'സൂര്യ നിങ്ങളുദ്ദേശിച്ച ആളല്ല കേട്ടോ'; പ്രശംസിച്ച് പാക് സൂപ്പർതാരം
Cricket
'സൂര്യ നിങ്ങളുദ്ദേശിച്ച ആളല്ല കേട്ടോ'; പ്രശംസിച്ച് പാക് സൂപ്പർതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th January 2023, 9:42 pm

രാജ്കോട്ടിൽ ശ്രീലങ്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരത്തിൽ സൂര്യകുമാർ മിന്നും പ്രകടനമാണ് കണ്ടത്. 51 പന്തിൽ നിന്ന് 112 റൺസെടുത്ത സൂര്യയുടെ ബാറ്റിങ് മികവിൽ ഇന്ത്യ 91 റൺസിന് ലങ്കയെ പരാജയപ്പെടുത്തുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി മത്സരത്തിൻെറ ആറാം ഓവറിൽ ക്രീസിലെത്തിയ സൂര്യ ലങ്കൻ ബോളർമാരെ കടന്നാക്രമിച്ച് ക്രീസിൽ നിലയുറപ്പിക്കുകയായിരുന്നു. ഏഴ് ഫോറുകളും ഒമ്പത് സിക്സറുകളും പറത്തിയാണ് താരം തൻെറ ബാറ്റിങ് ആഘോഷിച്ചത്. ടി-20 ക്രിക്കറ്റിൽ മൂന്നാം സെഞ്ച്വറി തികച്ച സൂര്യ മൂന്ന് അപൂർവ റെക്കോർഡുകൾ കൂടി സ്വന്തം പേരിലാക്കിയിട്ടുണ്ട്.

മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച താരം ആധുനിക ടി-20യിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ താനാണെന്ന് തെളിയിക്കുകയായിരുന്നു. താരത്തിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇപ്പോൾ സൂര്യക്ക് പുതിയ വിശേഷണം നൽകി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്താൻ സ്പിന്നർ ഡാനിഷ് കനേരിയ. പുതിയ യൂണിവേഴ്‌സൽ ബോസെന്നാണ് കനേരിയ സൂര്യകുമാറിനെ വിശേഷിപ്പിച്ചത്.

ടി-20 ഫോർമാറ്റിന്റെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന ഗെയ്‌ലിനെയാണ് സാധാരണ ബോസെന്ന് വിളിക്കാറുള്ളത്. എന്നാൽ ഇപ്പോൾ ടി-20യിലെ ബോസ് സൂര്യകുമാർ യാദവാണെന്നാണ് കനേരിയ സമർത്ഥിക്കുന്നത്. സൂര്യക്ക് ന്യൂ യൂണിവേഴ്‌സൽ ബോസെന്ന വിശേഷണം നൽകാമെന്നാണ് കനേരിയ പറയുന്നത്.

‘പുതിയ യൂണിവേഴ്‌സൽ ബോസ് സൂര്യകുമാർ യാദവ് തന്റെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്നതാണ് കണ്ടത്. സൂര്യയെപ്പോലുള്ള താരങ്ങൾ നൂറ്റാണ്ടുകൾക്കിടയിൽ ഒരിക്കൽ മാത്രം ഉണ്ടാവുന്നതാണ്.

അവന്റെ ഷോട്ടുകളൊന്നും ആർക്കും അനുകരിക്കാനാവാത്തതാണ്. ക്രിസ് ഗെയ്ൽ, എ.ബി ഡിവില്ലിയേഴ്‌സ് എന്നിവരെപ്പോലെ ടി-20 ക്രിക്കറ്റിനെ പുതിയ തലത്തിലേക്കെത്തിക്കുന്ന താരമാണ് സൂര്യകുമാർ യാദവ് ,’ കനേരിയ പറഞ്ഞു.

സൂര്യ ഫോമിലേക്കെത്തിയാൽ അദ്ദേഹത്തെ പിടിച്ചുകെട്ടാൻ സാധിക്കുന്ന ബൗളർമാരില്ലെന്നും നിലവിൽ സൂര്യകുമാറിന്റെ മികവിനൊപ്പമെത്തുന്ന മറ്റൊരു ബാറ്റ്‌സ്മാനുമില്ലെന്നും കനേരിയ കൂട്ടിച്ചേർത്തു. സൂര്യയുടെ വെടിക്കെട്ട് ബാറ്റിങ് യുവരാജ് സിങ്ങിനെയും വീരേന്ദർ സെവാഗിനെയുമെല്ലാം പിന്നിലാക്കുന്നതാണെന്നും വിരാട് കോഹ്ലി പോലും സൂര്യയുടെ ബാറ്റിങ് കണ്ട് അത്ഭുതപ്പെട്ടെന്നും കനേരിയ ചൂണ്ടിക്കാട്ടി.

Content Highlights: Danish Kaneria praises Surya Kumar Yadav