കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡ് എ ക്കതിരെ നടക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ എ ടീമിന്റെ നായകനായി സഞ്ജു സാംസണെയായിരുന്നു തെരഞ്ഞെടുത്തത്. ആരാധകരും ക്രിക്കറ്റ് പ്രേമികളും ഇത് ആഘോഷമാക്കിയിരുന്നു.
ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏല്‍ക്കുക എന്ന് പറഞ്ഞാല്‍ കേരളത്തില്‍ നിന്നുമൊക്കെ വരുന്ന താരങ്ങള്‍ക്ക് വിദൂര സ്വപ്‌നം മാത്രമാണ്. എന്നാല്‍ സഞ്ജു ആ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നയാളാണ്. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി ഫൈനല്‍ വരെ എത്തിച്ചാണ് സഞ്ജു ക്യാപ്റ്റന്‍സിയിലെ കഴിവ് തെളിയിച്ചത്.
തന്റെ സ്വതസിദ്ധ ആക്രമണ ശൈലിയും അതിലേറെ പക്വതയും സഞ്ജു ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും കാണിച്ചിരുന്നു. ആ ഒരു പ്രകടനം തന്നെയാണ് അദ്ദേഹത്തെ ഇന്ത്യ എ ടീമിന്റെ നായകസ്ഥാനത്തെത്തിച്ചതും.
എന്നാല്‍ ഇത് സമ്മര്‍ദത്തിന്റെ പുറത്ത് ബി.സി.സി.ഐ ചെയ്തതാണെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരമായ ദാനിഷ് കനേരിയ. ലോകകപ്പില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ബി.സി.സി.ഐയുടെ മേല്‍ ഒരുപാട് പ്രഷറുണ്ടെന്നും അദ്ദേഹത്തിന് ഒരുപാട് ആരാധകരുണ്ടെന്നും കനേരിയ പറഞ്ഞു.
അതുപോലെ ബൗണ്‍സി വിക്കറ്റുകളില്‍ സഞ്ജുവിനെക്കാള്‍ നന്നായി കളിക്കുന്ന ഇന്ത്യന്‍ താരമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘വലിയ ആരാധകരാണ് സഞ്ജുവിനുള്ളത്. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി നിങ്ങള്‍ക്ക് ഒരു എക്സ് ഫാക്ടര്‍ നല്‍കുമെന്നുറപ്പാണ്. ബൗണ്‍സി വിക്കറ്റുകളില്‍ സഞ്ജുവിനെക്കാള്‍ നന്നായി കളിക്കാന്‍ കഴിയുന്ന മറ്റൊരു ഇന്ത്യന്‍ താരമില്ല. ഇപ്പോള്‍ അദ്ദേഹത്തിനെ ഇന്ത്യ എ ക്യാപ്റ്റനായി നിയമിച്ചു.
ടി-20 ലോകകപ്പിലേക്ക് സഞ്ജു സാംസണെ തെരഞ്ഞെടുക്കാത്തതിന് ബി.സി.സി.ഐയുടെ മേലില്‍ ഒരുപാട് പ്രഷറുണ്ടായുന്നു. അത് കാരണമാണ് സഞ്ജുവിനെ ഇന്ത്യ എയുടെ നായകസ്ഥാനം ഏല്‍പ്പിച്ചത്,” കനേരിയ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ടീമിന്റെ നായകസ്ഥാനം ഏല്‍ക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും സഞ്ജുവിന് ഇതൊരു മികച്ച അവസരമാണെന്നും പരമ്പരയില്‍ വിജയിക്കുകയാണെങ്കില്‍ അതൊരു വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ലോകകപ്പ് ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കെ.എല്‍. രാഹുലിനേക്കാളും റിഷബ് പന്തിനേക്കാളും സഞ്ജു ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറഞ്ഞത്.
Content Highlight: Danish Kaneria says BCCI made captain Sanju Samson because of Pressure