്ത് തെളിഞ്ഞ ചിരിയും അസാധ്യമായ ഊര്‍ജ്ജവുമായി മിക്കവാറും വാര്‍ത്താമേഖലകളില്‍ ആബിദിയെ കാണും.

എത്ര ആദ്യം നമ്മളെത്തിയിട്ടുണ്ട് എന്ന് കരുതിയാലും അതിലും മുന്നേ ആബിദി എത്തിയിട്ടുണ്ടാകും. ആബിദി അവിടെ എത്താന്‍ വൈകുന്നുണ്ടെങ്കില്‍ അതിനൊറ്റ അര്‍ത്ഥമേ ഉള്ളൂ, ഇതിലും പ്രധാനപ്പെട്ട വാര്‍ത്ത സംഭവിക്കുന്ന മറ്റൊരിടം ഉണ്ട്. ഭീകരവാദികള്‍ സംഝോധ എക്സ്പ്രസ് സ്ഥോടനത്തില്‍ തകര്‍ത്ത രാത്രിയ്ക്ക് ശേഷമുള്ള പ്രഭാതത്തില്‍ റിപ്പോര്‍ട്ടര്‍മാര്‍ അവിടെയെത്തുമ്പോഴേയ്ക്കും ആദ്യ റൗണ്ട് ഫോട്ടോകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമൊപ്പം ആബിദി ദല്‍ഹിയിലേയ്ക്ക് തിരിച്ചിരുന്നുവെന്ന് തോന്നുന്നു. റോയിട്ടേഴ്സിന്റെ ഐഡന്റിറ്റി കാര്‍ഡും പല ലെന്‍സുകളും കാഫിയയ്ക്കൊപ്പം അയാളുടെ കഴുത്തിനെ ചുറ്റി എപ്പോഴും കിടന്നിരുന്നു.

അഡ്നാന്‍ ആബിദി

ആബിദിക്കൊപ്പം പുലിറ്റ്സര്‍ സമ്മാനം കിട്ടിയപ്പോഴാണ് 2015-ല്‍ നേപ്പാള്‍ ഭൂകമ്പകാലത്ത് കാഠ്മണ്ഡുവില്‍ നിന്ന് ഡാനിഷ് എടുത്ത ഫോട്ടോകള്‍ ശ്രദ്ധേയമായിരുന്നത് എന്നോര്‍ത്തത്. കാഠ്മണ്ഡുവില്‍ അന്ന് ഒന്ന് രണ്ട് ഹോട്ടലുകളേ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്നത് കൊണ്ട് തന്നെ മിക്കവാറും ജേണലിസ്റ്റുകള്‍ ഒരേ ഹോട്ടലില്‍ ആയിരുന്നു. ഒരു ദുരന്തഭൂമിയില്‍ അസാധ്യമായ വേഗതയോടെ തളര്‍ച്ചകളില്ലാതെ ഓടുന്ന സഞ്ചരിച്ചുകൊണ്ടിരുന്ന ഫോട്ടോഗ്രാഫേഴ്സിന്റെ കൂട്ടത്തില്‍ ഡാനിഷും ഉണ്ടായിരുന്നിരിക്കണം.

ഡാനിഷ് സിദ്ദീഖി

തുടര്‍ന്ന് ഈ മേഖലയിലെ രാഷ്ട്രീയ-സാമൂഹിക ചലനങ്ങള്‍ മുഴുവന്‍ ഡാനിഷ് സിദ്ദീഖിയുടെ ക്യാമറയിലൂടെയായിരുന്നുവെന്ന് തോന്നുന്നു ലോകം കണ്ടത്. മ്യാന്‍മറില്‍ നിന്നുള്ള രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പ്രയാണമാകട്ടെ, പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള മനുഷ്യരുടെ ചെറുത്തുനില്‍പ്പാകട്ടെ, കോവിഡ് കാലത്തെ ദുരിത ജീവിതമാകട്ടെ, ഈ കാലഘട്ടം ഓര്‍ത്ത് വയ്ക്കുന്ന മുഴുവന്‍ ഫോട്ടോകളും ഡാനിഷ് സിദ്ദീഖിയെടുത്തതാണ്. മ്യാന്‍മെര്‍-ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശങ്ങളില്‍ താവളമടിച്ച്, പാലായനം ചെയ്യുന്ന രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം, അഡ്നാന്‍ ആബിദിക്കൊപ്പം ഡാനിഷ് പകര്‍ത്തി. ആ ചിത്രങ്ങളാണ് ഇരുവര്‍ക്കും പുലിറ്റ്സര്‍ പുരസ്‌കാരം നേടിക്കൊടുത്തതും.

