| Sunday, 24th September 2023, 11:47 pm

സഭയ്ക്കകത്ത് വാക്കുകള്‍ കൊണ്ട് ആക്രമിച്ചു; ഇപ്പോള്‍ പുറത്തും ആക്രമണം: ബി.ജെ.പിക്കെതിരെ ഡാനിഷ് അലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്സഭയിലെ വിവാദ പരാമര്‍ശങ്ങളില്‍ കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ആരോപണവുമായി ബഹുജന്‍ സമാജ് പാര്‍ട്ടി എം.പി. ഡാനിഷ് അലി. സഭയ്ക്കകത്ത് വാക്കുകള്‍ കൊണ്ട് ആക്രമിച്ച ബി.ജെ.പി. നേതാക്കള്‍ സഭയ്ക്ക് പുറത്തും ആക്രമണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച ബി.ജെ.പി എം.പി നിഷികാന്ത് ദുബെയ്‌ക്കെതിരെ നടപടിയെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കെതിരെ ഡാനിഷ് അലി മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് നിഷികാന്ത് ദുബെ നേരത്തെ സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്തയച്ചിരുന്നു. ഡാനിഷ് പ്രധാനമന്ത്രിയെ ആക്ഷേപിച്ചതാണ് ബിധുരിയെ പ്രകോപിപ്പിച്ചതെന്നും കത്തില്‍ പറയുന്നു.

ഒരു എം.പിക്ക് അനുവദിച്ച സമയത്തില്‍ അദ്ദേഹത്തെ തടസപ്പെടുത്തുന്നത്, ഇരുന്ന് കൊണ്ട് സംസാരിക്കുന്നത്, എന്നിവയെല്ലാം പാര്‍ലമെന്റില്‍ ശിക്ഷ ലഭിക്കാവുന്ന കാര്യങ്ങളാണ്. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഞാനൊരു എം.പിയാണ്. കൂടുതല്‍ നേരം ഈ സഭയില്‍ ഇരുന്നിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യം കാണേണ്ടി വരുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ലെന്നും നിഷികാന്ത് ദുബെ ട്വീറ്റ് ചെയ്തു.

ഈ ആരോപണത്തോടാണ് ഡാനിഷ് അലി പ്രതികരിച്ചത്. ദുബെയുടെ പരാമര്‍ശം തന്നെ തല്ലിച്ചതയ്ക്കാനുള്ള തിരക്കഥയുടെ ഭാഗമാണ്. വാക്കുകള്‍ കൊണ്ട് അവര്‍ തന്നെ ആക്രമിക്കുന്നത് സഭയില്‍ തുടരുന്നുണ്ടെന്നും ഡാനിഷ് അലി പറഞ്ഞു.

നേരത്തെ ചന്ദ്രയാന്‍ മൂന്നിന്റെ വിജയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോക്സഭയില്‍ നടക്കുന്നതിനിടെയാണ് ബി.ജെ.പി എം.പി. രമേശ് ബിദുരി അലിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു.

നിരവധി പേരാണ് പരാമര്‍ശത്തെ അപലപിച്ചത്. രാഹുല്‍ ഗാന്ധി അലിയുടെ വീട്ടില്‍ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Content Highlights: Danish Ali MP against BJP

We use cookies to give you the best possible experience. Learn more