|

മെസി അര്‍ജന്റീനയുടെ മികച്ച താരം, എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരം...തുറന്ന് പറഞ്ഞ് കാര്‍വാജല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസതാരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരിലും ആരാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം എന്ന ആരാധകരുടെ ചര്‍ച്ചകള്‍ ഇപ്പോഴും അറ്റം കാണാതെ പോകുകയാണ്.

ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റൊണാള്‍ഡോ തിളങ്ങുന്നത്. 927 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ആയിരം വ്യക്തിഗത ഗോള്‍ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് റോണോ. എന്നാല്‍ മെസി 852 കരിയര്‍ ഗോളുമായി റോണോയുടെ പിന്നിലുണ്ട്. മെസി എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുമ്പോള്‍ റോണോ സൗദി ക്ലബ്ബായ അല്‍ നസറിലാണ് കളിക്കുന്നത്.

ഇപ്പോള്‍ ഇരു താരങ്ങളെക്കുച്ചും സംസാരിക്കുകയാണ് സ്പാനിഷ് താരം ഡാനി കാര്‍വാജല്‍. മെസി അര്‍ജന്റീനയുടെ മികച്ച താരമാണെന്നതില്‍ ഒരു സംശയവുമില്ലെന്നും എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണെന്നുമാണ് കാര്‍വാജല്‍ പറഞ്ഞത്.

‘മെസി അര്‍ജന്റീനയുടെ ഏറ്റവും മികച്ച കളിക്കാരനാണെന്നതില്‍ എനിക്ക് സംശയമില്ല, പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്,’ കാര്‍വാജല്‍ പറഞ്ഞു.

അതേസമയം നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി പോര്‍ച്ചുഗല്‍ സ്‌ക്വാഡില്‍ പുറത്ത് വിട്ടിരുന്നു. ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ 26 അംഗങ്ങളുള്ള പോര്‍ച്ചുഗല്‍ സ്‌ക്വാഡിനെയാണ് പുറത്ത് വിട്ടത്.

റൊണാള്‍ഡോയെ നായകനാക്കി പ്രഖ്യാപിച്ച സ്‌ക്വാഡില്‍ സ്റ്റാര്‍ ഡിഫന്റര്‍ റൂബന്‍ ഡയസ് തിരിച്ചെത്തി. മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ ഡയസ് (27) പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരുന്നു.

Content Highlight: Dani Carvajal Talking About Lionel Messi And Cristiano Ronaldo