ഡാനിഷ് സിദ്ദീഖി പുലിറ്റ്‌സര്‍ പ്രൈസ് നേടിയ മ്യാന്‍മറില്‍ നിന്നുള്ള ഫോട്ടോ

മുഴുവന്‍ സമയ ന്യൂസ് ഫോട്ടോഗ്രാഫിയിലേയ്ക്ക് തിരിയുന്നതിന് മുമ്പ് കുറച്ച് കാലം റ്റെലിവിഷന്‍ ജേണലിസ്റ്റായും ഡാനിഷ് ജോലി ചെയ്തിട്ടുണ്ട്. വീഡിയോ അല്ല സ്റ്റില്‍ ഫോട്ടോഗ്രാഫിയാണ് തന്റെ വഴിയെന്ന് ഡാനിഷ് പിന്നീട് മനസിലാക്കി. ഡല്‍ഹിയിലെ കോവിഡ് കാലത്ത് ആസ്പത്രികളും മോര്‍ച്ചറികളും ശ്മശാനങ്ങളും കേന്ദ്രീകരിച്ചായിരുന്നു ഡാനിഷ് ജോലി ചെയ്തത്. ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ അത്രയും വാര്‍ത്ത ഒബ്സെഷനുള്ള, വാര്‍ത്ത സെന്‍സുള്ള ഒരു ജേണലിസ്റ്റ് വര്‍ഗ്ഗവും ഉണ്ടാകില്ല.

എത്രയെഴുതിയാലും ലോകത്തിന് മനസിലാകാത്ത ദുരന്തമാണ് കൂട്ടശവസംസ്‌കാരങ്ങളുടെ, ശ്മശാനത്തില്‍ ഒരുമിച്ച് കത്തുന്ന ചിതകളുടെ ഒരു ഏരിയല്‍ ദൃശ്യത്തിന് എളുപ്പത്തില്‍ മനസിലാക്കികൊടുക്കാന്‍ പറ്റുക. സി.എ.എ പ്രൊട്ടസ്റ്റിനകത്തേയ്ക്ക് തോക്കും ചൂണ്ടിയിറങ്ങിയ സംഘിയെ ഫോക്കസ് ചെയ്യുമ്പോള്‍ പുറകെ ഔട്ട് ഓഫ് ഫോക്കസിലുള്ള നിസംഗരും കാണികളുമായ പോലീസ് കൂട്ടത്തിന്റെ കാവി നിറവും അവരുടെ കൂട്ടത്തില്‍ അദൃശ്യരായി നില്‍ക്കുന്ന പ്രധാന-ആഭ്യന്തരമന്ത്രിമാരെയും നമുക്ക് കൂടുതല്‍ വ്യക്തമായി കാണാം.

ദല്‍ഹിയില്‍ നിന്നും ഡാനിഷ് സിദ്ദീഖി പകര്‍ത്തിയ കൊവിഡ് വ്യാപനത്തിന്റെ രൂക്ഷ ചിത്രങ്ങളിലൊന്ന്. കടപ്പാട്: റോയിട്ടേഴ്‌സ്

ഒരു പക്ഷേ നാഥുറാം വിനായകിന്റെ തോക്കിന്റെ ചാവി കാലങ്ങള്‍ക്ക് മുമ്പേ വലിച്ച വിനായക് ദാമോദര്‍, മാധവ സാദാശിവ റാവു എന്നിവരെ ചരിത്രത്തിന്റെ അഭ്രപാളിയില്‍ നമുക്ക് കാണാന്‍ പറ്റുന്നത് പോലെ. അങ്ങനെയാണ് ഒരു നിശ്ചലദൃശ്യം ഒരു കാലത്തിന്റെ രാഷ്ട്രീയത്തെ മുഴുവന്‍ അടയാളപ്പെടുത്തുന്നത്.

ഏരിയല്‍ ദൃശ്യങ്ങളുടെ ധാരാളിത്തം ഡാനിഷിന്റെ ഫോട്ടോഗ്രാഫിയില്‍ നമുക്ക് കാണാം. ഒരുതരം സമഗ്രതയാണത്. ഒന്ന് മാത്രമായി, കറുപ്പിലും വെളുപ്പിലും മാത്രമായി കാലത്തെ ഫ്രെയ്മിലൊതുക്കാന്‍ ബുദ്ധിമുട്ടുള്ള സമയത്തെ സമഗ്രമായി കാണുന്ന വിധം. ആളി കത്തുന്ന ചിതകളില്‍ അത് നമുക്ക് കാണാം. കടലിലും കരയിലും പകുത്ത് നില്‍ക്കുന്ന രോഹിങ്ക്യല്‍ അഭയാര്‍ത്ഥികളില്‍ നമുക്കത് കാണാം. നേപ്പാളിലെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നമുക്കത് കാണാം.

