ഫുട്‌ബോൾ ലോകത്തെ രണ്ട് ഇതിഹാസ താരങ്ങളാണ് ഗോൾ മെഷീനുകളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ക്യാമ്പ് നൗവിൽ കറ്റാലൻ വമ്പൻമാരുടെ ചാലകശക്തിയായി അർജന്റീനിയൻ താരം മെസ്സി പ്രവർത്തിച്ചപ്പോൾ, പോർച്ചുഗൽ ക്യാപ്റ്റൻ റൊണാൾഡോ ഏതാണ്ട് ഒരു ദശാബ്ദത്തോളം റയൽ മാഡ്രിഡിന്റെ ഗോൾ മെഷീനായി തുടർന്നു. പോർച്ചുഗലിന്റെ ഇതിഹാസം അഞ്ച് തവണ ബാലൻ ഡി ഓർ നേടിയപ്പോൾ മിശിഹ ഏഴുതവണയാണ് പുരസ്‌കാരം തന്റെ പേരിലാക്കിയത്.
ബാലൻ ഡി ഓർ അവാർഡിനെക്കുറിച്ച് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ബാഴസലോണ താരം ഡാനി ആൽവ്‌സ്. അവാർഡ് ദാന ചടങ്ങിനിടെ റൊണാൾഡോയുമായി തനിക്ക് വഴക്കുണ്ടായതായാണ് ഡാനി ആൽവ്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്. ഡ്രെസിങ് റൂമിൽ വെച്ച് താൻ എല്ലാവരെയും അഭിവാദ്യം ചെയ്തിരുന്നെന്നും എന്നാൽ റൊണാൾഡോയെ അഭിവാദ്യം ചെയ്തപ്പോൾ അയാൾ തന്നോട് തിരിച്ചൊന്നും മിണ്ടിയില്ലെന്നുമാണ് ഡാനി പറഞ്ഞത്. റൊണാൾഡോ ബാലൻ ഡി ഓർ പുരസ്കാര ജേതാവായിരിക്കുന്ന സമയമാണത്.
ബാഴ്സ-റയൽ മാഡ്രിഡ് മത്സരം നടക്കുന്നുമുണ്ട്. ഡ്രെസിങ് റൂമിൽ വെച്ച് ഞാൻ എല്ലാവരെയും അഭിവാദ്യം ചെയ്തിരിക്കുന്നു. എന്നാൽ അദ്ദേഹം എന്നോടൊന്നും മിണ്ടാൻ കൂട്ടാക്കിയില്ല. ഞങ്ങൾക്കെതിരായിട്ട് മത്സരിക്കുന്നത് കൊണ്ടാണോ അതെന്നെനിക്കറിയില്ല. എന്നാൽ കഠിനാധ്വാനത്തിന്റെയും തീവ്ര പരിശ്രമത്തിന്റെയും ഫലമായി അദ്ദേഹം ഒരു പുരസ്കാരം നേടിയപ്പോൾ എങ്ങനെ അഭിനന്ദിക്കാതിരിക്കും എന്നോർത്താണ് ഞാനങ്ങനെ ചെയ്തത്, ഡാലി ആൽവ്സ് പറഞ്ഞു.
അതേസമയം 2022ലെ ബാലൻ ഡി ഓർ പുരസ്കാരം ലയണൽ മെസി നേടുമെന്നും ഡാനി കൂട്ടിച്ചേർത്തു. ഇപ്പോൾ പാരിസ് സെന്റ് ഷെർമാങ്ങിൽ കളിക്കുന്ന താരം ജന്മനാ വളരെയധികം കഴിവുള്ളയാളാണെന്നും ഫുട്ബോളിൽ തനിക്ക് മാത്രം എത്തിപ്പെടാൻ കഴിയുന്ന ലോകത്ത് ജീവിക്കുന്ന ആളാണെന്നുമാണ് ഡാനി പറഞ്ഞത്. കഴിഞ്ഞ ദിവസം ഹോണ്ടുറാസിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അർജന്റീന ജയിച്ചത്. അതിൽ രണ്ട് ഗോളും മെസിയുടെ ബൂട്ടിൽ നിന്നായിരുന്നു.
അർജന്റീനക്ക് പുറമെ പി.എസ്.ജിയിലും മികച്ച ഫോമിലാണ് അദ്ദേഹം തുടരുന്നത്. ടീമിന് വേണ്ടി കഠിന പ്രയത്‌നം നടത്തുന്ന റൊണാൾഡോക്ക് ചെക്ക് റിപ്പബ്ലിക്കുമായി നടന്ന മത്സരത്തിൽ ഗോളൊന്നും നേടാനായില്ല. 4-0ന് പറങ്കിപ്പട ജയിച്ചെങ്കിലും താരത്തിന് ഒരിക്കൽ പോലും വല കുലുക്കാനായില്ല. മത്സരത്തിനിടയിൽ റൊണാൾഡോയുടെ മൂക്കിന് ഗുരുതരമായി പരിക്കേൽക്കുകയും അത് വകവെക്കാതെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വീണ്ടും കളി തുടർന്നത് സോഷ്യൽ മീഡിയയിൽ തരംഗം സൃ്ഷ്ടിച്ചിരുന്നു. താരത്തിന് പണത്തോടല്ല ഫുട്‌ബോളിനോടാണ് കൊതിയെന്നും പരിക്കേറ്റെങ്കിലും കൂടൂതൽ ശക്തിയോടെ തിരിച്ചു വരുമെന്നുമാണ് ആരാധകർ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
CONTENT HIGHLIGHTS: Dani Alves Says congratulated cristiano ronaldo during the Ballon d’Or ceremony and did not say anything back