ബാബറിന് ക്യാപ്റ്റന്‍സിയില്‍ കഴിവില്ല: വിമര്‍ശനവുമായി മുന്‍ പാക് താരം
Cricket
ബാബറിന് ക്യാപ്റ്റന്‍സിയില്‍ കഴിവില്ല: വിമര്‍ശനവുമായി മുന്‍ പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th October 2023, 12:05 pm

ഏകദിന ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് വന്ന പാകിസ്ഥാന്‍ പിന്നീടുള്ള മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. അഫഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ പാക് ടീമിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

ഈ സാഹചര്യത്തില്‍ പാക് നായകന്‍ ബാബര്‍ അസമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ.

ബാബറിന് നേതൃത്വപാടവമില്ലെന്നും തീരുമാനങ്ങള്‍ എടുക്കാന്‍ മാനേജ്‌മെന്റിനെ കൂടുതല്‍ ആശ്രയിക്കുന്നുണ്ടെന്നുമാണ് കനേരിയ പറഞ്ഞത്.

‘ബാബര്‍ അസം കടലാസില്‍ എഴുതിയ കാര്യങ്ങള്‍ മാത്രമാണ് നോക്കുന്നത്. അദ്ദേഹത്തിന് മറ്റ് തീരുമാനങ്ങള്‍ ഒന്നുമില്ല. ബാറ്റിങിനിടയിലുള്ള സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കില്ല. അതുകൊണ്ടാണ് അഫ്ഗാനിസ്ഥാനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തത്. അഫ്ഗാന്‍ ഓപ്പണര്‍മാര്‍ പേസ് ബൗളര്‍മാരെ നന്നായി നേരിടുകയും ചെയ്യുന്നു,’ കനേരിയ ആജ്തക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പാകിസ്ഥാന്‍ ടീമിന്റെ ബൗളിങ് നിരയെകുറിച്ചും മുന്‍ താരം അഭിപ്രായപ്പെട്ടു.

‘ഹാരിഫ് റൗഫ് കൂടുതലും പേസിനെയാണ് ആശ്രയിക്കുന്നത്. ബൗളിങ്ങില്‍ ഹസന്‍ അലിയുടെ പ്രകടനം പ്രവചിക്കാന്‍ സാധിക്കില്ല. മത്സരത്തില്‍ മികച്ച സ്വിങ്ങിന് അവസരം ലഭിച്ചിട്ടും ഇഫ്തിക്കര്‍ അഹമ്മദിനെയാണ് ബാബര്‍ ബൗള്‍ ചെയ്യാന്‍ തെരഞ്ഞെടുത്തത്. നിലവില്‍ ടീമിന്റെ പ്രകടനം വളരെ ദുര്‍ബലമാക്കുന്നു,’ കനേരിയ കൂട്ടിച്ചേര്‍ത്തു.


ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നീ വമ്പന്‍ ടീമുകള്‍ക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരങ്ങള്‍. ഈ വലിയ കടമ്പകള്‍ കടന്നാല്‍ മാത്രമേ പാകിസ്ഥാന് ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറാന്‍ സാധിക്കൂ.

Content Highlight: Danish Kaneria criticize Babar Asam captaincy.