പൊലീസുകാര്‍ നോക്കിനില്‍ക്കെ ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഹിന്ദുത്വപ്രവര്‍ത്തകന്‍ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യം. ഡാനിഷ് സിദ്ദീഖി പകര്‍ത്തിയത്.

ഡാനിഷിന്റെ മരണ വാര്‍ത്തകേള്‍ക്കുമ്പോള്‍ മലയാളിയെന്ന നിലയില്‍ സ്വഭാവികമായും വിക്ടര്‍ ജോര്‍ജ്ജിനെ ഓര്‍ത്തു. കോളേജ് കാലത്ത് വിടര്‍ന്ന ചിരിയുമായി ഞങ്ങളുടെ ജാഥകളില്‍, ഞങ്ങളുടെ ഉത്സവങ്ങളില്‍, ഞങ്ങളുടെ കലാമാമാങ്കങ്ങളില്‍ വലിയ ലെന്‍സും തൂക്കി നടന്നിരുന്ന വിക്ടര്‍ ജോര്‍ജ്ജിനെ. ഞങ്ങളുടെ സന്തോഷങ്ങള്‍ മാത്രമല്ല, രഹസ്യങ്ങളും അയാള്‍ പകര്‍ത്തി. ഞങ്ങളെ ഞങ്ങള്‍ മറ്റൊരു ദൃശ്യകോണിലൂടെ കണ്ടു. മത്സരം നടക്കുമ്പോള്‍ തൂണിലൂടേ സ്റ്റേജിന്റെ മുകളില്‍ വലിഞ്ഞ് കയറുന്ന ഇയാള്‍ക്ക് ഭ്രാന്താണോ എന്നത്ഭുതപ്പെട്ടു. മണ്‍സൂണ്‍ ആയിരുന്നു വിക്ടര്‍ ജോര്‍ജ്ജിനെ ഭ്രമിപ്പിച്ചത്. അതിന്റെ ഭാവങ്ങളെ പകര്‍ത്താനായി വിക്ടര്‍ പോയി.

വിക്ടര്‍ ജോര്‍ജ്‌

രാഷ്ട്രീയ സംഘര്‍ഷങ്ങളായിരുന്നു സ്വഭാവികമായും ഡാനിഷിനെ പ്രലോഭിപ്പിച്ചത്. ഈ കാലത്തെ മറ്റേത് തരത്തില്‍ അടയാളപ്പെടുത്താനാണ്. അധികാരവര്‍ഗ്ഗം ഒളിച്ച് വെയ്ക്കാന്‍ ശ്രമിച്ചത് ഡാനിഷിന്റെ ക്യാമറയിലൂടെ നമ്മള്‍ കണ്ടു. ചിതകള്‍ ചിതകള്‍ മാത്രമല്ലാതായി. ഒരു പ്രക്ഷോഭത്തെ എതിര്‍ക്കാന്‍ വരുന്ന ക്രിമിനല്‍ അയാള്‍ മാത്രമല്ലാതായി. രോഹിങ്ക്യന്‍സ് അഭയാര്‍ത്ഥികള്‍ മാത്രമല്ലാതായി.

വീ വില്‍ മിസ് ഹിം. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അയാളുടെ അഭാവം എങ്ങനെയാകുമെന്നൊന്നും പറയാന്‍ ആകില്ല. പക്ഷേ നമ്മുടെ കാലത്തിന്, രാഷ്ട്രീയത്തിന് ഡാനിഷിന്റെ അഭാവം നഷ്ടമാകും. നാം രാഷ്ട്രീയത്തെ, ദുരിതത്തെ, ദുഖങ്ങളെ, അഭാവങ്ങളെ ഇനി കൂടുതല്‍ വിശദീകരിക്കേണ്ടി വരും.

ഡാനിഷ് സിദ്ദീഖി പകര്‍ത്തിയ ചിത്രങ്ങള്‍

കടപ്പാട്: www.danishsiddiqui.net

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Danish Siddiqui memoir – Sreejith Divakaran writes

 

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.