'ഈ പോരാട്ടത്തില്‍ നിന്ന് മാറിനിന്നാല്‍ രാഷ്ട്രീയക്കാരെനെന്ന നിലയില്‍ ഞാന്‍ പരാജയപ്പെടും'; ഭാരത് ജോഡോ ന്യായ് യാത്രയില്‍ ഡാനിഷ് അലി എം.പിയും
ഇംഫാല്‍: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ ഡാനിഷ് അലി എം.പിയും. ഐക്യത്തിനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ചേര്‍ന്നില്ലെങ്കില്‍ രാഷ്ട്രീയക്കാരന്‍ എന്ന നിലയിലുള്ള തന്റെ കര്‍ത്തവ്യത്തില്‍ താന്‍ പരാജയപ്പെടുമെന്ന് അലി സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.
തനിക്കെതിരെ പാര്‍ലമെന്റില്‍ നടന്ന ആക്രമണം രാജ്യത്ത് ഭയത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗമാണെന്ന് മനസിലാക്കിയതായും ഡാനിഷ് അലി പറഞ്ഞു. വളരെയധികം ആത്മപരിശോധനക്ക് ശേഷമാണ് താന്‍ മണിപ്പൂരില്‍ എത്തിയതെന്നും ഡാനിഷ് അലി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് നിലനില്‍ക്കുന്ന ഭയത്തിന്റെയും വിദ്വേഷത്തിന്റെയും ചൂഷണത്തിന്റെയും ഭിന്നതയുടെയും അന്തരീക്ഷത്തിനെതിരെ ശക്തമായ ക്യാമ്പയിന്‍ നടത്താനും അലി പ്രഖ്യാപനം നടത്തി. ദളിതര്‍, പിന്നാക്ക വിഭാഗക്കാര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, മറ്റു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ എന്നിവരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ ഉണ്ടായ വലിയ ഒരു സംഘര്‍ഷ സാഹചര്യത്തില്‍ തന്നോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും തന്റെ കുടുംബത്തിനോടൊപ്പം നില്‍ക്കുകയും ചെയ്ത ആദ്യത്തെ നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ എടുത്തത്തിലും പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലും പ്രതിഷേധിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി ലോക്‌സഭാ അംഗമായ ഡാനിഷ് അലിയെ സംഘടനയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയോട് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ അധ്യക്ഷയായ മായാവതിയും അനുയായികളും അകലം പാലിക്കുന്നതിനിടെയാണ് ഡാനിഷ് അലിയുടെ ഈ തീരുമാനം.
Content Highlight: Danish Ali MP also on Bharat Jodo Nyay Yatra