| Saturday, 16th April 2022, 7:56 am

സ്വീഡനില്‍ വലതുപക്ഷ പാര്‍ട്ടി നേതാവ് പൊതുനിരത്തില്‍ വെച്ച് ഖുര്‍ആന്‍ കത്തിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്റ്റോക്ക്‌ഹോം: സ്വീഡനില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവ് പൊതുനിരത്തില്‍ വെച്ച് ഖുര്‍ആന്‍ കത്തിച്ചു.

വലതുപക്ഷ- കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ നേതാവ് റാസ്മസ് പലൂദാന്‍ ആണ് ഇസ്‌ലാം മതസ്ഥര്‍ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്ന ഖുര്‍ആന്‍ കോപ്പി കത്തിച്ചത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തായിരുന്നു ഇയാള്‍ ഗ്രന്ഥം കത്തിച്ചത്.

വ്യാഴാഴ്ച പൊലീസിനൊപ്പം തെക്കന്‍ ലിന്‍കോപിങ് എന്ന സ്ഥലത്തെത്തിയ ഇയാള്‍ തുറസായ സ്ഥലത്ത് വെച്ച് ഖുര്‍ആന്‍ കോപ്പി കത്തിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ തന്നെ പ്രദേശത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

റാസ്മസ് പലൂദാന്‍ റോഡില്‍ വെച്ച് ഖുര്‍ആന്‍ കത്തിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ അവിടെ നിന്നിരുന്നവര്‍ പ്രതിഷേധവുമായി അടുത്ത് കൂടിയിരുന്നു. ഇയാളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് കേട്ടില്ല. ഇതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.

മുമ്പ് 2019ലും റാസ്മസ് പലൂദാന്‍ ഇതുപോലെ ഖുര്‍ആന്‍ കോപ്പി കത്തിച്ചിരുന്നു. ഇതിന് പിന്നാലെ 2020 സെപ്റ്റംബറില്‍ രണ്ട് വര്‍ഷത്തേക്ക് സ്വീഡനിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ഇയാളെ വിലക്കിയിരുന്നു.

സ്ട്രാം കുര്‍സ് പാര്‍ട്ടി പോലുള്ള മറ്റ് പല തീവ്ര വലതുപക്ഷ- വംശീയ പാര്‍ട്ടികളും ഇസ്‌ലാമോഫോബിക്- മുസ്‌ലിം വിരുദ്ധ പ്രവര്‍ത്തികള്‍ തുടര്‍ച്ചയായി സ്വീഡനില്‍ ചെയ്യാറുണ്ട്.

Content Highlight: Danish far-right party leader burns a copy of holy Quran in Sweden public space

We use cookies to give you the best possible experience. Learn more