ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ ഈയിടെ നടന്നിരുന്നു. ഫോമൗട്ടിലുള്ള സൂപ്പര്‍താരം വിരാട് കോഹ്‌ലി ഏറെ നാളുകള്‍ക്ക് ശേഷം ടീമിലെത്തിയതാണ് ഇന്ത്യന്‍ ടീമിലെ പ്രധാന ആകര്‍ഷണം.
ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ടീമില്‍ ഇടം ലഭിക്കണമെങ്കില്‍ ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം തന്നെ അദ്ദേഹത്തിന് നടത്തേണ്ടി വരുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാക് താരമായ ഡാനിഷ് കനേരിയ പറഞ്ഞു.
കഴിഞ്ഞ ദശകത്തിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരിലൊരാളാണ് കോഹ്‌ലി, എന്നാല്‍ അദ്ദേഹത്തിന്റെ സമീപകാല ഫോമില്ലായ്മ ഇന്ത്യന്‍ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും പൂര്‍ണ പിന്തുണ കോഹ്ലിക്കുണ്ടെന്നും മാനേജ്മെന്റ് തന്നോട് കാണിച്ച വിശ്വാസത്തിന് സ്റ്റാര്‍ ബാറ്റര്‍ പ്രതിഫലം നല്‍കണമെന്നും കനേരിയ പറഞ്ഞു.
‘വിരാട് കോഹ്ലി തിരിച്ചുവരികയാണെങ്കില്‍, അവന്‍ മികച്ച രീതിയില്‍ മടങ്ങിവരുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. ടി-20 ലോകകപ്പിലേക്ക് കോഹ്‌ലിയെ പരിഗണിക്കണമെങ്കില്‍ അയാള്‍ക്ക് മികച്ച പ്രകടനം നടത്തേണ്ടിവരും. ഇന്ത്യക്ക് വിരാട് ഒരു വലിയ ബാഗേജാണ്. അദ്ദേഹത്തെ ബെഞ്ചിലിരുത്തുന്നത് അവിശ്വസനീയമാംവിധം കഠിനമായിരിക്കും,’ കനേരിയ തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
രോഹിത് ശര്‍മയുടെയും രാഹുല്‍ ദ്രാവിഡിന്റെയും പിന്തുണ അദ്ദേഹത്തിനുണ്ടെന്നതില്‍ സംശയമില്ല, പക്ഷേ അദ്ദേഹത്തിന് അതിനൊത്ത റിസല്‍ട്ട് നല്‍കണം,’ കനേരിയ പറഞ്ഞു.
വിരാടിന്റെ മോശം ഫോം തുടരണമെന്ന് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.