ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ടീമുകള്‍. ഏറെ പ്രതീക്ഷകളുമായാണ് എല്ലാ ടീമുകളും ലോകകപ്പിന് ഇറങ്ങുന്നത്. ഇന്ത്യന്‍ ടീമും ഒരുപാട് പ്രതീക്ഷകളുമായാണ് ലോകകപ്പിനെത്തുക.
ഐ.പി.എല്ലിന് ശേഷം കളിച്ച ഓരോ പരമ്പരയിലും വ്യത്യസ്ത പരീക്ഷണങ്ങള്‍ ഇന്ത്യന്‍ ടീം നടത്തിയിരുന്നു. പരമ്പരയിലെല്ലാം ഇന്ത്യക്ക് നേട്ടമുണ്ടാകുകയും ചെയ്തിരുന്നു. അതുകഴിഞ്ഞ് ഏഷ്യാ കപ്പിലെത്തിയ ഇന്ത്യക്ക് തിരിച്ചടിയായിരുന്നു ഫലം.
ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരം തോറ്റ് മൂന്നാമത് ഫിനിഷ് ചെയ്യാനായിരുന്നു ഇന്ത്യയുടെ വിധി. ഇതോടെ മറ്റൊരു പ്രധാന ടൂര്‍ണമെന്റില്‍ കൂടെ ഇന്ത്യന്‍ ടീം പരാജയപ്പെടുകയായിരുന്നു.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം സെലക്ട് ചെയ്തിരുന്നു. ഒരുപാട് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ടീമില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ നിലവാരത്തിലുള്ള ടീമിനെ ലോകകപ്പിന് വിട്ടാല്‍ തോല്‍വിയായിരിക്കും ഫലമെന്നാണ് അവരുടെ വാദം.
ഇന്ത്യന്‍ ടീമിന്റെ മുന്നോട്ടുപോക്ക് ടോപ് ത്രീയുടെ പ്രകടനമനുസരിച്ചിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാക് താരം ദാനിഷ് കനേരിയ. വിരാട് കോഹ്‌ലി റണ്‍സടിക്കുമെന്നും എന്നാല്‍ കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ എന്നിവരുടെ കാര്യം പറയാന്‍ സാധിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. രോഹിത്തും രാഹുലും ഫോമായില്ലെങ്കില്‍ ഇന്ത്യയുടെ വിധി ഏഷ്യാ കപ്പിലേത് പോലെയാകുമെന്നും അദ്ദേഹം പറഞ്ഞു.
‘വിരാട് കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും രോഹിത് ശര്‍മയെയും കെ.എല്‍. രാഹുലിനെയും പോലുള്ളവര്‍ ഇപ്പോഴും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. അവര്‍ ഫോമായാല്‍ മാത്രമേ ഇന്ത്യക്ക് രക്ഷയുള്ളൂ. അല്ലാത്തപക്ഷം അവരുടെ ലോകകപ്പ് പ്രതീക്ഷകള്‍ ഏഷ്യാ കപ്പ് പോലെ തകരും,”കനേരിയ പറഞ്ഞു.
ഒക്ടോബര്‍ 23ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ വെച്ച് നടന്ന ട്വന്റി-20 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ പത്ത് വിക്കറ്റിന് തോറ്റിരുന്നു. ഈ ഏഷ്യാ കപ്പില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഓരോ കളി വീതം വിജയിച്ചു.