'ബയേണ്‍ ഞങ്ങളെക്കാള്‍ ശക്തിയുള്ളവരായിരുന്നു'; തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് പി.എസ്.ജി താരം
Football
'ബയേണ്‍ ഞങ്ങളെക്കാള്‍ ശക്തിയുള്ളവരായിരുന്നു'; തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് പി.എസ്.ജി താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th March 2023, 8:21 am

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് 16ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. അലയന്‍സ് അരേനയില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക്ക് പി.എസ്.ജിയെ കീഴ്‌പ്പെടുത്തിയത്. ഇതോടെ പി.എസ്.ജി ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് എലിമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു.

ക്രിസ്റ്റഫ് ഗാള്‍ട്ടിയറിന്റെ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും ഉണ്ടായിരുന്നിട്ടും മത്സരത്തില്‍ ബയേണിനെ വിറപ്പിക്കാനായത് സെര്‍ജിയോ റാമോസിന് മാത്രമായിരുന്നു. താരത്തിന് സ്‌കോര്‍ ചെയ്യാനുള്ള രണ്ടവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഗോളാക്കാന്‍ സാധിച്ചില്ല.

തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി.എസ്.ജി താരം ഡാനിലോ പെരേര. ബയേണ്‍ തങ്ങളെക്കാള്‍ ശക്തരായിരുന്നെന്നും അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അത് വിനിയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നിര്‍ഭാഗ്യവശാല്‍, ബയേണ്‍ ഞങ്ങളെക്കാളും ശക്തിയുള്ളവരാണെന്ന് പറയേണ്ടിയിരിക്കുന്നു. രണ്ടാം പകുതിയില്‍ ഞങ്ങള്‍ക്ക് അവസരങ്ങളുണ്ടായിരുന്നു, പക്ഷെ അത് വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ചാമ്പ്യന്‍സ് ലീഗില്‍ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞങ്ങള്‍ക്ക് പിഴവുകള്‍ സംഭവിച്ചു. ഇങ്ങനെ പുറത്തുപോവുക എന്നത് വളരെ കഠിനമാണ്. അവര്‍ ഡുവല്‍സ് ജയിച്ചിട്ടുള്ള ശക്തരായ ടീമാണ്. ഞങ്ങള്‍ക്ക് ജയിക്കാനായില്ല.

എനിക്ക് വാക്കുകളില്ല. ഞങ്ങളുടെ ടീം പുരോഗമിക്കുന്നുണ്ട്. അതിന് വേണ്ടി ഞങ്ങള്‍ ഒറ്റക്കെട്ടായാണ് കളിക്കുന്നത്. ആരും വ്യക്തിഗതമായി പോരാടുന്നില്ല. എനിക്ക് തോന്നുന്നു ഞങ്ങള്‍ ഇങ്ങനെ തന്നെ മുന്നേറണമെന്ന്.

മികച്ച ക്ലബ്ബ് എന്ന നിലക്ക് ഞങ്ങള്‍ വളരെ അഭിമാനം കൊള്ളുന്നുണ്ട്. ഇപ്പോള്‍ ഒരുമിച്ച് ജോലി ചെയ്ത് മുന്നേറുകയാണ് പ്രധാനം,’ ഡാനിലോ പറഞ്ഞു

അതേസമയം, മത്സരത്തിന്റെ 61ാം മിനിട്ടില്‍ എറിക് മാക്‌സിം ചൂപ്പോയുടെ ഗോളിലൂടെ ബയേണ്‍ ലീഡുയര്‍ത്തുകയായിരുന്നു. 89ാം മിനിട്ടില്‍ സെര്‍ജ് ഗ്നാബ്രിയുടെ ഗോളോടെ ബയേണിന് സ്വന്തം തട്ടകത്തില്‍ ജയമുറപ്പിക്കാനായി.

Content Highlights: Daniel Pereira responds after the loss against Bayern Munich in UEFA Champions league