ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട തയ്യാറെടുപ്പിനായി ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര കളിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഒരുപാട് പരമ്പരകള്‍ ഇന്ത്യ ലോകകപ്പിന് മുമ്പ് കളിച്ചിട്ടുണ്ട്.
ടീമിന്റെ സ്റ്റാര്‍ട്ടിങ് ഇലവന്‍ ഏറെക്കുറേ ഉറപ്പായതാണ്. ബാറ്റിങ് നിര ഫോം കാണിക്കുമ്പോള്‍ മികച്ച ഫോമിലേക്കെത്താന്‍ ബൗളിങ് നിരക്ക് പലപ്പോഴും സാധിക്കുന്നില്ല.
ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറിലെ ഏറ്റവും കരുത്തുറ്റ താരമായി മാറുകയാണ് മിഡില്‍ ഓര്‍ഡര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ്. ടി-20 റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് സൂര്യ നിലവില്‍. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങിലുള്ള താരവും സൂര്യയാണ്.
ടി-20യിലെ മാറിയ ഇന്റന്റിനനുസരിച്ചുള്ള മികച്ച ബാറ്റിങ് കാഴ്ചവെക്കാന്‍ സൂര്യ എന്നും ശ്രമിക്കാറുണ്ട്. നേരിടുന്ന ആദ്യ ബോള്‍ മുതല്‍ സിക്‌സറടിച്ചുകൊണ്ട് തുടങ്ങാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. സൂര്യയുടെ ബാറ്റിങ്ങിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് സ്പിന്നറായ ഡാനിഷ് കനേരിയ.
സൂര്യകുമാര്‍ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണെന്നും അവന്‍ ബാറ്റ് ചെയ്യുന്ന രീതി എന്തൊക്കെയോ വിളിച്ചു പറയുന്നതാണെന്നും ഡാനിഷ് കനേരിയ പുകഴ്ത്തി.
സൂര്യ വലിയ താരമാകുമെന്നും അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ബാക്കി ഇതിഹാസങ്ങളെയെല്ലാം മറക്കുന്ന വിധമായിരിക്കുമെന്നും കനേരിയ ഉറപ്പിച്ച് പറയുന്നു.
പാക് ഇതിഹാസം ബാബര്‍ അസമിനെയും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും സൂര്യ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കുറച്ചു നാളായി ഞാന്‍ ഇത് പറയുന്നുണ്ട്, സൂര്യകുമാര്‍ യാദവ് ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാകും. അദ്ദേഹത്തിന്റെ 360 ഡിഗ്രി സ്‌റ്റൈല്‍ കണ്ടാല്‍ ‘സ്‌കൈ ഈസ് ലിമിറ്റ്’ എന്ന് നമ്മള്‍ക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. അവന്‍ ബാറ്റ് ചെയ്യുന്ന രീതി അവന്‍ സ്വയം പ്രഖ്യാപിക്കുന്നത് പോലെയാണ്. മൂന്നാം ടി-20യില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
‘അദ്ദേഹത്തിന് വ്യത്യസ്തമായ കളി ശൈലിയാണ്, അവന്‍ തീര്‍ച്ചയായും ഒരു വലിയ കളിക്കാരനാകും. അവന്‍ ബാറ്റ് ചെയ്യുന്ന രീതി, മറ്റെല്ലാ ബാറ്റിങ് മഹാന്മാരെയും ആളുകള്‍ മറക്കും. കോഹ്ലി ധാരാളം റണ്‍സ് നേടും, ബാബര്‍ കുറേ വിജയിക്കും, പക്ഷേ യാദവ് എല്ലാവരെയും പിന്നിലാക്കും,’ ഡാനിഷ് പറഞ്ഞു.
ഓസീസിനെതിരെയുള്ള പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു സൂര്യ നടത്തിയത്. ആദ്യ മത്സരത്തില്‍ 46 റണ്‍സ് നേടിയ സൂര്യ മൂന്നാം മത്സരത്തില്‍ 69 റണ്‍സെടുത്ത് മാന്‍ ഓഫ് ദി മാച്ചായി മാറിയിരുന്നു.
വരാനിരിക്കുന്ന ലോകകപ്പില്‍ സൂര്യയുടെ പ്രകടനം ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റത്തിന് നിര്‍ണായക പങ്കുവഹിക്കും.