പാകിസ്ഥാനെതിരെ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ഐതിഹാസികമായ വിജയമാണ് സ്വന്തമാക്കിയത്. ഇന്നിങ്‌സിനും 47 റണ്‍സിനുമാണ് ഇംഗ്ലണ്ട് ആതിഥേയരെ തകര്‍ത്തത്. മുള്‍ട്ടാനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യ ഇന്നിങ്‌സില്‍ 556 റണ്‍സ് നേടിയപ്പോള്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്താണ് ത്രീ ലയണ്‍സ് ബാറ്റിങ് അവസാനിപ്പിച്ചത്.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ വെറും 220 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ പല താരങ്ങളും പാകിസ്ഥാനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ മുന്‍ പാക് താരം ഡാനിഷ് കനേരിയയും ടീമിനെക്കുറിച്ച് സംസാരിക്കുകയാണ്.
‘പാകിസ്ഥാന്‍ ക്രിക്കറ്റ് കുഴിച്ചുമൂടപ്പെട്ടു. കളിക്കാര്‍ ഒന്നും ചെയ്തില്ല. പാകിസ്ഥാന്‍ ഇങ്ങനെയാണ് കളിക്കുന്നതെങ്കില്‍ അവര്‍ ക്രിക്കറ്റ് കളിക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് രാജ്യാന്തര ക്രിക്കറ്റിന്റെ ഭാഗമാകണമെങ്കില്‍ യുവതാരങ്ങളെ ടീമിലെത്തിക്കുക. അത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല, നിലവില്‍ അവര്‍ ഇംഗ്ലണ്ടിനെ 800 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ വരെ അനുവദിച്ചു.
എനിക്ക് പാകിസ്ഥാന്‍ കളിക്കാരെ അധിക്ഷേപിക്കണമെന്നുണ്ട്. ഞങ്ങളും പാകിസ്ഥാനുവേണ്ടി ഹോം ടെസ്റ്റ് പരമ്പരകള്‍ കളിച്ചിട്ടുണ്ട്. കൂടാതെ ഡെഡ് വിക്കറ്റുകളിലും ഞങ്ങള്‍ പന്തെറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നമ്മുടെ റിവേഴ്‌സ് സ്വിങ്ങും ബൗണ്‍സറുകളും എവിടെ?,’ ഡാനിഷ് കനേരിയ പറഞ്ഞു.
ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ ഐതിഹാസികമായ പ്രകടനം കാഴ്ചവെച്ചത് ദി ക്ലാസിക് മാന്‍ ജോ റൂട്ടും ഹാരി ബ്രൂക്കുമാണ്. റൂട്ട് 375 പന്തില്‍ നിന്ന് 262 റണ്‍സാണ് നേടിയത്. 17 ഫോറുകള്‍ അടക്കമാണ് താരം റണ്‍സ് മുന്നോട്ട് കൊണ്ട് പോകുന്നത്. താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ആറാം ഡബിള്‍ സെഞ്ച്വറിയാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.
റൂട്ടിന് കൂട്ട് നിന്ന ഹാരി ബ്രൂക്കും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 322 പന്തില്‍ നിന്ന് 29 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 317 റണ്‍സ് നേടി ട്രിപ്പിള്‍ സെഞ്ച്വറി നേടാനാണ് താരത്തിന് സാധിച്ചത്. ടെസ്റ്റില്‍ ബ്രൂക്കിന്റെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി കണ്‍വേര്‍ട്ട് ചെയ്താണ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്.
Content Highlight: Danish Kaneria Talking About Pakistan Cricket