ലാ ലീഗയില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ജിറോണയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ട് ബാഴ്‌സലോണ പുതിയ സീസണിലെ തങ്ങളുടെ തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്തമാക്കിയിരുന്നു.
മത്സരം വിജയിച്ചെങ്കിലും ബാഴ്‌സ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. ബാഴ്‌സലോണയുടെ സ്പാനിഷ് സൂപ്പര്‍താരം ഡാനി ഓല്‍മോ പരിക്ക് പറ്റി പുറത്തായിരിക്കുകയാണ്.
താരത്തിന് വരാനിരിക്കുന്ന ആറ് മത്സരങ്ങള്‍ എങ്കിലും നഷ്ടമാവുമെന്നാണ് എല്‍ചീരിഎന്‍ഗുയ്‌റ്റോ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് മത്സരങ്ങള്‍ കഴിഞ്ഞു നടക്കുന്ന സെവിയ്യക്കെതിരെ നടക്കുന്ന മത്സരവും ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പമുള്ള മത്സരം നഷ്ടമാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഈ സീസണില്‍ ജര്‍മന്‍ ക്ലബ്ബായ ആര്‍.ബി ലെപ്‌സിഗില്‍ നിന്നുമാണ് താരത്തെ ബാഴ്‌സ സ്വന്തമാക്കിയത്. 62 മില്യണ്‍ യൂറോക്കാണ് ഓല്‍മോയെ ബാഴ്സ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ആറ് വര്‍ഷത്തെ കരാറിലാണ് താരത്തെ കറ്റാലന്മാര്‍ റാഞ്ചിയത്.
ബുണ്ടസ് ലീഗയില്‍ ആര്‍.ബി ലെപ്‌സിഗിന് വേണ്ടി കഴിഞ്ഞ സീസണില്‍ 25 മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് സ്പാനിഷ് താരം നേടിയത്. മുന്നേറ്റനിരയില്‍ വ്യത്യസ്ത വിങ്ങുകളില്‍ കളിക്കാനുള്ള കഴിവാണ് താരത്തെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
അടുത്തിടെ അവസാനിച്ച യൂറോകപ്പില്‍ സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഓല്‍മോക്ക് സാധിച്ചിരുന്നു. മൂന്ന് ഗോളും രണ്ട് അസിസ്റ്റും നേടികൊണ്ടാണ് താരം യൂറോയില്‍ കളംനിറഞ്ഞു കളിച്ചത്.
ഈ സീസണില്‍ സ്പാനിഷ് വമ്പന്‍മാര്‍ക്ക് വേണ്ടി മൂന്ന് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകളാണ് ഡാനി നേടിയത്. താരത്തിന്റെ അഭാവം ബാഴ്‌സക്ക് വലിയ തിരിച്ചടിയായിരിക്കും വരും മത്സരങ്ങളില്‍ നല്‍കുക.
Content Highlight: Dani Olmo Injury and Miss Six Matches For Barcelona