ഓള്‍ ഫോര്‍മാറ്റ് പ്ലെയര്‍ എന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ സാധിക്കുന്ന ഒരു ബാറ്ററുടെ പ്രകടനം കണ്ട് അന്തം വിട്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കൗണ്ടി ക്രിക്കറ്റില്‍ ടി-20യിലും ടെസ്റ്റിലും ഒരുപോലെ തകര്‍ത്തടിച്ച കെന്റിന്റെ ഡാനിയല്‍ ബെല്‍-ഡ്രുമോണ്ടിന്റെ പ്രകടനമാണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്.
ജൂണ്‍ 23ന് മിഡില്‍സെക്‌സിനെതിരെ ടി-20യില്‍ സെഞ്ച്വറി നേടിയ ഡ്രുമോണ്ട് ടെസ്റ്റ് ഫോര്‍മാറ്റില്‍ നോര്‍താംപ്ടണ്‍ഷെയറിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണ് കരുത്ത് കാട്ടിയത്.
വൈറ്റാലിറ്റി ബ്ലാസ്റ്റ് ഗ്രൂപ്പ് സ്റ്റേജില്‍ കെന്റ് – മിഡില്‍സെക്‌സ് മത്സരത്തിലാണ് താരം വെടിക്കെട്ടിന് തിരികൊളുത്തിയത്. 58 പന്തില്‍ നിന്നും 12 ബൗണ്ടറിയുടെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 111 റണ്‍സാണ് ഡ്രുമോണ്ട് സ്വന്തമാക്കിയത്.
താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ ബലത്തില്‍ കെന്റ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി. ഡ്രുമോണ്ടിന് പുറമെ അര്‍ധ സെഞ്ച്വറിയടിച്ച തവാന്‍ഡ മുയേയയും 20 പന്തില്‍ നിന്നും 30 റണ്‍സ് നേടിയ ജോ ഡെന്‍ലിയും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
229 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ മിഡില്‍സെക്‌സിന് 19 ഓവറില്‍ 173 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 20 പന്തില്‍ നിന്നും 48 റണ്‍സ് നേടിയ ലൂക് ഹോള്‍മാനാണ് മിഡില്‍സെക്‌സിന്റെ ടോപ് സ്‌കോററര്‍.
കെന്റിനായി ജോയ് എവിസണ്‍, ജോര്‍ജ് ലിന്‍ഡെ, ഗ്രാന്‍ഡ് സ്റ്റുവര്‍ട്ട് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വെസ് അഗര്‍ ശേഷിക്കുന്ന വിക്കറ്റും സ്വന്തമാക്കി.
വൈറ്റാലിറ്റി ബ്ലാസ്റ്റിലെ മാച്ചിന് ശേഷം കൗണ്ടി ചാമ്പ്യന്‍ഷിപ്പിനാണ് കെന്റ് ഇറങ്ങിയത്. നൊര്‍താംപ്ടണ്‍ഷെയറായിരുന്നു എതിരാളികള്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നോര്‍താംപ്ടണ്‍ഷെയര്‍ ആദ്യ ഇന്നിങ്‌സില്‍ 237 റണ്‍സ് നേടി. 147 പന്തില്‍ നിന്നും 97 റണ്‍സ് നേടിയ റോബ് കിയോയുടെ സ്‌കോറിങ്ങിന്റെ ബലത്തിലാണ് നോര്‍താംപ്ടണ്‍ഷെയര്‍ 237 എന്ന മോശമല്ലാത്ത സ്‌കോറിലേക്കുയര്‍ന്നത്. കിയോക്ക് പുറമെ സാം വൈറ്റ്മാനും സ്‌കോറിങ്ങില്‍ തന്റേതായ സംഭാവന നല്‍കി.
കെന്റിനായി വെസ് അഗര്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഹാമിദുള്ള ഖാദിരി മൂന്ന് വിക്കറ്റും അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ കെന്റിന്റെ റണ്‍മഴയില്‍ നോര്‍താംപ്ടണ്‍ഷെയര്‍ ഒലിച്ചുപോവുകയായിരുന്നു. സെഞ്ച്വറി തികച്ച മുയേയയുടെയും പുറത്താകാതെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഡ്രുമോണ്ടിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ 621 റണ്‍സാണ് കെന്റ് നേടിയത്.
384 റണ്‍സിന്റെ കടവുമായി ഇറങ്ങിയ നോര്‍താംപ്ടണ്‍ഷെയര്‍ 15 റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചപ്പോള്‍ കെന്റ് ഇന്നിങ്‌സിനും 15 റണ്‍സിനും വിജയം തങ്ങളുടെ പേരിലാക്കി. ഈ രണ്ട് മത്സരത്തിലെയും താരം ഡാനിയല്‍ ബെല്‍-ഡ്രുമോണ്ട് തന്നെയായിരുന്നു.
Content highlight: Daniel Bell-Drmmond’s brilliant innings for Kent