| Wednesday, 25th November 2020, 12:09 pm

ഈ സൗന്ദര്യത്തിന് പിന്നില്‍ പതിയിരിക്കുന്ന ഒരു അപകടമുണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്തുള്ള ആവളപ്പാണ്ടിയില്‍ ജലസ്രാതസ്സുകളില്‍ പടര്‍ന്നുനില്‍ക്കുന്ന പിങ്ക് നിറത്തിലുള്ള പൂക്കളുടെ കാഴ്ച കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളിലും പത്രങ്ങളിലുമെല്ലാം നിറഞ്ഞുനിന്നിരുന്നു. ഏറെ ഭംഗിയുള്ള കാഴ്ച എന്ന നിലയിലാണ് ഈ ചിത്രങ്ങള്‍ ആഘോഷിക്കപ്പെട്ടത്. അതോടെ പല ഭാഗങ്ങളില്‍ നിന്നും പ്രദേശത്തേക്ക് സന്ദര്‍കരുമെത്തിത്തുടങ്ങി. എന്നാല്‍ കാഴ്ചയില്‍ മനസ്സിന് കുളിര്‍മയേകുന്ന ഈ പൂക്കള്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ സവിശേഷതകള്‍ കൊണ്ട് വലിയ അപകടകാരികളാണ്.

പടര്‍ന്നു നില്‍ക്കുന്ന ഇലകളും വെളുപ്പും പിങ്കും നിറത്തിലുള്ള പൂക്കളുമായി മനോഹര കാഴ്ചയൊരുക്കി ജലസ്രോതസ്സുകളില്‍ പടര്‍ന്നു പിടിക്കുന്ന ഈ സസ്യത്തിന്റെ പേര് കബോംബ അക്വാട്ടിക്ക എന്നാണ്. ഫാന്‍വോട്ട് പ്ലാന്റ് എന്നും പറയും. മലയാളത്തില്‍ ചിലര്‍ മുള്ളന്‍ പായല്‍ എന്നും വിളിക്കുന്നു. ജലസ്രോതസ്സുകളിലെ സ്വാഭാവിക ജൈവസമ്പത്തിനെ വലിയ രീതിയില്‍ നശിപ്പിക്കുന്ന സസ്യമാണിത്.  പ്രശസ്തമായ ഒരു അക്വാറിയം സസ്യമായ കബോംബ അക്വാട്ടിക്ക വിളിച്ചു വരുത്തുന്ന അപകടങ്ങള്‍ ഒട്ടനവധിയാണെന്ന് സസ്യനിരീക്ഷകരും സാക്ഷ്യപ്പെടുത്തുന്നു.

ശുദ്ധജലത്തിലോ തടാകങ്ങളിലോ നദികളിലോ നേരിയ ജലപ്രവാഹമുള്ള ഇടങ്ങളിലോ ആണ് കബോംബ വളരുന്നത്. അഞ്ചോ പത്തോ ചെടികള്‍ ആയി വളരാന്‍ തുടങ്ങുന്ന കബോംബ പാരിസ്ഥിതികമായി അനുകൂല സാഹചര്യങ്ങള്‍ കിട്ടിയാല്‍ തഴച്ചു വളരാന്‍ തുടങ്ങും. ചിലപ്പോള്‍ വര്‍ഷങ്ങളോളം എടുത്ത് ജലസ്രോതസ്സിനെ മുഴുവനായും മൂടുന്ന രീതിയിലേക്കായിരിക്കും ഇതിന്റെ വളര്‍ച്ച.

ജലസ്രോതസ്സിന്റെ പന്ത്രണ്ട് അടിയോളം താഴ്ചയില്‍ സസ്യം വളരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മറ്റ് ദുര്‍ബല സസ്യങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും അവയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുകയും ചെയ്യുന്ന രീതിയിലേക്കാണ് കബോംബ വളരുക. ഒപ്പം വളരുന്ന ചെടികളെ മാത്രമല്ല, ഈ സസ്യത്തിന്റെ വേരുകളില്‍ മുട്ടയിട്ട് പ്രജനനം നടത്തുന്ന സ്വാഭാവിക മത്സ്യങ്ങളുടെ പ്രജനനം കുറയുന്നതിനും കബോംബയുടെ വളര്‍ച്ച കാരണമാവും. ജലസംഭരണ ശേഷി കുറയ്്ക്കുന്നതിനും ഇത് വഴിയൊരുക്കും. കബോംബയുടെ വെള്ളത്തിനടിയിലുള്ള കാണ്ഢവും ഇലകളും വിനോദ ജല ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.

വളരുന്ന ഘട്ടത്തില്‍ കബോംബ കളയായി അടിഞ്ഞു കൂടി സ്വാഭാവിക ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ജലസ്രോതസ്സിന്റെ ഒഴുക്കിനെ ഇല്ലാതാക്കുകയും ചെയ്യും. ആക്രമണോത്സുകത, വ്യാപനത്തിനുള്ള സാധ്യത, സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങള്‍ എന്നീ സ്വാഭാവങ്ങള്‍ മൂലം ഓസ്‌ട്രേലിയയിലെ ഏറ്റം മോശം സസ്യങ്ങളിലൊന്നായാണ് കബോംബയെ കാണുന്നത്.

ഓസ്‌ട്രേലിയയിലെ കിഴക്കന്‍ തീരങ്ങളില്‍ ഒട്ടനവധി ജലപാതകളെ ഈ കള നശിപ്പിച്ചുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സസ്യങ്ങള്‍ നശിക്കുമ്പോള്‍ ഉണ്ടാകുന്ന വിഘടന പ്രക്രിയ ഓക്‌സിജന്‍ കുറക്കുന്നതിനും ദുര്‍ഗന്ധം വമിക്കുന്നതിനും കാരണമാവും. കേരളത്തില്‍ പമ്പാ നദിയുടെ പല കടവുകളും ഈ കള കാരണം ഉപയോഗശൂന്യമാവുകയും നശിക്കുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more