| Wednesday, 13th March 2024, 7:35 pm

ഇന്ത്യൻ ടീമിൽ നിന്നും അവനെ നിങ്ങൾക്ക് എങ്ങനെ അവഗണിക്കാനാവും: ചോദ്യവുമായി പാക് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ നിന്നും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കളിക്കുമോ എന്ന സംശയം വന്‍തോതില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. വിരാടിനെ ടി-20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന ശക്തമായ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരിച്ചു കൊണ്ടു മുന്നോട്ടു വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യക്ക് കോഹ്‌ലിയെ വലിയ രീതിയില്‍ ആവശ്യമുണ്ടെന്നും വിരാടിനെ എങ്ങനെ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുമെന്നുമാണ് ഡാനിഷ് പറഞ്ഞത്. ഐ.എ.എന്‍.എസ്സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ പാക് താരം.

‘കോഹ്‌ലിയെ നിങ്ങള്‍ക്ക് എങ്ങനെ അവഗണിക്കാനാവും? വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ അവന്‍ ഇന്ത്യന്‍ ടീമില്‍ ഉറപ്പായും ഉണ്ടായിരിക്കണം. അവന്‍ ഇന്ത്യക്കായി മികച്ച റണ്‍സാണ് സ്‌കോര്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ വിരാട് ഉണ്ടായിരിക്കേണ്ട സമയമാണിത്. യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനും കോഹ്‌ലിക്കൊപ്പം കളിച്ചുകൊണ്ട് മികച്ച പ്രകടനങ്ങള്‍ നടത്താനും ഇന്ത്യക്ക് സാധിക്കും. അതുകൊണ്ടുതന്നെ കോഹ്‌ലി ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരിക്കണം യാതൊരു സംശയവുമില്ല,’ ഡാനിഷ് കനേരിയ പറഞ്ഞു.

ഇന്ത്യയ്ക്കായി 117 ടി-20 മത്സരങ്ങള്‍ കളിച്ച കോഹ്‌ലി ഒരു സെഞ്ച്വറിയും 37 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 4037 റണ്‍സാണ് നേടിയിട്ടുള്ളത്.

വിരാടിന്റെ മുന്നില്‍ ഇനിയുള്ളത് ഐ.പി.എല്‍ ടൂര്‍ണമെന്റാണ്. മാര്‍ച്ച് 22 തുടങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആദ്യ മത്സരം.

ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ട് കോഹ്‌ലി ടി-20 ലോകകപ്പിലേക്ക് ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Danish Kaneria talks about Virat Kohli

We use cookies to give you the best possible experience. Learn more