ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് താരം ഹാരി കെയ്‌നും മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ഏര്‍ലിങ് ഹാലണ്ടും മികച്ച ഫോമിലാണ് ഈ സീസണില്‍ കളിക്കുന്നത്.
കെയ്ന്‍, ഹാലണ്ട് ഇവരില്‍ ആരാണ് ഏറ്റവും മികച്ച സ്ട്രൈക്കര്‍ എന്ന് തെരഞ്ഞെടുത്തിരിക്കുകയാണ് ലിവര്‍പൂളിന്റെയും ചെല്‍സിയുടേയും മുന്‍ താരമായ ഡാനിയല്‍ സ്റ്ററിഡ്ജ്.
ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ആണ് ഏറ്റവും മികച്ച സ്ട്രൈക്കര്‍ എന്നാണ് ഡാനിയല്‍ സ്റ്ററിഡ്ജ് പറഞ്ഞത്.
‘ഹാരി കെയ്ന്‍ ആണ് ഏറ്റവും മികച്ച സ്ട്രൈക്കര്‍. ഇതൊരു ചര്‍ച്ചയാണെന്ന് ഞാന്‍ കരുതുന്നില്ല. കെയ്ന്‍ ഏറ്റവും മികച്ചവനാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഹാലണ്ട് എതിരാളികള്‍ക്ക് എപ്പോഴും ഒരു ഭയം കൊണ്ടുവരുന്നു. എന്റെ മുന്‍ ടീമംഗങ്ങളോടും ഞാന്‍ കളിച്ചിട്ടുള്ളവരോടും ഇതിനെക്കുറിച്ച് ഞാന്‍ ചോദിച്ചിട്ടുണ്ട്. അവര്‍ പറയുന്നത് ഡിഫന്‍ഡര്‍മാര്‍ക്ക് ഹാലണ്ട് കളിക്കുമ്പോള്‍ ഉള്ള ഭയം വ്യത്യസ്തമാണെന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ ഹാരി കേയ്‌നെതിരെ കളിക്കുമ്പോള്‍ അവന്റെ കഴിവ് എന്താണെന്ന് ഡിഫന്റര്‍മാര്‍ക്ക് നന്നായി അറിയാം. അവന്‍ കളിക്കളത്തില്‍ ഓള്‍റൗണ്ട് ഗെയിം ആണ് പുറത്തെടുക്കുക. ഈ സാഹചര്യത്തില്‍ ഹാലണ്ട് കെയ്‌നേക്കാള്‍ മികച്ച ഫിനിഷറാണെന്ന് ഞാന്‍ കരുതുന്നില്ല. കെയ്ന്‍ ഇപ്പോഴും ഹാലണ്ടിന് അരികിലായിരിക്കുമെന്ന് ഞാന്‍ പറയും,’ സ്റ്ററിഡ്ജ് സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഹാരി കെയ്ന്‍ ഈ സീസണിലാണ് ഇംഗ്ലീഷ് വമ്പന്‍മാരായ ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നും ബയേണ്‍ മ്യൂണിക്കില്‍ എത്തുന്നത്. ജര്‍മന്‍ വമ്പന്‍മാരൊപ്പം മിന്നും ഫോമിലാണ് താരം കളിക്കുന്നത്.
17 മത്സരങ്ങളില്‍ നിന്നും 21 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് കെയ്ന്റെ അക്കൗണ്ടിലുള്ളത്. ബുണ്ടസ്ലീഗയിലെ ചരിത്രം നേട്ടം ഹാരി കെയ്ന്‍ സ്വന്തം പേരിലാക്കിയിരുന്നു. ബുണ്ടസ്ലീഗ ചരിത്രത്തില്‍ ആദ്യ 11 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ഹാരി കെയ്ന്‍ സ്വന്തമാക്കിയത്.
അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി താരം ഏര്‍ലിങ് ഹാലണ്ടും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 18 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകളും നാല് അസിസ്റ്റുകളും ഹാലണ്ട് നേടിയത്.
Content Highlight: Daniel Sturridge reveals who is the best striker Harry kane or Erling Haaland.