ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ് സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി മോശം അവസ്ഥയിലൂടെയാണ് ടീം കടന്നുപോകുന്നത്. ലയണല്‍ മെസിയടങ്ങുന്ന സൂപ്പര്‍താരങ്ങള്‍ ക്ലബ്ബ് വിട്ടത് സാരമായി ടീമിനെ ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ടീമിന്റെ മോശം അവസ്ഥയില്‍ ഇതിഹാസ ഡിഫന്‍ഡറായ ഡാനി അല്‍വസ് ടീമില്‍ വന്നിരുന്നു. എന്നാല്‍ ഈ സീസണില്‍ താരത്തിന്റെ കരാര്‍ പുതുക്കാന്‍ ബാഴ്‌സ തയ്യാറായില്ല.
ബാഴ്സലോണയില്‍ നിന്നും തന്നെ ഒഴിവാക്കിയതിലുള്ള നിരാശ വ്യക്തമാക്കിയിരിക്കുകയാണ് ബ്രസീലിയന്‍ താരം ഡാനി ആല്‍വസ്. ക്ലബിന്റെ അധികാരം കയ്യാളുന്നവര്‍ ഐതിഹാസികമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരങ്ങളെ അവമതിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഡാനി ആല്‍വസ് പറഞ്ഞത്. ക്ലബില്‍ നിന്നുമുള്ള തന്റെ വിടവാങ്ങല്‍ കൈകാര്യം ചെയ്ത രീതിയില്‍ നിരാശയുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സീസണിനിടയിലാണ് ഡാനി ആല്‍വസ് ബാഴ്സയില്‍ തിരിച്ചു വന്നത്. പതിനേഴ് മത്സരങ്ങള്‍ ക്ലബ്ബിന് വേണ്ടി കളിച്ച താരത്തിന് ഖത്തര്‍ ലോകകപ്പ് വരാനിരിക്കെ ബാഴ്സയില്‍ തന്നെ തുടരാനായിരുന്നു ആഗ്രഹമെങ്കിലും കരാര്‍ അവസാനിച്ചത് പുതുക്കാന്‍ ബാഴ്സലോണ തയ്യാറായില്ല. നിലവില്‍ ഫ്രീ ഏജന്റായി മറ്റൊരു ക്ലബ്ബിനെ കാത്തിരിക്കുകയാണ് താരം.
ടീമില്‍ തിരിച്ചെത്തിയത്ല്‍ ഒരുപാട് സന്തോഷമുണ്ടായിരുന്നെങ്കിലും തിരിച്ചുപോകുന്നതില്‍ സങ്കടമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ഞാന്‍ സങ്കടത്തോടു കൂടിയല്ല ഇവിടം വിടുന്നത്. ബാഴ്സയിലേക്ക് തിരിച്ചു വന്നതില്‍ ഞാന്‍ സന്തോഷത്തിലായിരുന്നു. ഈ രണ്ടാം അവസരത്തിനായി ഞാന്‍ അഞ്ച് വര്‍ഷങ്ങളോളം കാത്തിരുന്നു. ഞാന്‍ ക്ലബ്ബ് വിട്ടതിനെ കൈകാര്യം ചെയ്തത് മാത്രമാണ് എനിക്ക് ഇഷ്ടപ്പെടാതിരുന്നത്,’
‘ഞാന്‍ ഇരുപത് വയസുള്ള ആ പഴയ താരമല്ലെങ്കിലും ഒന്നും മറച്ചു വെക്കാനില്ലാതെ, തലയുയര്‍ത്തിപ്പിടിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് വന്നയന്നു മുതല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ക്ലബ്ബ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അന്യായമാണ് ചെയ്യുന്നത്. ക്ലബ്ബിനു വേണ്ടി ചരിത്രം സൃഷ്ടിച്ച താരങ്ങളെ അവര്‍ അവമതിക്കുകയാണ്,’
‘ഒരു ക്യൂള്‍ എന്ന നിലയില്‍ ബാഴ്സലോണ വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. ഞാന്‍ എന്റെ കാര്യമല്ല പറയുന്നത്, കാരണം എന്റെ കാര്യം അതില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ്. എന്നെ തിരിച്ചെത്തിച്ചതില്‍ പരിശീലകന്‍ സാവിയോടും പ്രസിഡന്റ് ലപോര്‍ട്ടയോടും എനിക്ക് എക്കാലവും കടപ്പാടുണ്ട്,’ ഡാനി ആല്‍വസ് ദി ഗാര്‍ഡിയനോട് പറഞ്ഞു.
ബാഴ്‌സലോണക്ക് മികച്ച യുവതാരങ്ങളുണ്ടെന്നും കളിക്കളത്തിന് പുറത്തുള്ള കാര്യങ്ങളെല്ലാം ശരിയാക്കിയാല്‍ മികച്ച ടീമാകാന്‍ സാധിക്കുമെന്നും താരം പറഞ്ഞു.
Content Highlights: Dani Alves slams Barcelona