| Monday, 23rd September 2024, 11:28 am

ആ ഇതിഹാസങ്ങൾ വീണ്ടും ഒരുമിച്ച് കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു: ഡാനി കാർവജാൽ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഒരുമിച്ചു കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് സൂപ്പർതാരം ഡാനി കാര്‍വജാല്‍. മാധ്യമപ്രവര്‍ത്തകനായ ഡാനിയല്‍ ഹബീഫിനോട് സംസാരിക്കുകയായിരുന്നു റയല്‍ താരം.

‘മെസിയും റൊണാള്‍ഡോയും തുല്യരാണ്. അവരെ രണ്ടുപേരെയും ഒരുപോലെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇവരില്‍ നിന്നും ഒരാളെ എനിക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കില്ല. കാരണം അവര്‍ രണ്ടുപേരും വളരെ വ്യത്യസ്തരാണെന്ന് ഞാന്‍ കരുതുന്നു.

കളിക്കളത്തില്‍ പുറകോട്ടു പോയി പന്ത് സ്വീകരിക്കാനും ആക്രമണങ്ങള്‍ സൃഷ്ടിക്കാനുമുള്ള കഴിവ് മെസിക്കുണ്ട്. മത്സരങ്ങളില്‍ ഗോളുകള്‍ നേടുന്നതിനും കൃത്യമായി ഫിനിഷ് ചെയ്യുന്നതിലും ക്രിസ്റ്റ്യാനോ മികച്ചുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ രണ്ടുപേരും ഒരുമിച്ചു കളിക്കുകയാണെങ്കില്‍ അത് കാണാന്‍ നല്ല രസമായിരിക്കും,’ സ്പാനിഷ് താരം പറഞ്ഞു.

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാന്‍ഡ്രഡിന് വേണ്ടി 165 മത്സരങ്ങളിലാണ് റൊണാള്‍ഡോക്കൊപ്പം കാര്‍വജാല്‍ കളിച്ചിട്ടുള്ളത്. ഇതില്‍ ഇരുവരും ചേര്‍ന്ന് 15 സംയുക്ത ഗോളുകളും നേടിയിട്ടുണ്ട്. മറുഭാഗത്ത് മെസിക്കെതിരെ 19 മത്സരങ്ങളിലാണ് സ്പാനിഷ് താരം കളിച്ചത്. ഇതില്‍ ഏഴ് തവണ ഡാനി വിജയിച്ചപ്പോള്‍ ഒമ്പത് തവണ മെസിക്കൊപ്പമായിരുന്നു വിജയം. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയും ചെയ്തു.

നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തില്‍ മെസിക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനു പിന്നാലെ ധാരാളം മത്സരങ്ങള്‍ മെസിക്ക് നഷ്ടമായിരുന്നു.

പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടനമായിരുന്നു മയാമിക്ക് വേണ്ടി നടത്തിയിരുന്നത്. ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്.

മറുഭാഗത്ത് റൊണാള്‍ഡോ നിലവില്‍ തന്റെ പ്രായത്തെപോലും കാഴ്ചക്കാരനാക്കി കൊണ്ടുള്ള പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ റൊണാള്‍ഡോ സൗദി പ്രൊ ലീഗില്‍ അല്‍ നസറിന് വേണ്ടി മിന്നും ഫോമിലാണ് കളിക്കുന്നത്.

യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു.

Content Highlight: Dani Carvajal Talks About Lionel Messi and Cristaino Ronaldo

We use cookies to give you the best possible experience. Learn more