യുവേഫ യൂറോ ക്വാളിഫയേഴ്‌സില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ലക്‌സംബര്‍ഗിനെതിരെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം.
കഴിഞ്ഞയാഴ്ച സ്ലോവാക്യക്കെതിരായ മത്സരത്തില്‍ യെല്ലോ കാര്‍ഡ് ലഭിച്ച സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സസ്‌പെന്‍ഡ് ചെയ്തതിനാല്‍ താരത്തിന് ലക്‌സംബര്‍ഗിനെതിരെ കളിക്കാന്‍ സാധിച്ചിരുന്നില്ല.
റൊണാള്‍ഡോ കളിക്കാന്‍ ഇല്ലാതിരുന്നതിനാലാണ് പോര്‍ച്ചുഗലിന് വന്‍ വിജയം നേടാന്‍ സാധിച്ചതെന്നും അദ്ദേഹത്തിന്റെ അഭാവത്തില്‍ ടീമിലെ ഒട്ടുമിക്ക താരങ്ങള്‍ക്കും ഗോള്‍ നേടാന്‍ അവസരം ലഭിച്ചുവെന്നും വിമര്‍ശനങ്ങളുണ്ടായിരുന്നു.
അതിനെതിരെ പ്രതികരിച്ചെത്തിയിരിക്കുകയാണ് പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡിങ് താരം ഡാനിലോ പെരേര. ക്രിസ്റ്റ്യാനോ ഇല്ലാത്തതു കൊണ്ടല്ല തങ്ങള്‍ക്ക് വന്‍ വിജയം നേടാനായതെന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കിലും ഇതേ വിജയം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നെന്നും പെരേര പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് കാബിന്‍ സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ക്രിസ്റ്റ്യാനോ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും ഇതേ വിജയം ഞങ്ങള്‍ നേടുമായിരുന്നു. അദ്ദേഹം ഗോള്‍ നേടിയും അസിസ്റ്റുകള്‍ നല്‍കിയും ഞങ്ങളെ സഹായിക്കുമായിരുന്നു. ഒരിക്കലും അദ്ദേഹത്തിന്റെ അഭാവം കൊണ്ടല്ല ഞങ്ങള്‍ എട്ടും ഒമ്പതും ഗോളുകള്‍ നേടിയത്,’ പെരേര പറഞ്ഞു.
മത്സരത്തില്‍ ഗോണ്‍സാലോ ഇനാസിയോ, ഗോണ്‍സാലോ റാമോസ്, ഡിയാഗോ ജോട്ട എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് , റിക്കാര്‍ഡോ ഹോര്‍ട്ട, ജാവോ ഫെലിക്സ് എന്നിവര്‍ ഓരോ ഗോളുമടിച്ച് പട്ടിക പൂര്‍ത്തിയാക്കി.
മത്സരത്തിന്റെ 12ാം മിനിട്ടില്‍ തന്നെ പോര്‍ച്ചുഗല്‍ ലീഡ് നേടിയിരുന്നു. ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ജെ സ്റ്റാന്‍ഡിങ്സില്‍ ഒന്നാം സ്ഥാനത്ത് തുടരാനും പോര്‍ച്ചുഗലിനായി. ആറ് മത്സരത്തില്‍ നിന്നും ആറ് വിജയമാണ് പോര്‍ച്ചുഗലിനുള്ളത്.
കളിച്ച ഒരു മത്സരത്തിലും ഗോള്‍ വഴങ്ങാതെ വിജയിച്ച പോര്‍ച്ചുഗല്‍ 24 ഗോളാണ് ഈ ആറ് മത്സരത്തില്‍ നിന്നും എതിരാളികളുടെ വലയിലേക്ക് അടിച്ചുകൂട്ടിയത്.
ഒക്ടോബര്‍ 14നാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. സ്ലോവാക്യയാണ് എതിരാളികള്‍.
Content Highlights: Danilo Pereira backs Cristiano Ronaldo