ന്യൂദല്‍ഹി: ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിനു പിന്തുണയര്‍പ്പിച്ച് ബി.എസ്.പി എം.പി ലോക്‌സഭയില്‍. ഉന്നത വിദ്യാഭ്യാസത്തിനു താങ്ങാനാവുന്ന ഫീസ് മാത്രമേ ഈടാക്കാവൂ എന്നും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്നും ഡാനിഷ് അലി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
‘ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം സ്വകാര്യവത്കരിക്കപ്പെടുകയും കോര്‍പ്പറേറ്റ്‌വത്കരിക്കപ്പെടുകയും ചെയ്തുകഴിഞ്ഞു. അടിയന്തരമായി ഈ വിഷയത്തില്‍ നടപടിയെടുക്കണം.’- ശൂന്യവേളയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച പാര്‍ലമെന്റ് മാര്‍ച്ച് നടന്നിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിന്റെ പ്രധാന ഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു.
ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്നു പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ഹോസ്റ്റല്‍ ഫീസില്‍ മുപ്പതിരട്ടിയുടെ വര്‍ധനവമാണുണ്ടായിരുന്നത്.
മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500-ല്‍ നിന്നും 12000 രൂപയാക്കിയും ഹോസ്റ്റല്‍ ഫീസ് ഒറ്റയ്ക്കുള്ള റൂമിന് 20-ല്‍ നിന്നും 600 ആയും രണ്ടില്‍ക്കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായുമാണ് വര്‍ധിപ്പിച്ചത്.
ഒപ്പം ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കുകയും വേണമെന്നായിരുന്നു തീരുമാനം. എന്നാല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതോടെ അധികൃതര്‍ ഫീസ് വെട്ടിക്കുറച്ച് രണ്ട് പേര്‍ താമസിക്കുന്ന റൂമിന് 100 രൂപയും ഒരാള്‍ താമസിക്കുന്ന റൂമിന് 200 രൂപയും ആക്കി.