എംബാപ്പെയ്‌ക്കെതിരെ കാണികള്‍ കൂവിയതില്‍ അത്ഭുതമില്ല; തുറന്നടിച്ച് ഡാനിയല്‍ റിയോളോ
Sports News
എംബാപ്പെയ്‌ക്കെതിരെ കാണികള്‍ കൂവിയതില്‍ അത്ഭുതമില്ല; തുറന്നടിച്ച് ഡാനിയല്‍ റിയോളോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th September 2024, 2:35 pm

ചൊവ്വാഴ്ച നടന്ന നേഷന്‍സ് ലീഗില്‍ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളിന് ബെല്‍ജിയത്തെ തോല്‍പ്പിച്ചിരുന്നു. ലീഗിലെ ഉദ്ഘാടനമത്സരത്തില്‍ ഇറ്റലിക്കെതിരെ തോല്‍വി വഴങ്ങിയായിരുന്നു ഫ്രഞ്ച് പട തുടങ്ങിയത്.

എന്നാല്‍ ബെല്‍ജിയത്തിനെതിരെ മികച്ച തിരിച്ചുവരവായിരുന്നു ടീം കാഴ്ചവെച്ചത്.ഫ്രാന്‍സിന് വേണ്ടി 29ാം മിനിട്ടില്‍ റാന്‍ഡല്‍ കോളോ മുവാനിയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് ഒസ്മാനെ ഡെബെലി 57ാം മിനിട്ടില്‍ ഫ്രാന്‍സിന്റെ ലീഡ് ഉയര്‍ത്തുകയായിരുന്നു.

എന്നാല്‍ മത്സരത്തില്‍ ഫ്രാന്‍സിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെക്ക് ആദ്യ പകുതിയില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ടീം ലീഡ് നേടിയതോടെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് എംബാപ്പെയ്ക്ക് അവസരം നല്‍കിയെങ്കിലും താരത്തിന് അവസരം മുതലാക്കാന്‍ സാധിച്ചില്ല.

മത്സരത്തില്‍ ഉടനീളം കാണികള്‍ എംബാപ്പയെ കൂവുകയും കളിയാക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫ്രഞ്ച് ഫുട്‌ബോള്‍ നിരീക്ഷനായ ഡാനിയല്‍ റിയോളോ സംസാരിച്ചിരിക്കുകയാണ്.

‘ഫ്രഞ്ച് ടീമിന്റെ കളി കാണുന്നത് ആരാധകരെ തന്നെ ബോറടിപ്പിക്കുന്ന ഒരു കാര്യമാണ്. അത് ദെഷാംപ്‌സ് മനസിലാക്കണം. ഒരുപാട് തവണ ഈ പരിശീലകനെ രക്ഷിച്ചത് എംബപ്പെയുടെ പ്രകടനമാണ്. എന്നാല്‍ അവന്റെ പ്രകടനവും ഇപ്പോള്‍ പരിതാപകരമാണ്.

2022ലെ വേള്‍ഡ് കപ്പിന് ശേഷം എംബപ്പെ ഒരു ശരാശരി താരം മാത്രമാണ്. നിലവില്‍ ഫ്രഞ്ച് ടീമും എംബാപ്പെയും പിറകോട്ട് നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആരാധകരില്‍ നിന്നും കൂവലുകള്‍ ഏല്‍ക്കേണ്ടി വന്നതില്‍ എനിക്ക് അത്ഭുതമൊന്നുമില്ല,’ ഡാനിയല്‍ റിയോളോ പറഞ്ഞു.

മത്സരത്തില്‍ ഫ്രാന്‍സായിരുന്നു പൂര്‍ണ ആധിപത്യം സ്ഥാപിച്ചത്. 25 ഷോട്ടുകളാണ് ബെല്‍ജിയത്തിനെതിരെ അടിച്ചത്. കേവലം ഒമ്പത് ഷോട്ടുകള്‍ മാത്രം അടിക്കാന്‍ കഴിഞ്ഞ ബെല്‍ജിയത്തിന്റെ അതേ എണ്ണമാണ് ഫ്രാന്‍സ് ടാര്‍ഗറ്റില്‍ എത്തിച്ചത്.

നിലവില്‍ ലീഗ് എയിലെ രണ്ടാം ഗ്രൂപ്പില്‍ രണ്ടാമതാണ് ഫ്രാന്‍സ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരുവിജയവും ഒരു തോല്‍വിയുമടക്കം മൂന്ന് ടീമിനുള്ളത്. ഒന്നാം സ്ഥാനത്ത് ഇറ്റലി രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങള്‍ ആറ് പോയിന്റ് നേടിയിട്ടുണ്ട്.

 

Content Highlight: Daniel Riolo Talking About Kykian Mbappe And France Football Team