അവന്‍ ഒരു തരത്തിലും സ്ഥാനം അര്‍ഹിക്കുന്നില്ല തീരെ സ്ഥിരത ഇല്ല! ഇന്ത്യന്‍ താരത്തിനെതിരെ മുന്‍ പാക് താരം
Sports News
അവന്‍ ഒരു തരത്തിലും സ്ഥാനം അര്‍ഹിക്കുന്നില്ല തീരെ സ്ഥിരത ഇല്ല! ഇന്ത്യന്‍ താരത്തിനെതിരെ മുന്‍ പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th August 2023, 11:36 pm

 

കുറച്ചു ദിവസം മുന്നേയായിരുന്നു ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഒരു ബാക്കപ്പ് താരമടക്കം പതിനെട്ട് പേരെയാണ് ഇന്ത്യ ഏഷ്യാ കപ്പിന് അയക്കുന്നത്.

ടീമിലെ ചില താരങ്ങളെ ഉള്‍പ്പെടുത്തിയതിന്റെ പേരിലും ചില താരങ്ങളെ ഒഴിവാക്കിയതിന്റെ പേരിലും ഒരുപാട് ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇപ്പോഴിതാ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ ചഹലിനെ പുറത്താക്കിയതിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ സ്പിന്നറായ ഡാനിഷ് കനേരിയ. ചഹല്‍ ഇന്ത്യന്‍ ടീമിന്റെ നിലവിലത്തെ പ്ലാനിന് അനുയോജ്യനല്ല എന്നാണ് കനേരിയയുടെ അഭിപ്രായം.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കനേരിയ അഭിപ്രായം പങ്കിട്ടത്. ചഹലിന്റെ ബൗളിങ് ഈയിടെയായി എഫക്ടടീവല്ലെന്നും കുല്‍ദീപ് യാദവ് കുറച്ചുകൂടി സ്ഥിരതയുള്ള താരമാണെന്നും അദ്ദേഹം പറഞ്ഞു.

‘ നിലവില്‍ ചഹല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അര്‍ഹനല്ല. അദ്ദേഹം തീരെ സ്ഥിരത ഇല്ലാതെയാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ കുല്‍ദീപ് കോണ്‍സിസ്റ്റന്റാണ്, അതുപോലെ മിഡില്‍ ഓവറുകളില്‍ വളരെ എഫക്ടീവാകാനും സാധിക്കും. ചഹലിനെ ഒഴിവാക്കിക്കൊണ്ട് കുല്‍ദീപിനെ പരിഗണിച്ച സെലക്ടേഴ്‌സിന്റെ തീരുമാനം വളരെ മികച്ചതാണ്,’ കനേരിയ പറഞ്ഞു.

ഏഷ്യാ കപ്പ് ടീമില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുല്‍ദീപ് യാദവിനൊപ്പം അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയുമാണ് ടീമില്‍ ഇടംപിടിച്ച മറ്റ് താരങ്ങള്‍.

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ് കൃഷ്ണ.

റിസര്‍വ് താരം: സഞ്ജു സാംസണ്‍

Content Highlight: Danish Kaneria Says Yuzvendra Chahal doesnt deserve to be in India Team