ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഇഷാൻ കിഷനെ പോലെ സഞ്ജു സാംസണിനും ഡബിൾ നേടാൻ സാധിക്കുമെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ .
ഇന്ത്യക്കു വേണ്ടി കളിക്കാൻ മതിയായ അവസരങ്ങൾ നൽകിയാൽ സഞ്ജുവിൽ നിന്നും ഇതുപോലെയുള്ള ഇന്നിങ്‌സുകൾ കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇഷാൻ കിഷനെ പുകഴ്ത്തവെയാണ് കനേരിയയുടെ പരാമർശം.
‘ഇഷാൻ കിഷനെക്കൂടാതെ ഇന്ത്യൻ ടീമിൽ തീർച്ചയായും വേണ്ട മറ്റൊരു വിക്കറ്റ് കീപ്പർ സഞ്ജു സാംസണാണ്. ഇന്ത്യക്കു വേണ്ടി അദ്ദേഹം സ്ഥിരമായി കളിക്കുന്നതു കാണാൻ നമ്മളളെല്ലാം ആഗ്രഹിക്കുന്നു.
200 റൺസ് സ്‌കോർ ചെയ്യാനും കഴിയുന്ന ഒരു കളിക്കാരനാണ് അദ്ദേഹം. പ്രതിഭയും കഴിവുകളും അദ്ദേഹത്തിനുണ്ട്. പക്ഷെ നിങ്ങൾ കളിക്കാർക്ക് അവസരം നൽകിയാൽ മാത്രമേ അവർക്ക് റൺസ് നേടാനാകൂ,’ കനേരിയ ചൂണ്ടിക്കാട്ടി.
അതിശയിപ്പിക്കുന്ന ഇന്നിങ്‌സായിരുന്നു ഇഷാൻ കിഷന്റേതെന്നും മുംബൈ ഇന്ത്യൻസ് കഴിഞ്ഞ മെഗാ ലേലത്തിൽ ഇഷാൻ കിഷന് വലിയ തുക മുടക്കാനുള്ള കാരണവും ഇതു തന്നെയാണെന്നും കനേരിയ പറഞ്ഞു. അദ്ദേഹത്തിന്റെ കഴിവും ക്ലാസുമെല്ലാം പ്രദർശിപ്പിച്ച ഇന്നിങ്‌സായിരുന്നു ബംഗ്ലാദേശിനെതിരേ കണ്ടതെന്നും കനേരിയ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടീം 227 റൺസിന്റെ കൂറ്റൻ വിജയം കൊയ്ത മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 210 റൺസായിരുന്നു ഇഷാൻ അടിച്ചെടുത്തത്. 131 ബോളുകൾ നേരിട്ട താരത്തിന്റെ ഇന്നിങ്‌സിൽ 24 ബൗണ്ടറികളും 10 സിക്‌സറുമുൾപ്പെട്ടിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഇഷാനെയായിരുന്നു.
ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ ബെഞ്ചിലായ ശേഷം കിഷൻ മൂന്നാം മത്സരത്തിൽ 131 പന്തിൽ 210 റൺസ് അടിച്ചുകൂട്ടി. 24 ബൗണ്ടറികളും 10 സിക്സറുകളും അടങ്ങുന്ന പ്രകടനമാണ് ഓപ്പണർ പുറത്തെടുത്തത്.
126 പന്തിലായിരുന്നു താരത്തിന്റെ ഡബിൾ സെഞ്ച്വറി. ഇത് ഈ ഫോർമാറ്റിലെ അതിവേഗ ഇരട്ട സെഞ്ച്വറി കൂടിയാണ്. ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് കിഷൻ തകർക്കുകയും ചെയ്തു.
അതേസമയം ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. ന്യൂസിലൻഡിൽ നടന്ന ഇന്ത്യയുടെ ടി-20, ഏകദിന പരമ്പരകളിൽ ഒരു മത്സരം മാത്രം നൽകിയശേഷമാണ് ബംഗ്ലാദേശിനെതിരെ സഞ്ജുവിനെ പുറത്തിരുത്തിയത്. ഇത് വലിയ വിവാദത്തിനും വഴിയൊരുക്കിയിരുന്നു.
Content Highlights: Danish Kaneriya praises Sanju Samson