| Friday, 16th September 2022, 4:06 pm

പെലെ മികച്ച താരമാണ് എന്നാല്‍ മെസി ചെയ്തതിന്റെ അത്രയും അദ്ദേഹം ചെയ്തിട്ടില്ല; ബ്രസീല്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോള്‍ ഇതിഹാസ താരങ്ങളായ പെലെ, മെസി എന്നിവരെക്കുറിച്ച് തന്റെ നിരീക്ഷണങ്ങളെ കുറിച്ച് പറഞ്ഞ് മുന്‍ ബാഴ്സലോണ താരം ഡാനി ആല്‍വസ്. ബ്രസീലിയന്‍ താരം പെലെയാണോ അര്‍ജന്റീനയുടെ മെസിയാണോ മികച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മെസിയാണ് തന്റെ പ്രിയ താരമെന്നായിരുന്നു ആല്‍വസിന്റെ മറുപടി. പെലെക്ക് ഫുട്ബോള്‍ എന്ന കളിയില്‍ മാറ്റം വരുത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ മെസി മാറ്റിയത് ഒരു തലമുറയെ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു കാര്യത്തില്‍ ഞാന്‍ പെലെക്കൊപ്പമാണ്. ഫുട്ബോളില്‍ നല്ല മാറ്റം വരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മെസിയെ സംബന്ധിച്ച് അദ്ദേഹം ഒരു തലമുറയെ തന്നെയാണ് മാറ്റിയത്. ആരാണ് മികച്ച കളിക്കാരനെന്ന് നിങ്ങളെന്നോട് ചോദിക്കുകയാണെങ്കില്‍ അത് ലയണല്‍ മെസിയാണെന്നേ ഞാന്‍ പറയൂ. പെലെ മികച്ച താരമെന്ന സ്ഥാനത്തേക്ക് ഫിറ്റ് ആകില്ല’.

എട്ട് വര്‍ഷത്തോളം ഡാനി ആല്‍വസ് ബാഴ്സലോണക്ക് വേണ്ടി കളിച്ചിരുന്നു. മൂന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് അടക്കം നിരവധി മത്സരങ്ങളില്‍ ഡാനി ആല്‍വസ് മെസിക്കൊപ്പം കളിച്ച് കിരീടം നേടിയിട്ടുണ്ട്.

2021-22 ലെ സീസണില്‍ ആല്‍വസ് ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്തിയിരുന്നു. അതേസമയം സമ്മര്‍ ട്രാന്‍സ്ഫറില്‍ മെസി ഡാനിയുടെ മുന്‍ ടീമായ പി.എസ്.ജിയിലേക്ക് മാറുകയായിരുന്നു.

നിലവില്‍ ഏഴ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച മെസിയെ മികച്ച ഫുട്ബോള്‍ കളിക്കാരനായി കണക്കാക്കുന്നവരുണ്ട്. പെലെ, മറഡോണ, റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പം ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ മുന്‍പന്തിയില്‍ തന്നെ ചേര്‍ത്തു വെക്കുന്നതാണ് ലയണല്‍ മെസിയെയും.

അതേസമയം, ട്രോഫിയുടെ എണ്ണത്തില്‍ മെസി തന്നെ മറികടന്നാല്‍ 50 വയസുവരെ ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കുമെന്നും ആല്‍വസ് പറഞ്ഞിരുന്നു. 43 ട്രോഫികളാണ് ആല്‍വസ് വിവിധ ക്ലബ്ബുകളിലായി കരിയറില്‍ സ്വന്തമാക്കിയത്. തൊട്ടുപിന്നാലെയുള്ള മെസിക്ക് 41 ട്രോഫികളുണ്ട്. തന്റെ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു 39 വയസുകാരനായ ആല്‍വസിന്റെ മറുപടി.

‘എല്ലായ്പ്പോഴും അജ്ഞാതമായതിനാല്‍ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നെ മുമ്പോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ജീവിത്തെ അനുവദിച്ചു. ട്രോഫിയുടെ എണ്ണത്തില്‍ മെസി എന്നെ മറികടന്നാല്‍ , 50 വയസ് വരെ ഞാന്‍ ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കും,’ ആല്‍വസ് പറഞ്ഞു.

Content Highlight: Dani Alves says Messi is better than Pele

We use cookies to give you the best possible experience. Learn more