'അദ്ദേഹം ക്ലബ്ബില്‍ തുടരുന്നതിനോട് മിക്ക ആളുകള്‍ക്കും താത്പര്യമില്ല'; പി.എസ്.ജി സൂപ്പര്‍ താരത്തെ കുറിച്ച് ഡാനിയല്‍ റയോലോ
Football
'അദ്ദേഹം ക്ലബ്ബില്‍ തുടരുന്നതിനോട് മിക്ക ആളുകള്‍ക്കും താത്പര്യമില്ല'; പി.എസ്.ജി സൂപ്പര്‍ താരത്തെ കുറിച്ച് ഡാനിയല്‍ റയോലോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th July 2023, 1:09 pm

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയില്‍ തുടരുന്നതിനോട് മിക്ക ആളുകള്‍ക്കും താല്‍പര്യമില്ലെന്ന് ആര്‍.എം.സി സ്‌പോര്‍ട്ട് ജേണലിസ്റ്റ് ഡാനിയേല്‍ റയോളോ. നെയ്മറെ ഇനിയും ക്ലബ്ബില്‍ പിടിച്ച് നിര്‍ത്തേണ്ട കാര്യമില്ലെന്നും തുടര്‍ പരിക്കുകളാല്‍ കഷ്ടപ്പെടുന്ന ഒരു താരത്തെ വെച്ച് ടീം ബില്‍ഡ് ചെയ്യുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

‘സത്യം നമ്മള്‍ മനസിലാക്കണം, മിക്ക ആളുകള്‍ക്കും നെയ്മറോട് താല്‍പര്യമില്ല. നെയ്മറെ ക്ലബ്ബ് ഇനിയും ടീമില്‍ പിടിച്ചു നിര്‍ത്തേണ്ട കാര്യമുണ്ടോ? ശാരീരിക ക്ഷമതയില്ലായ്മയിലും തുടര്‍ പരിക്കുകളിലും കഷ്ടപ്പെടുന്ന നെയ്മറെ വെച്ച് എങ്ങനെയാണ് ഒരു ടീം ബില്‍ഡ് ചെയ്യുക.

അദ്ദേഹം മികവോടെ തിരിച്ചുവരുമെന്ന് തന്നെ വിചാരിക്കുക, പക്ഷെ അത് കൊണ്ട് നെയ്മറെ വെച്ച് ഒരു ടീം ഉണ്ടാക്കിക്കളയാമെന്നൊന്നും നിങ്ങള്‍ വിചാരിക്കരുത്. കാരണം ഏത് നിമിഷവും മറ്റൊരു ക്ലബ്ബിലേക്ക് അദ്ദേഹം ചേക്കേറിയേക്കാം,’ ഡാനിയേല്‍ റയോലൊ പറഞ്ഞു.

അതേസമയം, നെയ്മറിന്റെ പി.എസ്.ജിയിലെ ഭാവി അനിശ്ചിതത്വത്തിലാണ്. 2025 വരെ ക്ലബ്ബുമായി താരത്തിന് കരാര്‍ ഉണ്ടെങ്കിലും താരത്തെ പുറത്താക്കാന്‍ പി.എസ്.ജി പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മറിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ച പി.എസ്.ജി നെയ്മറടക്കം പലരെയും പുറത്താക്കാന്‍ പദ്ധതിയിടുകയായിരുന്നു.

നെയ്മറെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്‌കൈ സ്പോര്‍ട്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം നെയ്മറിന് പി.എസ്.ജിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുള്ളതിനാല്‍ താരത്തെ സ്വന്തമാക്കുന്നതിന് ചെല്‍സിക്ക് വലിയ തുക ചെലവാക്കേണ്ടി വരും. താരവുമായുള്ള സൈനിങ്ങിന് മറ്റ് തടസങ്ങളൊന്നുമില്ലാത്ത പക്ഷം ബ്രസീല്‍ സൂപ്പര്‍താരം ഇനി ബ്ലൂസിനൊപ്പം കളിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Daniel Riolo about Neymar’s PSG contract