ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിന് മുന്നോടിയായി ടീമിനെ സജ്ജീകരിക്കാനായി ഒരുപാട് പരമ്പരകള്‍ ഇന്ത്യന്‍ ടീം കളിക്കുന്നുണ്ട്. താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ വാഴും എന്ന് നിലവില്‍ പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്.
ഓരോ പരമ്പരയിലും വ്യത്യസ്തമായ ടീമിനെയാണ് ഇന്ത്യ അയക്കുന്നത്. യുവ താരങ്ങള്‍ക്ക് ഒരുപാട് അവസരങ്ങള്‍ നല്‍കാനും ഇന്ത്യന്‍ ടീം ശ്രമിക്കുന്നുണ്ട്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ.
ഇന്ത്യന്‍ നിരയിലെ യുവ ലെഫ്റ്റ് ഹാന്‍ഡഡ് പേസ് ബൗളറാണ് അര്‍ഷ്ദീപ് സിങ്. യോര്‍ക്കറുകള്‍ കൊണ്ട് എതിര്‍ ടീമിനെ ഞെട്ടിക്കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. ഇന്ത്യക്കായി വെറും ഒരു മത്സരം കളിച്ച താരത്തിന് ടീമില്‍ ഇനിയും അവസരം കൊടുക്കണമെന്നും അദ്ദേഹത്തിന് ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നുമാണ് മുന്‍ പാകിസ്ഥാന്‍ ബൗളര്‍ ഡാനിഷ് കനേരിയ വിശ്വസിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള അവസാന മത്സരത്തില്‍ അര്‍ഷ്ദീപ് കളിക്കാന്‍ ഇറങ്ങുമെന്നും മികച്ച പ്രകടനം നടത്തുമെന്നുമാണ് കനേരിയ പറഞ്ഞത്. അദ്ദേഹത്തിന് വിക്കറ്റ് നേടാന്‍ അറിയാമെന്നും മുന്‍ പാകിസ്ഥാന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക. വിന്‍ഡീസിനെതിരെയുള്ള മൂന്നാം ഏകദിനം അര്‍ഷ്ദീപ് കളിക്കും. അര്‍ഷ്ദീപിന്റെ ബോളിങ്ങില്‍ ഒരു കലയുണ്ട്, ബൗള്‍ ചെയ്യുമ്പോള്‍ അവന്‍ മനസ്സ് ഉപയോഗിക്കുന്നു. വിവേകത്തോടെ പന്തെറിയുന്ന അദ്ദേഹത്തിന് വിക്കറ്റ് വീഴ്ത്താനും അറിയാം.
ടി-20 ലോകകപ്പിനും ഏഷ്യാ കപ്പിനും വേണ്ടിയുള്ള ഇന്ത്യന്‍ ടീമിന് അദ്ദേഹം മികച്ച ഓപ്ഷനാണ്. ഏഷ്യാ കപ്പ് ദുബായിലാണ് നടക്കുന്നത്, ഇടംകയ്യന്‍ പേസര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അവിടെ മികച്ച പ്രകടനം നടത്താന്‍ കഴിയും,’ കനേരിയ പറഞ്ഞു.
കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ 10 വിക്കറ്റ് നേടി അര്‍ഷ്ദീപിന്റെ ഇക്കോണമി റൈറ്റ് 7.70ആണ്. എന്നാല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമില്‍ ഒരു മത്സരം മാത്രമേ കളിക്കാന്‍ സാധിച്ചുള്ളു. ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു അദ്ദേഹം ഇന്ത്യക്കായി കളത്തിലറങ്ങിയത്.
3.03 ഓവറാണ് അദ്ദേഹം മത്സരത്തില്‍ എറിഞ്ഞത്. ഒരു മെയിഡന്‍ ഓവറടക്കം വെറും 18 റണ്‍സാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. ലോകകപ്പിന് ഓസ്‌ട്രേലിയന്‍ പിച്ചില്‍ മികച്ച പ്രകടനം താരത്തിന് കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.