ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തില്‍ പാകിസ്ഥാന്‍ ബൗളര്‍മാരുടെ അവസ്ഥ ഏറെ ദയനീയമായിരുന്നു. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പാക് ബൗളര്‍മാരെ ഒന്നൊഴിയാതെ തല്ലി പതം വരുത്തിയപ്പോള്‍ പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചരിത്രമാണ് പിറന്നത്.
ഏറ്റവും വേഗത്തില്‍ ടീം സ്‌കോര്‍ 100 കടന്ന ഇന്നിങ്‌സ്, ആദ്യ ദിനത്തില്‍ തന്നെ 500 റണ്‍സ് മാര്‍ജിന്‍ പിന്നിട്ട മത്സരം തുടങ്ങി നിരവധി റെക്കോഡുകളാണ് ഇംഗ്ലണ്ട് തങ്ങളുടെ പേരിലാക്കിയത്.
ഇംഗ്ലണ്ടിനായി ആദ്യ ദിനത്തില്‍ തന്നെ നാല് പേരാണ് സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ ഹാരി ബ്രൂക്കായിരുന്നു ആദ്യ ദിവസത്തെ ഷോ സ്റ്റീലര്‍. ഒരു ഓവറിലെ ആറ് പന്തും ബൗണ്ടറിയടിച്ച ബ്രൂക്ക് 124 എന്ന സ്‌ട്രൈക്ക് റേറ്റില്‍ സെഞ്ച്വറിയും തികച്ചിരുന്നു.
ഹാരി ബ്രൂക്കിന്റെ ഇന്നിങ്‌സ് കാണുമ്പോള്‍ പാകിസ്ഥാന്‍ ബൗളര്‍മാരുടെ അവസ്ഥയോര്‍ത്ത് ഏറെ നിരാശനായെന്നും ഗ്രൗണ്ടിലെത്തി പന്തെറിയാന്‍ ആഗ്രഹിച്ചെന്നും പറയുകയാണ് മുന്‍ പാക് സൂപ്പര്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് കനേരിയ ഇക്കാര്യം പറയുന്നത്.
‘ഹാരി ബ്രൂക്ക് 81 പന്തില്‍ നിന്നും 124 സ്‌ട്രൈക്ക് റേറ്റില്‍ 101 റണ്‍സ് നേടുന്നത് കണ്ട് എനിക്ക് ഏറെ വേദനിച്ചു. അവിടെ ചെന്ന് പന്തെറിയണമെന്ന് പോലും എനിക്ക് തോന്നി,’ താരം പറയുന്നു.
ആദ്യ ദിവസം 506ന് നാല് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് കളിയവസാനിപ്പിച്ചത്. സാക്ക് ക്രോളി, ഓലി പോപ്പ്, ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക് എന്നിവരായിരുന്നു ആദ്യ ദിനം ഇംഗ്ലണ്ടിനായി സെഞ്ച്വറിയടിച്ചത്.
506ന് നാല് എന്ന നിലിയില്‍ രണ്ടാം ദിനമാരംഭിച്ച ഇംഗ്ലണ്ട് അതേ മൊമെന്റം തന്നെ പിന്തുടര്‍ന്നു. ഒടുവില്‍ 101 ഓവറില്‍ 657 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടാവുകയായിരുന്നു.
153 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിലവില്‍ 31 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 103 റണ്‍സ് എന്ന നിലയിലാണ്. ഇമാം ഉള്‍ ഹഖും അബ്ദുള്ള ഷഫീഖുമാണ് പാകിസ്ഥാനായി ക്രീസില്‍ നില്‍ക്കുന്നത്. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തീകരിച്ചിട്ടുണ്ട്.