| Sunday, 15th September 2024, 3:15 pm

ക്യാപ്റ്റനായി വിരാട്, ഒപ്പം ഇതിഹാസങ്ങളുടെ ഇതിഹാസങ്ങളും... എന്തിനും പോന്ന ഇലവന്‍, ഇതൊക്കെയല്ലേ ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിലെ തന്റെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡാനിയല്‍ വെറ്റോറി. സച്ചിന്‍ ടെന്‍ഡുല്‍ക്കറും കുമാര്‍ സംഗക്കാരയും അടക്കമുള്ള ഇതിഹാസ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് കിവീസ് ഇടംകയ്യന്‍ സ്പിന്നര്‍ തന്റെ ടീം ഒരുക്കിയിരിക്കുന്നത്. ഈ ഇതിഹാസങ്ങളെ നയിക്കാന്‍ താരം നിയോഗിച്ചതാകട്ടെ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഫ്യൂച്ചര്‍ ലെജന്‍ഡുമായി വിരാട് കോഹ്‌ലിയെയും.

ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ പ്രധാന്യം നല്‍കിയാണ് കിവീസ് ലെജന്‍ഡ് തന്റെ ഓള്‍ ടൈം ഇലവന്‍ ഒരുക്കിയിരിക്കുന്നത്.

ടോപ് ഓര്‍ഡര്‍

മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങാണ് ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തുക. അദ്ദേഹത്തിന്റെ പാര്‍ട്ണറാകട്ടെ ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച ടെസ്റ്റ് താരങ്ങളില്‍ പ്രധാനിയും ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡും. ടെസ്റ്റില്‍ മാത്രമല്ല മറ്റ് ഫോര്‍മാറ്റിലും ദ്രാവിഡിന്റെ ട്രാക്ക് റെക്കോഡ് അപാരമാണ്. (ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങളില്‍ രണ്ടാമന്‍ ഇന്ത്യയുടെ വന്‍മതിലാണെന്നത് ചിലര്‍ക്കെങ്കിലും അറിയാത്ത വസ്തുതയാണ്. അജിത് അഗാര്‍ക്കറാണ് ഒന്നാമന്‍!).

നായകന്‍ വിരാട് കോഹ്‌ലി കൂടിയെത്തുന്നതോടെ ടീമിന്റെ ടോപ് ഓര്‍ഡര്‍ ഏറെ കരുത്തുറ്റതാകും.

മിഡില്‍ ഓര്‍ഡര്‍

പ്രോട്ടിയാസ് ലെജന്‍ഡ് എ.ബി. ഡിവില്ലിയേഴ്‌സാണ് വെറ്റോറിയുടെ ടീമിലെ നാലാമന്‍. ഒരു വിശേഷണങ്ങളുടെയും ആവശ്യമില്ലാത്ത ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് അഞ്ചാം നമ്പറില്‍ ക്രീസിലെത്തുക.

ലങ്കന്‍ ലെജന്‍ഡ് കുമാര്‍ സംഗക്കാരയാകും മിഡില്‍ ഓര്‍ഡറിലെ അവസാന താരം. ഡി വില്ലിയേഴ്‌സിനും സച്ചിനുമൊപ്പം മധ്യനിരയില്‍ സംഗ പടുത്തുയര്‍ത്തുന്ന പാര്‍ട്ണര്‍ഷിപ്പുകളാകും ഏതൊരു മത്സരത്തിന്റെയും ഗതി തിരിക്കുക.

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറായ സംഗക്കാരയെ അല്ല വെറ്റോറി തന്റെ ടീമിന്റെ ഗ്ലൗ മാനാക്കിയിരിക്കുന്നത് എന്നത് ടീമിലെ ഞെട്ടിപ്പിക്കുന്നതും രസകരമായതുമായ ട്വിസ്റ്റാണ്. വിക്കറ്റ് കീപ്പര്‍-ഫിനിഷര്‍ റോളിലേക്ക് മറ്റൊരു ഇതിഹാസത്തെയാണ് വെറ്റോറി പരിഗണിച്ചിരിക്കുന്നത്.

വിക്കറ്റ് കീപ്പര്‍, ഫിനിഷര്‍

ഓസ്‌ട്രേലിയക്കൊപ്പം വിശ്വം വിജയിച്ച ആദം ഗില്‍ക്രിസ്റ്റാണ് വിക്കറ്റിന് പിന്നില്‍ കളത്തിലിറങ്ങുക. ഏഴാം നമ്പറില്‍ താരത്തിന്റെ അറ്റാക്കിങ് അപ്രോച്ച് സ്‌കോര്‍ ബോര്‍ഡിന് വേഗം കൂട്ടുമെന്നുറപ്പാണ്.

പേസും സ്പിന്നും ഇഴചേരുന്ന ബൗളിങ് നിര

ഏതൊരാളെയും പോലെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നര്‍മാരെ തന്നെയാണ് വെറ്റോറിയും തെരഞ്ഞെടുത്തിരിക്കുന്നത്. ഓഫ് സ്പിന്‍ മജീഷ്യന്‍ മുത്തയ്യ മുരളീധരനും ലെഗ് സ്പിന്‍ ലെജന്‍ഡ് ഷെയ്ന്‍ വോണുമാണ് ടീമിലെ സ്പിന്നര്‍മാര്‍.

സ്പിന്‍ നിരയോട് കിടപിടിക്കുന്ന പേസ് നിരയെയും വെറ്റോറി ടീമിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്തും ന്യൂസിലാന്‍ഡ് പ്രൊഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ റിച്ചാര്‍ഡ് ഹാഡ്‌ലിയുമാണ് എതിര്‍ ടീമിനെ തങ്ങളുടെ ബ്രൂട്ടല്‍ പേസ് കൊണ്ട് വരിഞ്ഞുമുറുക്കുക.

ഇതിന് പുറമെ വിക്കറ്റ് കീപ്പര്‍ ഒഴികെ ഏത് റോളിലേക്കും എന്തുകൊണ്ടും അനുയോജ്യനായ ജാക് കാല്ലിസിനെ ട്വല്‍ത് മാനായും വെറ്റോറി ടീമിന്റെ ഭാഗമാക്കിയിട്ടുണ്ട്.

ഡാനിയല്‍ വെറ്റോറിയുടെ ഓള്‍ ടൈം ഇലവന്‍

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ)

രാഹുല്‍ ദ്രാവിഡ് (ഇന്ത്യ)

വിരാട് കോഹ്‌ലി – ക്യാപ്റ്റന്‍ (ഇന്ത്യ)

എ. ബി. ഡി വില്ലിയേഴ്‌സ് (സൗത്ത് ആഫ്രിക്ക)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ)

കുമാര്‍ സംഗക്കാര (ഇന്ത്യ)

ആദം ഗില്‍ക്രിസ്റ്റ് – വിക്കറ്റ് കീപ്പര്‍ (ഓസ്‌ട്രേലിയ)

ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ)

മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക)

ഗ്ലെന്‍ മഗ്രാത് (ഓസ്‌ട്രേലിയ)

റിച്ചാര്‍ ഹാഡ് ലി (ന്യൂസിലാന്‍ഡ്)

ട്വല്‍ത് മാന്‍ – ജാക് കാല്ലിസ് (സൗത്ത് ആഫ്രിക്ക)

Content Highlight: Daniel Vettori picks his all time eleven

We use cookies to give you the best possible experience. Learn more