ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഏറെ ആഘേഷിക്കപ്പെടുന്ന ഈ മത്സരം എന്ത് വിലകൊടുത്തും വിജയിക്കാനുള്ള പുറപ്പാടിലാണ് ടീം ഇന്ത്യ. എന്നാല്‍ മത്സരത്തില്‍ പാകിസ്ഥാന്റെ തുറുപ്പ് ചീട്ടായ ഷഹീന്‍ അഫ്രീദി പരിക്ക് കാരണം കളത്തിലിറങ്ങുമോ എന്ന് സംശയത്തിലാണ്.
ശ്രീലങ്കയില്‍ നടന്ന ടെസ്റ്റ് പരമ്പര മുതല്‍ കാല്‍മുട്ടിന് പരിക്കേറ്റ ഷഹീന്‍ അഫ്രീദിക്ക് നെതര്‍ലന്‍ഡ്സില്‍ നടക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പര നഷ്ടമായേക്കും.
അദ്ദേഹം മറ്റ് കളിക്കാര്‍ക്കൊപ്പം യൂറോപ്യന്‍ രാജ്യത്തേക്ക് യാത്ര ചെയ്തിട്ടുണ്ട്, പക്ഷേ മെഡിക്കല്‍ സ്റ്റാഫിന്റെ നിരീക്ഷണത്തില്‍ തുടരും.
കഴിഞ്ഞ തവണ ഐ.സി.സി ടി-20 ലോകകപ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അഫ്രീദിയുടെ മികച്ച ബൗളിങ്ങില്‍ പതറിപ്പോയ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് അദ്ദേഹത്തിന്റെ പരിക്ക് ഒരു സന്തോഷവാര്‍ത്തയാണെന്ന് മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ പറയുന്നു.
ഇന്ത്യന്‍ ഇന്നിങ്സിന്റെ തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയെയും കെ.എല്‍. രാഹുലിനെയും പുറത്താക്കാന്‍ അഫ്രീദിക്ക് സാധിച്ചിരുന്നു. മത്സരത്തില്‍ പാക് പട പത്ത് വിക്കറ്റ് വിജയിച്ചിരുന്നു.
‘ഷഹീന്‍ ഫോമിലാണെങ്കിലും എല്ലാ മത്സരങ്ങളിലും അവനെ കളിപ്പിച്ചതിന്റെ അനന്തരഫലങ്ങള്‍ ഞാന്‍ പറഞ്ഞിരുന്നു. അവന്‍ നെതര്‍ലാന്‍ഡില്‍ ടീമിനൊപ്പമുണ്ട്, പക്ഷേ അദ്ദേഹം അവിടെ ഒരു കളിയും കളിച്ചില്ലെങ്കില്‍, 2022 ലെ ഏഷ്യാ കപ്പും അദ്ദേഹത്തിന് നഷ്ടമാകും. ഇത് ഇന്ത്യക്ക് ഒരു സന്തോഷവാര്‍ത്തയായിരിക്കും, പക്ഷേ പാകിസ്ഥാന് ഇത് മോശമായിരിക്കും,’ കനേരിയ പറഞ്ഞു.
യു.എ.ഇയില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നടക്കുന്നത്.