| Sunday, 19th June 2022, 4:49 pm

കീപ്പിങ് നില്‍ക്കാന്‍ പോലും അവന് വയ്യ; പന്തിനെതിരെ ആഞ്ഞടിച്ച് മുന്‍ പാകിസ്ഥാന്‍ ബൗളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയില്‍ താല്‍ക്കാലിക ക്യാപ്റ്റനായി യുവ കീപ്പറായി റിഷബ് പന്തിനെ നിയമിച്ചിരുന്നു. എന്നാല്‍ പരമ്പര തുടക്കം മുതല്‍ വിമര്‍ശനങ്ങളുടെ നടുവിലാണ് പന്ത്. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിരം കീപ്പറായ പന്ത് വളരെ മോശം ബാറ്റിങ്ങാണ് ഈ പരമ്പരയില്‍ കാഴ്ചവെക്കുന്നത്.

ആദ്യ രണ്ട് മത്സത്തിന് ശേഷം താരത്തിന്റെ ക്യാപ്റ്റന്‍സിയേയും ഒരുപാട് പേര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരം വിജയിച്ച് ടീമിനെ കോര്‍ഡിനേറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ പരമ്പരയില്‍ വളരെ മോശം ബാറ്റിങ്ങാണ് താരം കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ പന്തിനെ വിമര്‍ശിച്ചവരുടെ കൂട്ടത്തില്‍ പുതിയ ആള്‍ കൂടെ വന്നിരിക്കുകയാണ്. മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ദാനിഷ് കനേരിയയായണ് പന്തിനെ വിമര്‍ഷിച്ച് രംഗത്തത്തെയിരിക്കുന്നത്.

പന്ത് ഓവര്‍വെയിറ്റാണെന്നും ബള്‍ക്കിയാണെന്നുമാണ് കനേരിയയുടെ അഭിപ്രായം. അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെ ചോദ്യം ചെയ്യേണ്ടേ സമയം അടുത്തിരിക്കുന്നു എന്നാണ് പാക് താരം പറഞ്ഞത്. കീപ്പിങ്ങിലെ പന്തിന്റെ പോരായ്മയും കനേരിയ ചൂണ്ടികാട്ടി.

‘എനിക്ക് റിഷബ് പന്തിന്റെ കീപ്പിങ്ങിനെ കുറിച്ച് സംസാരിക്കണം. ഒരു ഫാസ്റ്റ് ബൗളര്‍ പന്തെറിയുമ്പോള്‍ അയാള്‍ കീപ്പര്‍മാര്‍ ഇരിക്കുന്നതു പോലെ കുനിഞ്ഞ് ഇരിക്കാറില്ല. അവന്‍ നില്‍ക്കുകയാണ്. ഒരു പക്ഷെ അയാള്‍ക്ക് കുറച്ച് ഭാരവും തടിയും ഉള്ളതിനാലായിരിക്കും അത് . പെട്ടെന്ന് ഉയര്‍ന്നുവരാനുള്ള വേഗത അദ്ദേഹത്തിനില്ല. അയാള്‍ കുറച്ച് താഴ്ന്ന് ഇരിക്കുന്നു, എന്നാല്‍ ശരിയായി ഇരിക്കുന്നില്ല. അത് അവന്റെ ഫിറ്റ്‌നസില്‍ അല്‍പ്പം ആശങ്ക കാണിക്കുന്നതായി ഞാന്‍ കരുതുന്നു. റിഷബ് പന്ത് പൂര്‍ണ ഫിറ്റാണോ?’ കനേരിയ പറഞ്ഞു.

കെ.എസ്. ഭരത്തിനെ പോലുള്ള കീപ്പര്‍മാരുള്ളതുകൊണ്ട് പന്ത് തന്റെ ബാറ്റിങ് ഇമ്പ്രൂവ് ചെയ്യാന്‍ ശ്രമിക്കണമെന്നും അല്ലെങ്കില്‍ വൃദ്ധമാന്‍ സാഹയെ തിരിച്ചുവിളിക്കണമെന്നും കനേരിയ പറഞ്ഞു.

‘റിഷബ് പന്ത് തന്റെ ബാറ്റിങ് ശൈലി മെച്ചപ്പെടുത്തേണ്ടതുണ്ട്. കെ.എസ്. ഭരത് ലഭ്യമാണ്, വൃദ്ധിമാന്‍ സാഹയെ ടീമിലെത്തിക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. റിഷബ് പന്തിന് ഒരു ഇടവേള നല്‍കുക,’ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം കൂട്ടിച്ചേര്‍ത്തു.

തന്റെ യൂട്യൂബ് ചാനലിലാണ് കനേരിയ പന്തിനെ വിമര്‍ശിച്ചത്.

നിലവില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി-20 പരമ്പരയില്‍ പന്ത് ബാറ്റിങ്ങില്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. നാല് മത്സരങ്ങളില്‍ നിന്ന് 14.25 ശരാശരിയില്‍ 57 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.

പ്രോപ്പര്‍ ബാറ്ററായി കളിക്കുന്ന കീപ്പര്‍ ദിനേശ് കാര്‍ത്തിക് ബാറ്റിങ്ങില്‍ വലിയ സംഭാവനകള്‍ നല്‍കുമ്പോള്‍, പന്ത് പ്രകടനം നടത്താന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിലെ അവസാന മത്സരം ഈ ഞായാറാഴ്ച്ച ബെംഗശളൂരുവില്‍ നടക്കും.

Content Highlights: Danish Kaneria slammed Rishab Pant says he is overweight and bulky

We use cookies to give you the best possible experience. Learn more