| Friday, 30th August 2024, 10:45 pm

ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് വരരുത്; ടൂര്‍ണമെന്റ് ആ രീതിയില്‍ നടത്തണം; തുറന്നടിച്ച് മുന്‍ പാക് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റാണ് ഇന്ത്യക്ക് മുമ്പിലുള്ള അടുത്ത ഐ.സി.സി ഇവന്റ്. 2013ല്‍ അവസാനമായി സ്വന്തമാക്കിയ ഈ കിരീടം ഒരിക്കല്‍ക്കൂടി ശിരസിലണിയാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

ഏകദിന ഫോര്‍മാറ്റിലാണ് മത്സരം അരങ്ങേറുന്നത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമാവുക.

ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഇന്ത്യ പാകിസ്ഥാനിലേക്കെത്തുമോ അതോ ഏഷ്യാ കപ്പിലേതെന്ന പോലെ ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഷാഹിദ് അഫ്രിദിയടക്കമുള്ള മുന്‍ പാക് താരങ്ങള്‍ ടൂര്‍ണമെന്റ് കളിക്കാന്‍ പാകിസ്ഥാനിലെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ തന്നെ നടക്കട്ടെയെന്നും ഇന്ത്യ പാകിസ്ഥാനിലേക്ക് വരേണ്ടതില്ല എന്ന അഭിപ്രായമാണ് മുന്‍ പാക് സൂപ്പര്‍ താരം ഡാനിഷ് കനേരിയക്കുള്ളത്. സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് കനേരിയ ഇക്കാര്യം പറഞ്ഞത്.

‘പാകിസ്ഥാനിലെ അവസ്ഥയെന്താണെന്ന് നോക്കൂ, ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകേണ്ടതില്ല എന്നാണ് എനിക്ക് പറയാനുള്ളത്. പാകിസ്ഥാന്‍ ഇതിനെക്കുറിച്ച് കാര്യമായി ചിന്തിക്കണം, അതിനുശേഷം ഐ.സി.സി അത് തീരുമാനമായി പ്രഖ്യാപിക്കും.

മിക്കവാറും ഇത് ഒരു ഹൈബ്രിഡ് മോഡലിലായിരിക്കും നടക്കുക. ദുബായ്‌യില്‍ വെച്ച് ടൂര്‍ണമെന്റ് (ഇന്ത്യയുടെ മത്സരങ്ങള്‍) നടക്കട്ടെ. കാരണം ഇതൊരു മികച്ച തീരുമാനമാകുമെന്ന് ആളുകള്‍ക്കറിയാം,’ കനേരിയ പറഞ്ഞു.

ടൂര്‍ണമെന്റ് മിക്കവാറും ഹൈബ്രിഡ് മോഡലില്‍ തന്നെ നടക്കുമെന്നും ബി.സി.സി.ഐ അതിനായി സമ്മര്‍ദം ചെലുത്തുമെന്നും കനേരിയ വ്യക്തമാക്കി.

‘താരങ്ങളുടെ സുരക്ഷയായിരിക്കണം ആദ്യ പരിഗണന, അത് മാത്രമായിരിക്കണം പ്രധാന പരിഗണന. പരസ്പര ബഹുമാനമെല്ലാം രണ്ടാമതാണ്. ഇനിയും പല കാര്യങ്ങളുമുണ്ട്,’ കനേരിയ പറഞ്ഞു.

ബി.സി.സി.ഐ ഇക്കാര്യത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ ഡ്രാഫ്റ്റ് ഐ.സി.സി നേരത്തെ പുറത്തുവിട്ടിരുന്നു. ഈ ഡ്രാഫ്റ്റ് പ്രകാരം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനില്‍ പര്യടനം നടത്തില്ല എന്ന് പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറില്‍ നടത്താമെന്ന് പി.സി.ബി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരമുള്ള വിവരങ്ങള്‍ പാകിസ്ഥാന്‍ ഐ.സി.സിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് പ്രകാരമാണ് ഡ്രാഫ്റ്റ് പുറത്തുവിട്ടത്. എന്നാല്‍ ജയ് ഷാ ഐ.സി.സിയുടെ താക്കേല്‍ സ്ഥാനത്തെത്തിയതോടെ കാര്യങ്ങള്‍ മാറിമറിയാനും സാധ്യതകളുണ്ട്.

ഫെബ്രുവരി 19നാണ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരം. ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടും. തൊട്ടടുത്ത ദിവസം ഇന്ത്യയും തങ്ങളുടെ മത്സരത്തിനിറങ്ങും. ബംഗ്ലാദേശാണ് എതിരാളികള്‍.

ഐ.സി.സി പുറത്തുവിട്ട ഡ്രാഫ്റ്റ്

(തീയ്യതി – ദിവസം – മത്സരം എന്നീ ക്രമത്തില്‍)

ഫെബ്രുവരി 19- ബുധനാഴ്ച – ന്യൂസിലാന്റ് vs പാകിസ്ഥാന്‍

ഫെബ്രുവരി 20 – വ്യാഴാഴ്ച – ബംഗ്ലാദേശ് vs ഇന്ത്യ

ഫെബ്രുവരി 21 – വെള്ളിയാഴ്ച – അഫ്ഗാനിസ്ഥാന്‍ vs ദക്ഷിണാഫ്രിക്ക

ഫെബ്രുവരി 22 – ശനിയാഴ്ച – ഓസ്ട്രേലിയ vs ഇംഗ്ലണ്ട്

ഫെബ്രുവരി 23 – ഞായറാഴ്ച – ന്യൂസിലാന്റ് vs ഇന്ത്യ

ഫെബ്രുവരി 24 – തിങ്കളാഴ്ച – പാകിസ്ഥാന്‍ vs ബംഗ്ലാദേശ്

ഫെബ്രുവരി 25 – ചൊവ്വാഴ്ച – അഫ്ഗാനിസ്ഥാന്‍ vs ഇംഗ്ലണ്ട്

ഫെബ്രുവരി 26 – ബുധനാഴ്ച – ഓസ്ട്രേലിയ vs ദക്ഷിണാഫ്രിക്ക

ഫെബ്രുവരി 27 – വ്യാഴാഴ്ച – ബംഗ്ലാദേശ് vs ന്യൂസിലാന്റ്

ഫെബ്രുവരി 28 – വെള്ളിയാഴ്ച – അഫ്ഗാനിസ്ഥാന്‍ vs ഓസ്ട്രേലിയ

മാര്‍ച്ച് 01 – ശനിയാഴ്ച – പാകിസ്ഥാന്‍ vs ഇന്ത്യ

മാര്‍ച്ച് 02 – ഞായറാഴ്ച – ദക്ഷിണാഫ്രിക്ക vs ഇംഗ്ലണ്ട്

ഒന്നാം സെമി ഫൈനല്‍: മാര്‍ച്ച് 5

ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാര്‍ (A1) vs ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാര്‍ (B2)

രണ്ടാം സെമി ഫൈനല്‍: മാര്‍ച്ച് 6

ഗ്രൂപ്പ് ബി-യിലെ ഒന്നാം സ്ഥാനക്കാര്‍ (B1) vs ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാര്‍ (A2)

ഫൈനല്‍: മാര്‍ച്ച് 9

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

റിസര്‍വ് ദിനം : മാര്‍ച്ച് 10

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

Content highlight: Danish Kaneria says India should not go to Pakistan to play Champions Trophy

We use cookies to give you the best possible experience. Learn more