Football
മെസി എന്നെ മറികടന്നാല്‍ ഞാന്‍ 50 വയസുവരെ കളിക്കും; വെളിപ്പെടുത്തലുമായി സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 16, 10:15 am
Friday, 16th September 2022, 3:45 pm

ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ് ലയണല്‍ മെസി. മുമ്പ് ബാഴ്‌സ താരമായിരുന്ന അദ്ദേഹം നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിക്ക് വേണ്ടിയാണ് ബൂട്ട് കെട്ടുന്നത്.

ബാഴ്‌സയില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ മെസിയുടെ അടുത്ത സുഹൃത്തായിരുന്നു ഡാനി ആല്‍വസ്. ബ്രസീലിയന്‍ താരമായ അദ്ദേഹമാണ് ക്ലബ്ബ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ നേടിയിട്ടുള്ളത്. എന്നാല്‍ ലയണല്‍ മെസി തൊട്ടുപിന്നാലെയുണ്ട്.

43 ട്രോഫികളാണ് ആല്‍വസ് വിവിധ ക്ലബ്ബുകളിലായി കരിയറില്‍ സ്വന്തമാക്കിയത്. തൊട്ടുപിന്നാലെയുള്ള മെസിക്ക് 41 ട്രോഫികളുണ്ട്. നിലവില്‍ മെക്‌സിക്കന്‍ ക്ലബ്ബായ പുമാസ് ഉനാമിന് വേണ്ടിയാണ് ആല്‍വസ് കളിക്കുന്നത്.

നിലവില്‍ 39 വയസുള്ള ആല്‍വസ് ഭാവിയെ കുറിച്ച് സംസാരിക്കുമ്പോള്‍ തനിക്ക് ഇനിയും പലതും തെളിയിക്കാനുണ്ടെന്നാണ് പറയുന്നത്. മെക്‌സിക്കോയില്‍ മികച്ച ഒരു ടീം തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിരമിക്കലിനെ കുറിച്ച് ചോദിച്ചപ്പോള്‍ മെസി തന്നെ ട്രോഫിയുടെ എണ്ണത്തില്‍ മറി കടക്കുകയാണെങ്കില്‍ 50 വയസുവരെ താന്‍ കളിക്കുമെന്നും അദ്ദേഹത്തെ മറികടക്കുമെന്നും ആല്‍വസ് തമാശ രുപേണ പറഞ്ഞു.

‘ആദ്യം, എന്തെങ്കിലും അഭ്യര്‍ത്ഥിക്കുന്നതിന് മുമ്പ്, മികച്ച പ്രകടനം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കഴിവ് തെളിയിക്കാന്‍ എനിക്ക് ഒരു വര്‍ഷമുണ്ട്. എനിക്ക് ഇപ്പോഴും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് ഞാന്‍ അവരെ കാണിക്കേണ്ടതുണ്ട്. ഒരുമിച്ച് നമുക്ക് മെക്‌സിക്കോയില്‍ മികച്ച രസകരമായ ഒരു ടീമിനെ സൃഷ്ടിക്കാന്‍ കഴിയും. ഇവിടെ വ്യത്യസ്തമായ രീതിയില്‍ എല്ലാവരും കളിക്കുന്നു, യുവാക്കള്‍ ഒരു പടി മുന്നോട്ട് വെക്കാന്‍ തയ്യാറായി വരുന്നുണ്ട്.

എല്ലായ്പ്പോഴും അജ്ഞാതമായതിനാല്‍ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നെ മുമ്പോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ജീവിത്തെ അനുവദിച്ചു. ട്രോഫിയുടെ എണ്ണത്തില്‍ മെസി എന്നെ മറികടന്നാല്‍ , 50 വയസ് വരെ ഞാന്‍ ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കും,’ ആല്‍വസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Dani Alves says He will play for 50 years if Messi Broke His record