ഫുട്‌ബോൾ ലോകത്തെ രണ്ട് ഇതിഹാസ താരങ്ങളാണ് ഗോൾ മെഷീനുകളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ക്യാമ്പ് നൗവിൽ കറ്റാലൻ വമ്പൻമാരുടെ ചാലകശക്തിയായി അർജന്റീനിയൻ താരം മെസ്സി പ്രവർത്തിച്ചപ്പോൾ, പോർച്ചുഗൽ ക്യാപ്റ്റൻ റൊണാൾഡോ ഏതാണ്ട് ഒരു ദശാബ്ദത്തോളം റയൽ മാഡ്രിഡിന്റെ ഗോൾ മെഷീനായി തുടർന്നു. പോർച്ചുഗലിന്റെ ഇതിഹാസം അഞ്ച് തവണ ബാലൻ ഡി ഓർ നേടിയപ്പോൾ മിശിഹ ഏഴുതവണയാണ് പുരസ്‌കാരം തന്റെ പേരിലാക്കിയത്.
ബാലൻ ഡി ഓർ അവാർഡിനെക്കുറിച്ച് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ബാഴസലോണ താരം ഡാനി ആൽവ്‌സ്. അവാർഡ് ദാന ചടങ്ങിനിടെ റൊണാൾഡോയുമായി തനിക്ക് വഴക്കുണ്ടായതായാണ് ഡാനി ആൽവ്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്. ഡ്രെസിങ് റൂമിൽ വെച്ച് താൻ എല്ലാവരെയും അഭിവാദ്യം ചെയ്തിരുന്നെന്നും എന്നാൽ റൊണാൾഡോയെ അഭിവാദ്യം ചെയ്തപ്പോൾ അയാൾ തന്നോട് തിരിച്ചൊന്നും മിണ്ടിയില്ലെന്നുമാണ് ഡാനി പറഞ്ഞത്. റൊണാൾഡോ ബാലൻ ഡി ഓർ പുരസ്കാര ജേതാവായിരിക്കുന്ന സമയമാണത്.
ബാഴ്സ-റയൽ മാഡ്രിഡ് മത്സരം നടക്കുന്നുമുണ്ട്. ഡ്രെസിങ് റൂമിൽ വെച്ച് ഞാൻ എല്ലാവരെയും അഭിവാദ്യം ചെയ്തിരിക്കുന്നു. എന്നാൽ അദ്ദേഹം എന്നോടൊന്നും മിണ്ടാൻ കൂട്ടാക്കിയില്ല. ഞങ്ങൾക്കെതിരായിട്ട് മത്സരിക്കുന്നത് കൊണ്ടാണോ അതെന്നെനിക്കറിയില്ല. എന്നാൽ കഠിനാധ്വാനത്തിന്റെയും തീവ്ര പരിശ്രമത്തിന്റെയും ഫലമായി അദ്ദേഹം ഒരു പുരസ്കാരം നേടിയപ്പോൾ എങ്ങനെ അഭിനന്ദിക്കാതിരിക്കും എന്നോർത്താണ് ഞാനങ്ങനെ ചെയ്തത്, ഡാലി ആൽവ്സ് പറഞ്ഞു.