ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തോല്‍വി. അവസാന ഇന്നിങ്‌സില്‍ 378 റണ്‍ വേണ്ടിയിരുന്ന ഇംഗ്ലണ്ട് അവസാന ദിനം ആദ്യ സെഷനില്‍ തന്നെ മത്സരം വിജയിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്‌സില്‍ മുന്‍ നായകന്‍ ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയും സെഞ്ച്വറി നേടി. ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ട മത്സരത്തില്‍ റിഷബ് പന്ത്, ജഡേജ, പൂജാര എന്നിവരാണ് ഇന്ത്യക്കായി മോശമല്ലാത്ത പ്രകടനം നടത്തിയത്.
എന്നാല്‍ മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ദാനിഷ് കനേരിയയുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണം. ഇംഗ്ലീഷ് ബൗളര്‍മാര്‍ കാര്യമായൊന്നും ചെയ്യാതെ തന്നെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ തങ്ങളുടെ വിക്കറ്റുകള്‍ അനായാസം വിട്ടുകൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
‘ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ട് നന്നായി ബാറ്റ് ചെയ്‌തെന്ന് ഇന്ത്യക്ക് അറിയാമായിരുന്നു. അവര്‍ സമര്‍ത്ഥമായി ബാറ്റ് ചെയ്യുകയും കളി കൂടുതലും മികച്ചതാക്കുകയും ചെയ്യണമായിരുന്നു,’ കനേരിയ പറഞ്ഞു.
അതോടൊപ്പം ഇന്ത്യന്‍ ബാറ്റര്‍മാരായ റിഷബ് പന്ത്, ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍ എന്നിവരെ രൂക്ഷവമായി വിമര്‍ശിക്കാനും കനേരിയ മറന്നില്ല. പൂജാരയും പന്തും ഔട്ടായ രീതി ദയനീയമായിരുന്നു എന്നാണ് കനേരിയയുടെ അഭിപ്രായം.
”ബ്രോഡിന്റെ പന്തില്‍ കട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പൂജാര ക്യാച്ച് നല്‍കി പുറത്തായത്. അങ്ങനെ പുറത്തുപോയത് ദയനീയമായിരുന്നു. റിഷബ് പന്ത് ഒരു ക്ലാസ് ബാറ്ററാണ്. മൂന്നാം ദിവസം പന്തുകള്‍ ലീവ് ചെയത് ദ്ദേഹം നന്നായി കളിച്ചു. എന്നാല്‍ വിക്കറ്റില്‍ പാച്ചുകള്‍ ഉണ്ടാകുമ്പോള്‍ ആരാണ് റിവേഴ്‌സ് സ്വീപ്പ് കളിക്കുന്നത്.\
ശ്രേയസ് അയ്യര്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെങ്കിലും ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ വളരെയധികം ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം നോക്കി അദ്ദേഹം തന്റെ വിക്കറ്റും സമ്മാനിച്ചു,’ കനേരിയ പറഞ്ഞു.
എന്നാല്‍ പൂജാരയും പന്തും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ മറ്റ് ബാറ്റര്‍മാര്‍ കാര്യമായിട്ടൊന്നും ചെയ്യാന്‍ സാധിക്കാതെ പുറത്താകുകയായിരുന്നു.